'കളങ്കാവൽ' ലൊക്കേഷനിൽ വിനായകനും മമ്മൂട്ടിയും
'കളങ്കാവൽ' ലൊക്കേഷനിൽ വിനായകനും മമ്മൂട്ടിയുംSource: Facebook / Mammootty Kampany

മമ്മൂക്കയുടെ കൂടെ ജോലി ചെയ്യാൻ ഭയങ്കര ഈസിയാണ്, പുറത്ത് ആളുകൾ പറയുന്ന പോലെയല്ല: വിനായകൻ

വിനായകന്‍- മമ്മൂട്ടി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'കളങ്കാവൽ' ഡിസംബർ ആദ്യ വാരം തിയേറ്ററിൽ എത്തും
Published on

കൊച്ചി: സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് 'കളങ്കാവല്‍'. വിനായകന്‍- മമ്മൂട്ടി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമ ഡിസംബർ അഞ്ചിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. റിലീസിന് മുന്നോടിയായി, പ്രൊമോഷന്റെ ഭാഗമായി, സിനിമയിലെ താരങ്ങളുമായുള്ള അഭിമുഖങ്ങള്‍ പുറത്തുവിടുകയാണ് നിർമാതാക്കളായ മമ്മൂട്ടി കമ്പനി. വിനായകനാണ് ആദ്യമായി സിനിമാ വിശേഷങ്ങൾ പങ്കുവയ്ക്കുന്നത്.

'കളങ്കാവൽ' തിരക്കഥയിൽ കേന്ദ്രീകരിക്കുന്ന ഒരു കുറ്റാന്വേഷണ കഥയാണ് എന്നാണ് വിനായകൻ പറയുന്നത്. "പ്രധാന കഥപാത്രങ്ങൾ ആകുന്നത് ഞാനും മമ്മൂക്കയുമാണ്. അത് സിനിമയിലെ ഏറ്റവും വലിയ ഒരു ഭാഗ്യം തന്നെയാണ്. വിനായകനെ വച്ച് ഈ കഥാപാത്രം ചെയ്യിക്കാൻ മമ്മൂക്ക തന്നെ പറഞ്ഞതും ഈ ജന്മത്തിലെ ഭാഗ്യമായി കരുതുന്നു," വിനായകൻ പറഞ്ഞു.

'കളങ്കാവൽ' ലൊക്കേഷനിൽ വിനായകനും മമ്മൂട്ടിയും
'ക്രോണിക്കിൾസ് ഓഫ് കുര്യച്ചൻ' ഏറ്റെടുത്ത് പ്രേക്ഷകർ; രണ്ടാം വാരം 'എക്കോ' കൂടുതൽ തിയേറ്ററുകളിലേക്ക്

വ്യത്യസ്ത ധ്രുവങ്ങളിൽ നിൽക്കുന്ന, എന്നാൽ പല സമാനതകളും ളള്ളവരാണ് ചിത്രത്തിലെ തന്റെയും മമ്മൂട്ടിയുടെയും കഥാപാത്രങ്ങൾ എന്ന സൂചനയും വിനായകൻ തരുന്നു.

"രണ്ട് കഥാപാത്രങ്ങളുടെയും സ്വഭാവം ഏറെക്കുറെ ഒന്ന് തന്നെയാണ്. മമ്മൂക്ക ചെയ്യുന്ന കഥാപാത്രത്തിന് അയാളുടേതായ സത്യങ്ങളുണ്ട്. അതുപോലെ ഞാൻ ചെയ്യുന്ന കഥാപാത്രത്തിനും. പക്ഷേ ഞാൻ സിസ്റ്റത്തിന്റെ ആളാണ്. സ്വാതന്ത്ര്യത്തിന്റെ തീവ്രമായ വ്യതിചലനമാണ് മമ്മൂക്കയുടെ കഥാപാത്രം," വിനായകൻ കഥാപാത്രങ്ങളെ വിശകലനം ചെയ്യുന്നത് ഇങ്ങനെയാണ്. എന്നാൽ ആരാണ് വില്ലൻ, ആരാണ് നായകൻ എന്ന സസ്പെൻസ് അഭിമുഖത്തിൽ ഉടനീളം നടൻ സൂക്ഷിക്കുന്നു.

