ഫിലിം പോളിസി കോണ്‍ക്ലേവ് കേരള സര്‍ക്കാരിന്റെ മികച്ച സംരംഭമാണെന്ന് സംവിധായികയും ഡബ്ല്യുസിസി അംഗവുമായ അഞ്ജലി മേനോന്‍. മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ പ്രതിരോധങ്ങളും ശക്തമായി തന്നെ ഉണ്ടാകുമെന്നും അഞ്ജലി പറഞ്ഞു. ദ ന്യൂ ഇന്ത്യന്‍ എക്‌സ്‌പ്രെസിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി ഇതേ കുറിച്ച് സംസാരിച്ചത്.
"സിനിമാ മേഖലയിലെ പലരും ഉന്നയിക്കുന്ന നിരവധി ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നു. 75-ലധികം സംഘടനകളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതിനും പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനുമായി അവരുമായി കൂടിയാലോചനകള്‍ നടത്തിയിട്ടുണ്ട്. അത്തരമൊരു ഇടം സൃഷ്ടിക്കുന്നത് തന്നെ മികച്ച ഒരു സംരംഭമാണ്", അഞ്ജലി മേനോന്‍ പറഞ്ഞു.
നാളിതുവരെ ഡബ്ല്യുസിസി നടത്തിയ പ്രവര്‍ത്തനങ്ങളെ കുറിച്ചും പഠനങ്ങളെ കുറിച്ചും അഞ്ജലി സംസാരിച്ചു. "ഡബ്ല്യുസിസി വ്യസ്യസ്ത റിപ്പോര്‍ട്ടുകള്‍, വിധി ന്യായങ്ങള്‍, പോഷ് ആക്ട്, അവയുടെ പ്രായോഗിക നിര്‍വഹണം എന്നിവയെ കുറിച്ചെല്ലാം ധാരാളം ഗവേഷണം നടത്തി. അതിനുള്ള പ്രശ്‌നങ്ങള്‍ തിരിച്ചറിയുകയും ഉചിതമായ പരിഹാരങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ജപ്പാന്‍, ദക്ഷിണ കൊറിയ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, യുതെ തുടങ്ങിയ സ്ഥലങ്ങളില്‍ വനിതാ ഗ്രൂപ്പുകളും അക്കാദമീഷ്യന്‍മാര്‍ എന്നിവര്‍ സ്ിനിമാ വ്യവസായത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ പരിഹാരങ്ങളും നിര്‍ദേശിക്കപ്പെട്ടു", അവര്‍ പറയുന്നു.
"ലോകമെമ്പാടുമുള്ള സിനിമാ മേഖലകളിലെ സ്ത്രീകള്‍ അധികാര ചൂഷണം, അഴിമതി, ലൈംഗിക പീഡനം, പരാതികള്‍ പരിഹരിക്കാന്‍ ഇടമില്ലായ്മ എന്നീ പൊതുവായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. അതുകൊണ്ടാണ് പരിഹാരങ്ങളും സമാനമായിരിക്കേണ്ടത്. ഇത് ആദ്യമായാണ് ഒരു വ്യവസ്ഥാപിത രീതിയില്‍ ഈ പ്രശ്‌നങ്ങളെ സമീപിക്കുന്നത്. എല്ലാ സംഘടനകള്‍ക്കും കോണ്‍ക്ലേവില്‍ തുല്യ ഇടം നല്‍കിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഡബ്ല്യുസിസിക്ക് ഇതാദ്യമായാണ് അല്ലാത്ത പക്ഷം വ്യവസായ ചര്‍ച്ചകളില്‍ ഡബ്ല്യുസിസിയെ വളരെ അപൂര്‍വമായെ ഉള്‍പ്പെടുത്താറുള്ളൂ", എന്നും സംവിധായിക വ്യക്തമാക്കി.
