
ഏകദേശം നാല് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് തമിഴ് സിനിമയുടെ രണ്ട് അതികായന്‍മാര്‍ ആദ്യമായി ഒരുമിച്ചപ്പോള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നത് സംഗീതത്തിന്റെ പുതിയൊരു ലോകമായിരുന്നു. 1983ല്‍ മണിരത്‌നം തന്റെ ആദ്യ സിനിമയായ 'പല്ലവി അനുപല്ലവി' സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നു. അതിന് സംഗീതം ഒരുക്കിയതോ... ഇളയരാജയും. പ്രശസ്ത സംവിധായകനും ഛായാഗ്രഹകനുമായ ബാലു മഹേന്ദ്രയാണ് ഇരുവരെയും പരിചയപ്പെടുത്തുന്നത്. 'പല്ലവി അനുപല്ലവി'ക്ക് ശേഷം സംഭവിച്ചത് പിന്നെ അതിമനോഹരമായൊരു ചരിത്രമായിരുന്നു. അവര്‍ തമ്മില്‍ മനോഹരമായൊരു സിംഫണിയുണ്ടായി. 'പല്ലവി അനുപല്ലവി' മുതല്‍ 'ദളപതി' വരെ നീണ്ടു നിന്ന സിംഫണി.
ഈ അതികായന്‍മാരുടെ ജന്മദിനമായ ഇന്ന് ഇരുവരും ഒരുമിച്ച അഞ്ച് സിനിമകളിലൂടെ ഒന്ന് കടന്നു പോകാം....
മൗന രാഗം (1986)
മോഹന്‍, രേവതി എന്നവര്‍ അഭിനയിച്ച മൗന രാഗം മണിരത്‌നം - ഇളയരാജ കോമ്പോയില്‍ ഉണ്ടായ മനോഹരമായ റൊമാന്റിക് ചിത്രങ്ങളില്‍ ഒന്നാണ്. 1986 ആഗസ്റ്റ് 15നാണ് ചിത്രം തിയേറ്ററിലെത്തിയത്. പ്രണയത്തിന്റെയും ബന്ധങ്ങളുടെയും സങ്കീര്‍ണതയിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രത്തിന്റെ ശക്തി എന്നു പറയുന്നത് അതിലെ ഗാനങ്ങള്‍ കൂടിയാണ്. 'ചിന്ന ചിന്ന വന്ന കുയില്‍', 'നിലാവേ വാ' എന്നീ ഗാനങ്ങള്‍ പ്രേക്ഷകരുടെ മനസില്‍ ഇന്നും മായാതെ നില്‍ക്കുന്നവയാണ്. മണിരത്‌നത്തിന്റെ അഞ്ചാമത്തെ സിനിമ കൂടിയാണിത്. ഇരുവരും ഒന്നിച്ച മൂന്നാമത്തെ ചിത്രവുമാണ് 'മൗന രാഗം'.
നായകന് (1987)
തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച ഗ്യാങ്സ്റ്റര്‍ ഡ്രാമ എന്നതിന് അപ്പുറത്തേക്ക് ഇളയരാജ - മണിരത്‌നം കോമ്പോയെ പ്രേക്ഷക മനസിലേക്ക് ഒന്നുകൂടി ഇഴുകി ചേര്‍ത്ത സിനിമയാണ് നായകന്‍. 1987ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ കമല്‍ ഹാസന്‍, ശരണ്യ, കാര്‍ത്തിക, നാസര്‍, ഡല്‍ഹി ഗണേഷ് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങള്‍. ചിത്രത്തിലെ സൗണ്ട് ട്രാക്ക് നായകന്റെ വൈകാരിക യാത്രയില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 'നീ ഒരു കാതല്‍', 'തേന്‍പാണ്ടി ചീമയിലെ' തുടങ്ങിയ ഗാനങ്ങള്‍ തമിഴ് സിനിമയിലെ ക്ലാസിക്കുകളാണ്.
അഗ്നിനച്ചത്തിരം (1988)
മണിരത്‌നത്തിന്റെ ആക്ഷന്‍-പാക്ഡ് ഡ്രാമയായ അഗ്നിനച്ചത്തിരത്തിന്റെ സൗണ്ട്ട്രാക്കിലെ ഓരോ സ്വരത്തിലും ഇളയരാജ എന്ന പ്രതിഭാശാലിയെ നമുക്ക് കാണാന്‍ സാധിക്കും. പ്രഭു, കാര്‍ത്തിക്, അമല എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ചിത്രത്തിലെ കെ.എസ് ചിത്ര ആലപിച്ച 'നിന്നുകോരി വര്‍ണം' തമിഴ് സിനിമയിലെ നിത്യഹരിത റൊമാന്റിക് ഗാനങ്ങളിലൊന്നാണ്.
