
ബോളിവുഡിനെ വീണ്ടും വിമര്‍ശിച്ച് സംവിധായകന്‍ വിവേക് അഗ്നിഹോത്രി. സിനിമയിലെ പുതിയ പ്രതിഭകളുടെ അഭാവം, സ്റ്റാര്‍ കിഡ്‌സിന്റെ അമിതമായ അഭിനിവേശം എന്നതിനെ കുറിച്ച് വിവേക് സംസാരിച്ചു. സിദ്ധാര്‍ത്ഥ് കണ്ണനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"സിനിമാ മേഖലയിലേക്ക് പുതിയ പ്രതിഭകള്‍ കടന്നുവരാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഒരു സാധാരണക്കാരന് ഇപ്പോള്‍ സിനിമയിലേക്ക് കടന്നുവരാന്‍ ആകില്ല. ഷാരൂഖ് ഖാന്‍ ഇന്ന് വന്നാല്‍, അദ്ദേഹത്തിന് ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയില്ലെങ്കിലോ ഒരു ഉന്നത പശ്ചാത്തലത്തില്‍ പെട്ടയാളാണെങ്കിലോ, അദ്ദേഹം എങ്ങനെ ഒരു സ്റ്റുഡിയോയില്‍ പ്രവേശിക്കും? ഇന്‍സ്റ്റാഗ്രാമില്‍ ഇത്രയധികം ഫോളോവേഴ്സ് ഉണ്ടായിരിക്കുക എന്നതാണ് നിങ്ങളുടെ മാനദണ്ഡമെങ്കില്‍, അതിന്റെ അടിസ്ഥാനത്തില്‍ നിങ്ങളുടെ അഭിനയം വിലയിരുത്തപ്പെടുകയാണെങ്കില്‍, കാണ്‍പൂരില്‍ നിന്നോ ഝാന്‍സിയില്‍ നിന്നോ വിശാഖപട്ടണത്തില്‍ നിന്നോ ഉള്ള ഒരാള്‍ എങ്ങനെയായിരിക്കും സിനിമയിലെത്തുക? അപ്പോള്‍ എന്താണ് സംഭവിക്കുന്നത്, അവര്‍ സിനിമാ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളെ എടുക്കുന്നു. കൂടാതെ, താരങ്ങളുടെ കുട്ടികള്‍ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് ആകാന്‍ ആഗ്രഹിക്കുന്നു, ഇന്‍ഫ്‌ളുവന്‍സേഴ്‌സ് താരങ്ങളാകാന്‍ ആഗ്രഹിക്കുന്നു", വിവേക് അഗ്നിഹോത്രി പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ താരങ്ങളുടെ കുട്ടികളെ അമിതമായി കാണാന്‍ സാധിക്കുന്നു. അവര്‍ എന്ത് ധരിക്കുന്നു, കഴിക്കുന്നു, കുടിക്കുന്നു, എങ്ങനെ വ്യായാമം ചെയ്യുന്നു എന്നൊക്കെ നിരന്തരം കാണിക്കുന്നു. അത് ഒരു പ്രത്യേക കഥാപാത്രമായി അവരെ സങ്കല്‍പ്പിക്കുന്നതില്‍ പ്രേക്ഷകന് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എഴുത്തുകാര്‍ക്ക് നല്‍കുന്ന പ്രാധാന്യം കുറയുന്നത് ഹിന്ദി സിനിമകളുടെ ഗുണനിലവാര തകര്‍ച്ചയിലേക്ക് നയിക്കുന്നുവെന്നും അദ്ദേഹം പരാമര്‍ശിച്ചു. "എഴുത്തുകാര്‍ക്ക് ഇപ്പോള്‍ ഒരു വിലയുമില്ല. താരങ്ങളും സ്റ്റുഡിയോകളും അവരുടെ മൂല്യം കവര്‍ന്നെടുക്കുകയാണ്. അവര്‍ ഇപ്പോള്‍ ഒരു കൂട്ടുകെട്ട് നിര്‍മിച്ചിരിക്കുകയാണ്. അവര്‍ക്ക് പ്രധാനം സംഖ്യ മാത്രമാണ്. അതിനായി അവര്‍ക്ക് താരങ്ങള്‍ വേണം, ഏത് തരത്തിലുള്ള താരങ്ങളും. എഴുത്തുകാരന് 10 രൂപ ലഭിക്കുമ്പോള്‍ താരങ്ങള്‍ക്ക് 10,000 രൂപ ലഭിക്കുന്നു", എന്നും വിവേക് അഗ്നിഹോത്രി കൂട്ടിച്ചേര്‍ത്തു.
ദി ബംഗാള്‍ ഫയല്‍സാണ് വരാനിരിക്കുന്ന വിവേക് അഗ്നിഹോത്രി ചിത്രം. വിവാദവും വിജയവുമായ ദി കശ്മീര്‍ ഫയല്‍സിന് ശേഷം അദ്ദേഹം ഒരുക്കുന്ന ചിത്രമാണിത്. മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, പല്ലവി ജോഷി, ദര്‍ശന്‍ കുമാര്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.