'കളങ്കാവൽ' ലൊക്കേഷനിൽ വിനായകനും മമ്മൂട്ടിയും
'കാട്ടാളനി'ലൂടെ മോളിവുഡിൽ അരങ്ങേറ്റത്തിനൊരുങ്ങി ദുഷാര വിജയൻ

മമ്മൂട്ടിയുടെ കൂടെ ജോലി ചെയ്യാൻ ഭയങ്കര എളുപ്പമാണെന്നാണ് അഭിമുഖത്തിൽ വിനായകൻ അഭിപ്രായപ്പെടുന്നത്. പുറത്ത് ആളുകൾ പറയുന്ന പോലെയല്ല. "അദ്ദേഹവുമായി പടം ചെയ്യാൻ ഭയങ്കര എളുപ്പമാണ്. സീനിയർ മാൻ.. സൂപ്പർ സീനിയർ' ," എന്നാണ് വിനായകന്റെ വാക്കുകൾ.

സംഭാഷണങ്ങളുടെ ഭാഗത്ത് മമ്മൂട്ടി സഹായിച്ചിരുന്നതായും വിനായകൻ പറഞ്ഞു. "സാറ് വരുന്നതിന് മുൻപ് ബോഡി ലാംഗ്വേജ് ഞാൻ പിടിച്ചിട്ടുണ്ടായിരുന്നു. പക്ഷേ ഡയലോഗിൽ സാറ് വന്നതിന് ശേഷം എനിക്ക് കുറേ ഗുണങ്ങളുണ്ടായി. സാറ് ഇത് ചെയ്ത് പരിചയസമ്പന്നനാണല്ലോ. 'അത്രയൊന്നും പറയണ്ട, അല്ലെങ്കിൽ ഇത്ര പറയണം' എന്നൊക്കെ പറയും. അതൊക്കെ എനിക്ക് ഭയങ്കര ഗുണമായി. ഡയലോഗ് പറയുന്നതിന് അദ്ദേഹം എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്," വിനായകൻ പറഞ്ഞു.

മുൻ സിനിമകളിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് സംവിധായകൻ ജിതിൻ കെ ജോസ് ഈ സിനിമയിൽ തന്നെ അവതരിപ്പിച്ചിരിക്കുന്നത് എന്നും വിനായകൻ പറഞ്ഞു. "വിനായകന്റെ കയ്യും കാലുമൊക്കെ കെട്ടിക്കളഞ്ഞു ജിതിൻ. 'അങ്ങനെയൊന്നും ചെയ്യണ്ട ചേട്ടാ, ഞങ്ങൾ പറയുന്നത് പോലെ ചെയ്താൽ മതി' എന്നാണ് പറയുക. കയ്യും കാലുമൊക്കെ കെട്ടി കളഞ്ഞു ജിതിൻ. എന്റെ കഥാപാത്രത്തെ ലൗഡ് ആക്കിയിട്ടില്ലെന്നാണ് വിശ്വാസം. എനിക്ക് ലൗഡ് ആയിട്ട് അഭിനയിക്കാൻ ഭയങ്കര എളുപ്പമാണ്. എല്ലാവർക്കും. പിടിച്ചു നിർത്തി അഭിനയിക്കാൻ ഇത്തിരി പ്രയാസമാണ്. അങ്ങനെ ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം," വിനായകൻ കൂട്ടിച്ചേർത്തു.

ജിഷ്ണു ശ്രീകുമാറും ജിതിന്‍ കെ ജോസും ചേര്‍ന്നാണ് 'കളങ്കാവൽ' തിരക്കഥ രചിച്ചിരിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം 'കുറുപ്പി'ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിന്‍ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മമ്മൂട്ടി കമ്പനി ആണ് നിർമാണം. കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത് വേഫറര്‍ ഫിലിംസും.

News Malayalam 24x7
newsmalayalam.com