"ട്രെയ്‌ലറിൽ നിന്നും വ്യത്യസ്തമായി ശക്തമായ സ്ത്രീ ശബ്‌ദം ഈ സിനിമയിലുണ്ട്"; 'ടോക്സിക്' പ്രീ റിലീസ് ഇവന്റിൽ യഷ്

കന്നഡ-ഇംഗ്ലീഷ് ഭാഷകളിലായി എത്തുന്ന ചിത്രത്തിന്റെ ദൈർഘ്യം മൂന്ന് മണിക്കൂറും 12 മിനുട്ടുമാണ്
നടൻ യഷ്
നടൻ യഷ്
Published on
Updated on

ഗീതു മോഹൻദാസ് സംവിധാനം ചെയ്ത 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്സ്' തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. യഷ് നായകനാകുന്ന ചിത്രം ഓഗസ്റ്റ് 26ന് ആഗോള തലത്തിൽ തിയേറ്ററുകളിലേക്കെത്തും. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ വിപുലമായ പ്രീ-റിലീസ് ചടങ്ങുകൾ നടന്നിരുന്നു. സിനിമയിൽ ശക്തമായ ഒരു സ്ത്രീ ശബ്ദമുണ്ടെന്നും പെൺകുട്ടികൾക്ക് ഈ ചിത്രം മികച്ച അനുഭവമായിരിക്കുമെന്നും ചടങ്ങിൽ സംസാരിക്കവേ യഷ് പറഞ്ഞു.

“സമൂഹം പലതും പറഞ്ഞേക്കാം, അവർ നിങ്ങളെ അംഗീകരിച്ചെന്നും വരില്ല. എങ്കിലും എല്ലാവരും നിങ്ങളെ ബഹുമാനത്തോടെ നോക്കിക്കാണുന്ന ഒരു ഘട്ടമെത്തും. എന്റെ പണത്തിന്റെ പേരിലല്ല, മറിച്ച് എന്റെ ജോലിയുടെ പേരിലാണ് ഞാൻ ബഹുമാനിക്കപ്പെടുന്നത്. ഏതൊരു സ്ത്രീക്കും പെൺകുട്ടിക്കും ഏതുതരം സാഹചര്യങ്ങളെയും നേരിടാനും, തങ്ങളുടെ ചിന്തകളും കാഴ്ചപ്പാടുകളും തുറന്നുപറയാനും, ഈ സമൂഹത്തിൽ വിജയിക്കാനും കഴിയുമെന്ന് സംവിധായിക (ഗീതു മോഹൻദാസ്) തെളിയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,” യഷ് പറഞ്ഞു.

നടൻ യഷ്
ഗെറ്റ് റെഡി! ദുൽഖർ ചിത്രം 'ഐ ആം ഗെയിം' പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29ന്

“ട്രെയ്‌ലറിൽ നിന്നും വ്യത്യസ്തമായി, ശക്തമായ ഒരു സ്ത്രീ ശബ്ദം ഈ സിനിമയിലുണ്ട്. സിനിമ കാണൂ, ആസ്വദിക്കൂ. നിങ്ങൾ പെൺകുട്ടികൾക്ക് ഇതൊരു മികച്ച അനുഭവമായിരിക്കും,” നടൻ കൂട്ടിച്ചേർത്തു.

'ടോക്സിക്' സിനിമയുടെ ട്രെയ്‌ലറിലെയും ഗാനങ്ങളിലെയും ദൃശ്യങ്ങൾ സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നു എന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനുള്ള മറുപടി കൂടിയായിരുന്നു ഹൈദരാബാദിലെ മല്ലാ റെഡ്ഡി യൂണിവേഴ്സിറ്റിൽ നടന്ന പ്രീ റിലീസ് ഇവന്റിലെ യഷിന്റെ പ്രസംഗം.

യഷ് - ഗീതു മോഹൻദാസ് ചിത്രത്തിന് 'എ' സർട്ടിഫിക്കറ്റോടെയാണ് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയിരിക്കുന്നത്. സർട്ടിഫിക്കറ്റ് പ്രകാരം, കന്നഡ-ഇംഗ്ലീഷ് ഭാഷകളിലായി എത്തുന്ന ചിത്രത്തിന്റെ ദൈർഘ്യം മൂന്ന് മണിക്കൂറും 12 മിനുട്ടുമാണ്.  മയക്കുമരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും വളർച്ചയും തകർച്ചയുമാണ് സിനിമയുടെ പ്രമേയം.

നടൻ യഷ്
'വീണ്ടും ജോർജുകുട്ടി എത്തുന്നു'; ദൃശ്യത്തിൻ്റെ നാലാംഭാഗം സ്ഥിരീകരിച്ച് ആൻ്റണി പെരുമ്പാവൂർ

'കെജിഎഫ്' ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ, 'റായ', 'ടിക്കറ്റ്' എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളുള്ള ഇരട്ടവേഷത്തിലാണ് നടൻ പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. രാജീവ് രവിയാണ് ഛായാഗ്രഹണം.

കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിലാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com