ഈ പ്രവര്‍ത്തനങ്ങളിലൂടെയെല്ലാം അവബോധം ആളുകളിലേക്ക് പതുക്കെ കടന്നുവരുന്നുണ്ടെന്നും മുന്‍പ് അതിന്റെ ആവശ്യകത അവര്‍ക്ക് മനസിലായിരുന്നില്ലെന്നും അഞ്ജലി പറഞ്ഞു. അതോടൊപ്പം മാറ്റം സംഭവിക്കുമ്പോള്‍ ധാരാളം പ്രതിരോധങ്ങള്‍ ഉയര്‍ന്നുവരുമെന്നത് ഉറപ്പാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കേരളത്തിലെ സിനിമാ മേഖല മാറ്റത്തിന് തയ്യാറാകുന്നുണ്ടെന്ന തരത്തിലും അഞ്ജലി സംസാരിച്ചു. "കേരളത്തിലുള്ളതിനേക്കാള്‍ വളരെ മോശമായ സിനിമാ വ്യവസായങ്ങളുണ്ട്. അവിടെ ആളുകള്‍ക്ക് സംസാരിക്കാന്‍ പോലും ഇടമില്ല. അതേസമയം ഇന്ത്യയില്‍ മികച്ച വ്യവസായങ്ങളുമുണ്ട്. ആഭ്യന്തര കമ്മിറ്റികള്‍ രൂപീകരിക്കുന്ന പോലുള്ള കാര്യങ്ങള്‍ ചെയ്യാന്‍ പുതിയ നിര്‍മാതാക്കള്‍ തയ്യാറാകുമ്പോള്‍ നമുക്ക് ശുഭാപ്തിവിശ്വാസം തോന്നുന്നുണ്ട്", അവര്‍ പറഞ്ഞു.
മലയാള സിനിമാ വ്യവസായം മികച്ച തൊഴില്‍ സാഹചര്യങ്ങള്‍ നല്‍കിയിട്ടും ഡബ്ല്യുസിസിയും ഹേമ കമ്മിറ്റിയും അനാവശ്യമായി വ്യവസായത്തെ മോശമായി ചിത്രീകരിക്കുകയാണെന്ന വിമര്‍ശനത്തിനും അഞ്ജലി മറുപടി പറഞ്ഞു. "അങ്ങനെയാണെങ്കില്‍ എന്തുകൊണ്ട് ഇത്രയധികം ആളുകള്‍ തുറന്ന വേദികളില്‍ പരാതിപ്പെടുകയും ഡബ്ല്യുസിസിയില്‍ വിഷയങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു? ഇത് സ്ത്രീകളുടെ മാത്രം പ്രശ്‌നമല്ല, മറിച്ച് തൊഴില്‍ പ്രശ്‌നമാണ്. ഇതൊരു സര്‍ഗാത്മക മേഖലയാണ്. ആഖ്യാനങ്ങള്‍ സൃഷ്ടിക്കുന്നത് ജോലിയുടെ ഭാഗമാണ്. പ്രതിരോധങ്ങള്‍ പല രൂപത്തിലും വരുന്നു. ചിലര്‍ നേരിട്ട് ഇല്ലെന്ന് പറയുന്നു. മറ്റു ചിലര്‍ നമ്മുടെ പ്രസ്ഥാനത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു. മറ്റു ചിലര്‍ പൂര്‍ണമായും അവഗണിച്ചോ ആഖ്യാനം നിര്‍മിച്ചുകൊണ്ടോ എതിര്‍ക്കുന്നു. അത്തരം എല്ലാ ആഖ്യാനങ്ങളെയും നമ്മള്‍ എതിര്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഒരു അതിജീവിത മുന്നോട്ട് വരുമ്പോള്‍ നിലവിലുള്ള സംവിധാനം അവര്‍ക്ക് അത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അവര്‍ പേരില്ലാത്ത, മുഖമില്ലാത്ത ഒരു വ്യക്തിയായി തുടരുന്നു. സ്വന്തം കാഴ്ച്ചപ്പാടുകള്‍ അവതരിപ്പിക്കാന്‍ കഴിയാതെ. അവരുടെ ആഖ്യാനം ഇല്ലാതാക്കപ്പെടുന്നു. എന്നാല്‍ മറ്റെല്ലാവര്‍ക്കും ആഖ്യാനം ലഭിക്കുന്നു. അതിജീവിച്ചവര്‍ക്ക് പറയാനുള്ളത് വളരെ കാലമായി നമ്മള്‍ കാണുന്നില്ല. അവരുടെ ആഖ്യാനത്തെ സജീവമായി നിലനിര്‍ത്തുക എന്നതാണ് ഡബ്ല്യുസിസിയുടെ ഏറ്റവും വലിയ സംഭാവന. അതിജീവിത എന്ന വാക്ക് പോലും അതിന് മുന്‍പ് ഇര എന്നായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ വന്ന മാറ്റമാണിത്. അവരെ ഇര എന്നല്ല അതിജീവിത എന്നാണ വിളിക്കേണ്ടതെന്ന് വലിയൊരു മാറ്റമാണെന്നും", അവര്‍ കൂട്ടിച്ചേര്‍ത്തു.