

ചെന്നൈ: വിജയ് ചിത്രം 'ജന നായകൻ' ഒടുവിൽ തിയേറ്ററുകളിലേക്ക് എത്തുന്നു. സെൻസർ സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ നേരിട്ട ചിത്രം റിലീസിന് ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. മെയ് എട്ടിന് ചിത്രം റിലീസ് ചെയ്തേക്കുമെന്നാണ് സൂചന. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.
വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ വലിയ ആവേശത്തോടെ ആരാധകർ കാത്തിരുന്ന ചിത്രമാണ് 'ജന നായകൻ'. ജനുവരി ഒൻപത് പൊങ്കൽ റിലീസ് ആയാണ് ചിത്രം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, സെൻസർ ബോർഡ് അംഗത്തിന്റെ പരാതിയും തുടർന്നുള്ള നിയമപോരാട്ടവും സിനിമയുടെ റിലീസ് പ്രതിസന്ധിയിലാക്കി. സെൻസർ ബോർഡ് റിവൈസിങ് കമ്മിറ്റി സിനിമ വീണ്ടും കണ്ടുവെങ്കിലും സെൻസർ സർട്ടിഫിക്കറ്റ് ഇതുവരെ നൽകിയിട്ടില്ല. വിജയ് തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാൽ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മാത്രമാകും സർട്ടിഫിക്കറ്റ് നൽകുക എന്നാണ് വിവരം. മെയ് നാലിന് ഫലം വന്നതിന് പിന്നാലെ സിനിമ തിയേറ്ററുകളിൽ എത്തിക്കാനാണ് നിർമതാക്കൾ ശ്രമിക്കുന്നത്.
അതേസമയം, 'ജന നായകന്' തിയേറ്ററുകളിൽ നിന്ന് മികച്ച കളക്ഷൻ നേടിയെടുക്കാൻ സാധിച്ചില്ലെങ്കിൽ വിജയ് വീണ്ടും ഒരു ചിത്രത്തിൽ കൂടി അഭിനയിക്കാനും സാധ്യതയുണ്ട്. ബജറ്റിന് ആനുപാതികമായി കളക്ഷൻ ലഭിക്കാത്ത പക്ഷം ഇതേ നിർമാതാവിന് വിജയ് ഡേറ്റ് നൽകിയേക്കും എന്നാണ് റിപ്പോർട്ടുകൾ.പുതിയ ചിത്രത്തിനായുള്ള കഥ ആലോചിക്കാൻ വിജയ് നിർദേശം നൽകിയതായാണ് പുറത്തുവരുന്ന വിവരം. അന്തിമ കളക്ഷൻ റിപ്പോർട്ട് വന്ന ശേഷമാകും വീണ്ടും അഭിനയിക്കുന്ന കാര്യത്തിൽ വിജയ് തീരുമാനത്തിലെത്തുക.
എച്ച്. വിനോദ് ആണ് 'ജന നായകൻ' സംവിധാനം ചെയ്തിരിക്കുന്നത്. ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ ആണ് 'ജന നായകൻ' നിർമിച്ചിരിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.