ഇതാണോ ദളപതി പടം, തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് അല്ലേ? 'ജന നായകൻ' ട്രെയ്‌ലറിൽ നിരാശരായി ആരാധകർ

റിലീസ് ആയി നിമിഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് പേരാണ് 'ജന നായകൻ' ട്രെയ്‌ലർ കണ്ടത്
'ഭഗവന്ത് കേസരി'യിൽ ബാലയ്യ, 'ജന നായക'നിൽ വിജയ്
'ഭഗവന്ത് കേസരി'യിൽ ബാലയ്യ, 'ജന നായക'നിൽ വിജയ്Source: X
Published on
Updated on

കൊച്ചി: തമിഴ് സൂപ്പർ താരം വിജയ്‌‌യുടെ അവസാന ചിത്രം എന്ന ലേബലിൽ എത്തുന്ന 'ജന നായക'ന്റെ ട്രെയ്‌ലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പൊങ്കൽ റിലീസ് ആയി എത്തുന്ന സിനിമയുടെ മാസ് ട്രെയ്‌ലർ ആണ് അണിയപ്രവർത്തകർ പുറത്തുവിട്ടത്. റിലീസ് ആയി നിമിഷങ്ങൾക്കുള്ളിൽ ലക്ഷക്കണക്കിന് പേരാണ് ഈ ട്രെയ്‌ലർ കണ്ടത്. എന്നാൽ, പിന്നാലെ നിരവധി വിമർശനങ്ങളും ഉയർന്നു.

നന്ദമുരി ബാലകൃഷ്ണ നായകനായ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണ് 'ജന നായകൻ' എന്നാണ് പ്രധാന വിമർശനം. ട്രെയ്‌ലറിലെ പല രംഗങ്ങളും സംഭാഷണങ്ങളും തെലുങ്കിൽ നിന്ന് അതേ പടി ഉപയോഗിച്ചിരിക്കുകയാണെന്നാണ് സൈബർ ഇടങ്ങളിലെ കണ്ടെത്തൽ. നേരത്തെ തന്നെ ഇത്തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ, ഇതെല്ലാം അണിയറപ്രവർത്തകർ തള്ളിക്കളയുകയായിരുന്നു.

മലേഷ്യയിൽ നടന്ന സിനിമയുടെ ഓഡിയോ ലോഞ്ചിൽ ഇത്തരം പ്രചാരണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് സംവിധായൻ എച്ച്. വിനോദ് തന്നെ പറഞ്ഞിരുന്നു. "ജന നായകൻ സിനിമ എങ്ങനെയായിരിക്കും എന്ന് നിരവധി പേർക്ക് സംശയങ്ങളുണ്ട്. ജന നായകൻ റീമേക്ക് ആണെന്നും അതെങ്ങനെ വരുമെന്ന് സംശയിച്ച് ഒരു കൂട്ടം. അല്ല, കുറച്ച് മാത്രമാണ് റീമേക്ക്, ബാക്കി പുതിയതാണെന്നും ആശയക്കുഴപ്പമുണ്ടാക്കുന്ന വേറൊരു കൂട്ടർ. ജന നായകന് ഹൈപ്പ് കുറവാണല്ലോ ക്ലാഷ് വച്ചാൽ സിനിമയെ അടിച്ചിടാം എന്നൊക്കെയാണ് ഇവർ വിചാരിക്കുന്നത്. ഇവരോടൊക്കെ ഞാൻ പറയാൻ ആഗ്രഹിക്കുന്നതിതാണ്, അയ്യാ ഇത് ദളപതി പടം," എന്നാണ് സംവിധായകൻ പറഞ്ഞത്. സിനിമ നൂറ് ശതമാനം എന്റർടെയ്‌നർ ആയിരിക്കുമെന്നും ആടിപ്പാടാനും ചിന്തിക്കാനുമുള്ള കാര്യങ്ങൾ സിനിമയിലുണ്ടാകുമെന്നുമാണ് സംവിധായകൻ ഉറപ്പുനൽകിയത്. എന്നാൽ, ട്രെയ്‌ലറിലെ വിഷ്വലുകളും ഡയലോഗുകളും ഈ വാദങ്ങൾക്ക് നേർവിപരീതമാണ്.

'ഭഗവന്ത് കേസരി'യിൽ ബാലയ്യ, 'ജന നായക'നിൽ വിജയ്
"വാടിവാസൽ വരും, തമിഴരുടെ അടയാളമാകും"; സൂര്യ-വെട്രിമാരൻ ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് നിർമാതാവ്

നന്ദമൂരി ബാലകൃഷ്ണ നായകനായ 'ഭഗവന്ത് കേസരി' 2023ൽ ആണ് റിലീസ് ആയത്. അനിൽ രവിപുടി രചനയും സംവിധാനവും നിർവഹിച്ച ചിത്രം 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള പുരസ്കാരം നേടിയിരുന്നു. നെലകൊണ്ട ഭഗവന്ത് കേസരി എന്ന കഥാപാത്രമായാണ് സിനിമയിൽ നന്ദമുരി ബാലകൃഷ്ണ എത്തിയത്. ശ്രീലീല, കാജൾ അഗർവാൾ എന്നിവരായിരുന്നു മറ്റ് താരങ്ങൾ.

2026 ജനുവരി ഒൻപതിന് പൊങ്കൽ റിലീസ് ആയാണ് 'ജന നായകൻ' തിയേറ്ററുകളിലേക്ക് എത്തുന്നത്. വിജയ്‌ക്കൊപ്പം ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരും എത്തും. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ ബാനറിൽ 'ജന നായകൻ' നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com