അഞ്ജലി (1990)
രഘുവരന്‍, രേവതി, ശ്യാമിലി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രമാണ് 'അഞ്ജലി'. മാനസികമായി വെല്ലുവിളി നേരിടുന്ന ഒരു കുട്ടിയും അതിലൂടെ അവരുടെ കുടുംബം കടന്നു പോകുന്ന മാനസിക സംഘര്‍ഷങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ടൈറ്റില്‍ ട്രാക്കായ 'അഞ്ജലി അഞ്ജലി' എന്ന ഗാനം സിനിമയിലെ ടൈറ്റില്‍ കഥാപാത്രവും അവളുടെ കുടുംബവും തമ്മിലുള്ള വൈകാരിക ബന്ധത്തെ കൃത്യമായി തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതാണ്. ഇളയരാജയുടെ 500-ാമത്തെ സിനിമ കൂടിയാണ് 'അഞ്ജലി'.
ദളപതി (1991)
മഹാഭാരതത്തിന്റെ ആധുനിക ചലച്ചിത്രാവിഷ്‌കാരമാണ് 1991ല്‍ പുറത്തിറങ്ങിയ 'ദളപതി'. ഇത് മലയാള സിനിമയുടെയും തമിഴ് സിനിമയുടെയും രണ്ട് സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയെയും രജനികാന്തിനെയും ഒരുമിച്ച് സ്‌ക്രീനിലെത്തിച്ചു. മണിരത്‌നത്തിന്റെ എഴുത്ത് പോലെ തന്നെ ഇളയരാജയുടെ സംഗീതവും ചിത്രത്തിന്റെ നട്ടെല്ലാണ്. ചിത്രത്തിലെ 'രാക്കമ്മാ കയ്യെ തട്ടു', 'സുന്ദരി കണ്ണാല്‍ ഒരു സേതി' എന്നിവയെല്ലാം തന്നെ ക്ലാസിക്കുകള്‍ എന്ന് അറിയപ്പെടുന്ന ഗാനങ്ങളാണ്.
ദളപതിയിലൂടെ മണിരത്‌നം - ഇളയരാജ കോമ്പോ അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുകയായിരുന്നു. അപ്പോഴാണ് മണിരത്‌നം കെ. ബാലചന്ദറിന്റെ നിര്‍മാണത്തില്‍ 'റോജ' സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. അതിലും ഈ മാജിക്കല്‍ കോമ്പോ വീണ്ടും ഒന്നിക്കുമെന്നാണ് തമിഴ് സിനിമാ ലോകം ഒന്നടങ്കം പ്രതീക്ഷിച്ചത്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. കെ. ബാലചന്ദറും ഇളയരാജയും തമ്മിലുണ്ടായ തര്‍ക്കമാണ് 'റോജ'യില്‍ നിന്ന് ഇളയാരജ പിന്‍മാറാനുള്ള കാരണമെന്നാണ് പറയപ്പെടുന്നത്. അങ്ങനെ ദളപതിയിലൂടെ ആ അതികായന്‍മാരുടെ മാജിക്കല്‍ കൂട്ടുകെട്ടിന് അവസാനമായി. അതിന് ശേഷം സംഭവിച്ചത് മറ്റൊരു സംഗീത ചരിത്രമായിരുന്നു. എ.ആര്‍ റഹ്‌മാന്‍ എന്ന ലെജന്‍ഡിന്റെ പിറവി.
എന്തുകൊണ്ട് ഇളയരാജയുമായി സിനിമ ചെയ്യുന്നത് നിര്‍ത്തിയെന്ന് ദ ഹിന്ദു നടത്തിയ കോണ്‍വര്‍സേഷന്‍സ് വിത്ത് മണിരത്‌നം എന്ന ഭരദ്വാജ് രംഗന്റെ പുസ്തകത്തിന്റെ ലോഞ്ച് പരിപാടിയില്‍ വെച്ച് ഒരു മാധ്യമപ്രവര്‍ത്തകന്‍ മണിരത്‌നത്തോട് ചോദിച്ചിരുന്നു. എന്നാല്‍ അന്ന് മണിരത്‌നം അതിന് മറുപടി പറഞ്ഞിരുന്നില്ല. 'നായകന്' ശേഷം 'തഗ് ലൈഫി'ലൂടെ മണിരത്‌നവും കമല്‍ ഹാസനും വീണ്ടും ഒന്നിക്കുമ്പോള്‍, ആരാധകരുടെ മനസില്‍ ചിലപ്പോഴെങ്കിലും ഒരു പ്രതീക്ഷ ഉണ്ടായിട്ടുണ്ടാകുമായിരിക്കാം. എന്നാല്‍ ഇനിയും ആ മാജിക്കല്‍ കോമ്പോയ്ക്കായി നമുക്ക് കാത്തിരിക്കേണ്ടി വരുമെന്നതാണ് സത്യം.