
ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം വന്നപ്പോൾ, കഴിഞ്ഞ കുറേ വർഷങ്ങളായുള്ള ഞെട്ടലുകൾ ഇല്ല. ഇതിന് ദേശീയ അവാർഡോ? എന്ന ചോദ്യമില്ല. അവാർഡുകൾ എന്നത് അംഗീകാരമാണെങ്കിലും, പലപ്പോഴും അത് ജൂറിയുടെ വ്യക്തിപരമായ കാഴ്ചയുടെ പ്രതിഫലനമായി മാറാറുണ്ട്. അതിനാൽ സർഗാത്മകമായ തർക്കങ്ങൾ ചലച്ചിത്ര അവാർഡുകളില്‍ പതിവാണ്. 'ഭരിക്കുന്നവരുടെ താല്‍പ്പര്യം' എന്ന പൊതു വാക്കുകളും പലപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലമായി എല്ലാമറകളും പൊളിച്ച്, പൊതുജനമധ്യത്തിലെ നഗ്നതാ പ്രദർശനം പോലെ സാമാന്യബോധമുള്ളവരെ പരിഹസിക്കുന്ന രീതിയില്‍ അത് പ്രകടമായിരിക്കുന്നു എന്ന് പറയാം.
സിനിമ ഒരു കല മാത്രമല്ല, ജനമനസ്സുകളെ നേരിട്ട് സ്വാധീനിക്കുന്ന ഏറ്റവും ശക്തമായ മാധ്യമമാണ്. ഈ മീഡിയം ഉപയോഗിച്ച് ഹൃദയങ്ങളെ തൊടുന്ന കഥകള്‍ പറയാം, ചിന്തകളെ ഉണര്‍ത്താം, അല്ലെങ്കില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാം. 2014ന് ശേഷം ഇന്ത്യന്‍ സിനിമയില്‍ ഒരു പുതിയ പ്രവണത ശക്തി പ്രാപിച്ചിരിക്കുന്നു. ഹിന്ദു ദേശീയവാദത്തിന്റെ ആശയങ്ങളെ മഹത്വവല്‍ക്കരിക്കുന്ന, സര്‍ക്കാരിന്റെ പിന്തുണ നേരിട്ടും അല്ലാതെയും പറ്റുന്ന ചിത്രങ്ങള്‍.
ദി കേരള സ്റ്റോറി (2023) ഇതിന്റെ ഏറ്റവും വിവാദമായ ഉദാഹരണമാണ്. വസ്തുതകളെ വളച്ചൊടിച്ചുവെന്ന് ആരോപണം ഉയര്‍ന്നിട്ടും, ഈ ചിത്രം രണ്ട് ദേശീയ പുരസ്കാരങ്ങള്‍ നേടി, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ സിനിമയിലൂടെ എങ്ങനെ മുന്നോട്ടുകൊണ്ടുപോകുന്നുവെന്ന് വ്യക്തമാക്കുന്ന ഏറ്റവും പുതിയ ഉദാഹരണമാണ് ഇത്. ഇത്തരം പ്രൊപ്പഗണ്ടകള്‍ക്കും ഇടം നല്‍കുന്ന രീതിയിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെടുന്നത്.
പ്രൊപ്പഗണ്ടയുടെ പുതിയ യുഗം
2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ സര്‍ക്കാർ അധികാരത്തില്‍ വന്നതോടെ, ഇന്ത്യന്‍ സിനിമയില്‍ ഒരു സുപ്രധാന മാറ്റം സംഭവിച്ചു. ഹിന്ദു ദേശീയവാദത്തിന്റെ ആശയങ്ങള്‍ പ്രത്യേകിച്ച്, ഹിന്ദു അഭിമാനം, ദേശസ്നേഹം, സൈനിക ശക്തി എന്നീ തീമുകളെ ഘോഷിക്കുന്ന ചിത്രങ്ങള്‍ ഒരു പ്രത്യേക രാഷ്ട്രീയ കാഴ്ചപ്പാടില്‍ ഇറങ്ങാന്‍ തുടങ്ങി.
