

കൊച്ചി: വിജയ്‌യെ നായകനാക്കി എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജന നായകൻ' സിനിമയുടെ റിലീസ് പ്രതിസന്ധിയിലെന്ന് റിപ്പോർട്ടുകൾ. ജനുവരി ഒൻപതിന് പൊങ്കൽ റിലീസ് ആയി തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നത് റിലീസിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് അണിയറപ്രവർത്തകർ. വിജയ്‌യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രം എന്ന പ്രത്യേകത കൂടി ഉള്ളതിനാൽ ‘ജന നായകൻ’ ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന വമ്പൻ റിലീസാണ്. അതിനിടെയാണ് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്ക് ശേഷം, ഒരു മാസം മുമ്പ് തന്നെ സെൻസർ സർട്ടിഫിക്കേഷനായി ചിത്രം സമർപ്പിച്ചിരുന്നു. ഡിസംബർ 19ന് സെൻസർ ബോർഡ് അംഗങ്ങൾ ചിത്രം കണ്ട് നിർദേശിച്ച മാറ്റങ്ങൾ വരുത്തുകയും ചെയ്തിരുന്നു. എന്നിട്ടും സർട്ടിഫിക്കറ്റ് നൽകാൻ വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. തിയേറ്റർ വിതരണവും മറ്റ് അനുബന്ധ കാര്യങ്ങളും സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ പൂർത്തിയാക്കാൻ സാധിക്കൂ. റിലീസിന് വെറും മൂന്ന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സർട്ടിഫിക്കറ്റ് ലഭിക്കാത്ത സാഹചര്യത്തിൽ, കോടതിയെ സമീപിക്കാനുള്ള ആലോചനയിലാണ് നിർമാതാക്കൾ എന്നാണ് റിപ്പോർട്ട്.
സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ തമിഴ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നും പ്രതിഷേധം ഉയരുന്നുണ്ട്. സെൻസർ ബോർഡ് ആഴ്ചകൾക്ക് മുമ്പ് തന്നെ ചിത്രത്തിന് 'UA' സർട്ടിഫിക്കറ്റ് ശുപാർശ ചെയ്തിട്ടും ഔദ്യോഗിക ക്ലിയറൻസ് നൽകാത്തത് അദൃശ്യമായ ചില ഇടപെടലുകൾ മൂലമാണോ എന്ന് തമിഴക വെട്രി കഴകം ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സി.ടി.ആർ. നിർമൽ കുമാർ ചോദ്യം ചെയ്തു.
വിജയ്‌ക്ക് പുറമേ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരാണ് സിനിമയിൽ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ ആണ് നിർമാണം. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.
'ജന നായക'ന്റെ ഛായാഗ്രഹണം: സത്യൻ സൂര്യൻ, ആക്ഷൻ: അനൽ അരശ്, ആർട്ട്: വി. സെൽവകുമാർ, എഡിറ്റിങ്: പ്രദീപ് ഇ. രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്‌സ്: അറിവ്, കോസ്റ്റ്യൂം: പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ: ഗോപി പ്രസന്ന, മേക്കപ്പ്: നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ: വീര ശങ്കർ, പിആർഓ: പ്രതീഷ് ശേഖർ.