ഈ ചിത്രങ്ങള്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ, നികുതി ഇളവുകള്‍, ഭരണാധികാരികളുടെ പ്രശംസ, ദേശീയ പുരസ്കാരങ്ങള്‍ എന്നിവ ലഭിച്ചു. ചില ശ്രദ്ധേയ ഉദാഹരണങ്ങള്‍ നോക്കിയാല്‍. താഷ്കന്റ് ഫയല്‍സ് (2019), ദി കശ്മീര്‍ ഫയല്‍സ് (2022), ദി കേരള സ്റ്റോറി (2023) എന്നിവ ചരിത്രത്തെ പുനര്‍വ്യാഖ്യാനം ചെയ്യുന്ന, ഹിന്ദു ദേശീയവാദത്തിന് അനുകൂലമായ കഥകളാണ് എന്ന് കാണാം. ഏറ്റവും ഒടുവില്‍ 2025ല്‍ വന്‍ ഹിറ്റായ ഛാവ അടക്കം ഇത്തരം ഒരു ചരിത്ര ലൈന്‍സിലാണ് എത്തിയിരിക്കുന്നത്.
ഇത്തരം ചിത്രങ്ങള്‍ വന്‍ വാണിജ്യ വിജയം നേടിയിട്ടുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നികുതി ഇളവുകള്‍ ലഭിച്ചു, മന്ത്രിമാര്‍ പരസ്യമായി പ്രശംസിച്ചു. കേരള സ്റ്റോറിയെക്കുറിച്ച് രാജ്യത്തിന്‍റെ പ്രധാനമന്ത്രി തന്നെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുന്ന സ്ഥിതിയുണ്ടായി എന്നത് ഇത്തരം ചിത്രങ്ങളെ ഏത് തരത്തിലാണ് രാഷ്ട്രീയമായി ഉപയോഗിക്കുന്നത് എന്ന് വ്യക്തമാക്കുന്നു.
ഈ ചിത്രങ്ങളുടെ റിലീസ് ഡേറ്റുകള്‍ ശ്രദ്ധിച്ചാല്‍, തെരഞ്ഞെടുപ്പുകള്‍ ലക്ഷ്യമാക്കിയാണ് അവ ഇറക്കുന്നത് കാണാം. മോദിയെക്കുറിച്ച് വിവേക് ഒബ്റോയി ചെയ്ത ബയോപിക് വന്നത് 2019 തെരഞ്ഞെടുപ്പ് കാലത്താണ്. ഇത്തരത്തില്‍ പ്രൊപ്പഗണ്ട ചിത്രങ്ങള്‍ എല്ലാം തന്നെ വിജയകരമല്ലെങ്കിലും അതിലെ രംഗങ്ങള്‍ പിന്നീട് ആശയപ്രചാരണത്തിന് ഉപയോഗിക്കുന്നത് സ്ഥിരം കാഴ്ചയാണ്. എമ്പുരാൻ ചിത്രത്തിലെ ഗുജറാത്ത് കലാപ രംഗങ്ങൾ ചർച്ചയായ സമയത്ത് അതിനെ പ്രതിരോധിക്കാൻ 'ദി സബര്‍മതി റിപ്പോർട്ട്' എന്ന ബോക്സോഫീസിൽ പരാജയപ്പെട്ട ഒരു ചിത്രത്തിലെ രംഗങ്ങളാണ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നത്. ഇതിലെ നായകനായ വിക്രാന്ത് മാസിക്കാണ് മറ്റൊരു ചിത്രത്തിലൂടെ ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചതെന്നതും ശ്രദ്ധേയം.
പറയാത്ത ചരിത്രം, നമ്മളിൽ പെടാത്തവർ, പ്രൊപ്പഗണ്ടയുടെ ലക്ഷ്യം
എന്തിനാണ് സർക്കാർ ഇത്തരം സിനിമകൾക്ക് ശക്തമായ പിന്തുണ നൽകുന്നത്. അതിന് രാഷ്ട്രീയ പരവും ഒപ്പം ആശയപ്രചാരണത്തിന്റെയും പല തലങ്ങളുണ്ട്. ഇത്തരം പ്രൊപ്പഗണ്ട സിനിമകളുടെയും പിന്നിൽ ഒരു പൊതുവായ ലക്ഷ്യമുണ്ട്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമെന്ന രീതിയിൽ സ്ഥാപിക്കുന്ന ലക്ഷ്യത്തിലേക്ക് അടുപ്പിക്കുക. ഇത് സംഘപരിവാറിന്റെ ദീർഘകാല സ്വപ്നമാണല്ലോ. ഹിന്ദു ചരിത്ര നായകരെ മാത്രം ദേശീയ രക്ഷിതാക്കളായും, മുസ്ലീങ്ങളെ ഭീഷണികളായി ചിത്രീകരിക്കുന്ന തീമുകള്‍ വീണ്ടും വീണ്ടും സ്ക്രീനില്‍ എത്തിക്കുക.
2014ന് ശേഷം മറാത്ത ചക്രവര്‍ത്തി ശിവാജിയുടെ കഥയും അനുബന്ധ കഥയുമായി ഹിന്ദിയിലും മറാത്തിയിലും 20 ലേറെ ചിത്രങ്ങള്‍ ഇറങ്ങി എന്നത് ഇതിനൊരു ചെറിയ ഉദാഹരണമാണ്. മിക്കതിലും പ്രധാന വില്ലന്‍, തീര്‍ച്ചയായും മുഗള്‍ ഭരണാധികാരി ഔറംഗസേബ് ആയിരിക്കുക എന്നത് സ്വഭാവികമാണ്.
ഒപ്പം എല്ലാകാലത്തും ഭരണകൂടം നടത്തുന്ന വിദ്യ, സാധാരണക്കാരന് നേരിടുന്ന അത്യന്തം പ്രധാനപ്പെട്ട വിഷയങ്ങൾ തൊഴിലില്ലായ്മ, വിലക്കയറ്റം, സാമ്പത്തിക പ്രശ്നങ്ങള്‍, ഇവയെക്കാൾ എളുപ്പത്തിൽ ചർച്ച ചെയ്യാൻ കഴിയുന്ന വിഷയങ്ങൾ ഈ സിനിമകൾ ഉയർത്തുന്നു. ജനം തർക്കിക്കുന്നത് ദി കേരള സ്റ്റോറിയേയും, ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ പോലുള്ള ചിത്രങ്ങളേയും കുറിച്ചായി മാറും.
ഇത്തരം ചിത്രങ്ങള്‍ നിരന്തരം ഒരു മതവിഭാഗത്തെ ‘തെറ്റുകാര്‍’ ആയി ചിത്രീകരിക്കുന്നു. മത-സൗഹാർദ്ദം തന്നെ ഒരു രാഷ്ട്രീയ തെറ്റാണ് എന്ന് ഉറപ്പിക്കുന്ന രീതിയില്‍ ചിത്രങ്ങള്‍ ചെയ്യുന്നു. ഭീഷണി ഉയര്‍ത്തുന്ന അന്യരായ ‘അവർ’ എന്ന കാഴ്ചപ്പാട് ഒപ്പം നമുക്കൊപ്പം ജീവിച്ച ജനങ്ങളെക്കുറിച്ച് വീണ്ടും വീണ്ടും നുണയായി പ്രചരിപ്പിക്കുന്നു. ഒപ്പം ചരിത്രത്തില്‍ കൃത്യമായി പറയുന്ന കാര്യങ്ങളെപ്പോലും വളച്ചൊടിക്കുന്ന വസ്തുതകള്‍ അവതരിപ്പിക്കുക. എമർജന്‍സി, ഇന്ദു സര്‍ക്കാര്‍ ഒക്കെ ഇതിന് ചില ഉദാഹരണങ്ങള്‍ മാത്രമാണ്.
പ്രവണത വ്യക്തമാണ്...
നാസി ജര്‍മനിയില്‍ ജോസഫ് ഗീബെല്‍സിന്റെ നേതൃത്വത്തില്‍ സിനിമ നാസി പ്രൊപ്പഗണ്ടയുടെ ശക്തമായ ആയുധമായി തന്നെ ഉപയോഗിച്ചിട്ടുണ്ട്. ട്രയംഫ് ഓഫ് ദി വില്‍ (1935) പോലുള്ള ചിത്രങ്ങള്‍ ഹിറ്റ്‌ലറെ മഹത്വവല്‍ക്കരിക്കുകയും, യഹൂദ വിരുദ്ധത പ്രചരിപ്പിക്കുകയും ചെയ്തു എന്നതില്‍ പ്രശസ്തമാണ്. വെനീസ് ചലച്ചിത്രോത്സവത്തെ ഫാസിസ പ്രചാരണത്തിന്‍റെ വേദിയാക്കി മാറ്റിയതാണ്, ഫ്രാന്‍സില്‍ കാന്‍ ചലച്ചിത്ര മേളയുണ്ടായത് എന്നതും ഓര്‍ക്കണം.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ് ഇന്നും, എന്നാൽ മുകളിൽ പറഞ്ഞ രീതിയിൽ പ്രൊപ്പഗണ്ടയ്ക്ക് സർക്കാർ തലത്തിൽ തന്നെ കൈകൊടുക്കുമ്പോൾ നവ ഫാസിസം എന്ന കേന്ദ്ര സർക്കാരിനെതിരായ രാഷ്ട്രീയ ആരോപണത്തിന് അത് പ്രത്യക്ഷമായ തെളിവാകുന്നു എന്നതാണ് നേര്.
2022 നവംബറിൽ ഗോവയിലെ ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ജൂറി ചെയര്‍മാനായിരുന്ന ഇസ്രയേലി ചലച്ചിത്രകാരന്‍ നദവ് ലാപിഡ് 'കശ്മീർ ഫയൽസ്' എന്ന ചിത്രത്തെ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചതിനെ പരസ്യമായി വിമര്‍ശിച്ചിരുന്നു. അത് അത് അന്താരാഷ്ട്ര വാര്‍ത്തയായി. ജൂറിയിലെ അംഗങ്ങളായ അമേരിക്കൻ ചലച്ചിത്ര നിർമാതാവായ ജിൻകോ ഗോടോ, ഫ്രഞ്ച് എഡിറ്ററായ പാസ്കൽ ചാവൻസ്, ഫ്രഞ്ച് ഡോക്യുമെന്ററി സംവിധായകൻ ജാവിയർ ആൻഗുലോ ബാർത്തുറെൻ എന്നിവരും ഈ വിമര്‍ശനത്തെ ഏറ്റെടുത്തു.
എന്നാല്‍ അന്ന് അതിനെ എതിര്‍ത്തത് ജൂറിയിലെ ഏക ഇന്ത്യക്കാരനാണ്, സുദിപ്തോ സെൻ എന്ന ആ സംവിധായകനാണ് കേരള സ്റ്റോറിയുടെ സംവിധായകന്‍, ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ചലച്ചിത്ര പുരസ്കാരവും നേടിയിരിക്കുന്നതും. കശ്മീര്‍ ഫയല്‍സിന് പിന്നീട് കേന്ദ്രം മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിന് അവാർഡ് കൊടുത്തതും മറ്റൊരു രസകരമായ കാര്യം. അതായത് വെനീസിനെ എങ്ങനെ ഉപയോഗപ്പെടുത്തിയോ അത് പോലെ ഗോവയെയും ഉപയോഗിക്കുന്നു എന്നതാണ് സൂചിപ്പിച്ചത്.
പാറ്റേണുകളും ചെറുത്ത് നില്‍പ്പുകളും
2014നു ശേഷം ഉയർന്ന പ്രൊപ്പഗണ്ട സിനിമകൾ ആകസ്മികമല്ല. അവ ഒരു രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ്. പക്ഷേ, അതില്‍ മാത്രം ഒതുങ്ങുന്നില്ല. അടുത്തിടെ പ്രഖ്യാപിച്ച ചലച്ചിത്ര അവാര്‍ഡില്‍ അടക്കം വ്യക്തമായ ഒരു പാറ്റേണ്‍ പിന്തുടരുന്നുണ്ട്. ക്വാളിറ്റി എന്ന് തോന്നുന്ന, എന്നാല്‍ വലിയ രാഷ്ട്രീയം പറയാത്ത ചിത്രങ്ങളെ പരിഗണിക്കുക. തെലുങ്കില്‍ നിന്നും അവാര്‍ഡ് നേടിയ 'ബേബി', തമിഴില്‍ നിന്നും അവാര്‍ഡ് നേടിയ പാര്‍ക്കിംഗ് ഒക്കെ പരിശോധിച്ചാല്‍ ഈ പാറ്റേണ്‍ വ്യക്തമാണ്.
ഒപ്പം പോപ്പുലര്‍ കാഴ്ചപ്പാടില്‍ കരണ്‍ ജോഹര്‍ പടത്തിന് അവാര്‍ഡ് നല്‍കുന്നതും, ഷാരൂഖ് ഖാനെ ജവാന്‍ പോലെ ഒരു മാസ് മസാല പടത്തിലെ അഭിനയത്തിന് മികച്ച നടനായി പ്രഖ്യാപിക്കുന്നതും, തങ്ങളുടെ കൂട്ടുകക്ഷി നേതാവും എംഎല്‍എയുമായ നന്ദമൂരി ബാലകൃഷ്ണയുടെ തട്ടുപൊളിപ്പന്‍ പടം മികച്ച തെലുങ്ക് പടമായി തെരഞ്ഞെടുക്കുന്നതും ഈ പാറ്റേണിന്‍റെ ഭാഗമാണ്. അതേസമയം തങ്ങളുടെ പ്രൊപ്പഗണ്ട ചിത്രങ്ങള്‍ക്കും ഇടം നല്‍കുന്നുണ്ട് ജൂറി എന്നതിലൂടെ സര്‍ക്കാര്‍ എന്ന് വ്യക്തമാണ്.
സിനിമ ഒരു കലയാണ് ഒപ്പം ഒരു രാഷ്ട്രീയ യുദ്ധഭൂമിയും. 2014ന് ശേഷം ഹിന്ദു ദേശീയവാദത്തിന്റെ ആശയങ്ങളെ മുന്നോട്ടുകൊണ്ടുപോകുന്ന ചിത്രങ്ങള്‍ സര്‍ക്കാരിന്റെ പിന്തുണയോടെ വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യന്‍ സിനിമയുടെ ആത്മാവ് ഇപ്പോഴും ജീവനോടെയുണ്ട്—വൈവിധ്യമുള്ള, വിമര്‍ശനാത്മകമായ, മനുഷ്യത്വപരമായ കഥകള്‍ പറയുന്ന ചിത്രങ്ങള്‍ നിലനില്‍ക്കുന്നു.
നാം കാണുന്ന സിനിമകള്‍ ഏതൊക്കെ കഥകളാണ് പറയുന്നത്? അവ നമ്മുടെ ലോക വീക്ഷണത്തെ എങ്ങനെ സ്വാധീനിക്കുന്നു?, പ്രൊപ്പഗണ്ടയുടെ ശബ്ദ കോലാഹത്തിനിടയില്‍ സത്യവും മനുഷ്യത്വവും പറയുന്ന സിനിമകളെ തിരഞ്ഞെടുക്കുക. ഇത്തരം തെരഞ്ഞെടുപ്പുകളായിരിക്കും വരും കാലത്ത് നല്ല സിനിമയ്ക്കുള്ള വഴി വെട്ടുന്നത്.