ഇന്ത്യൻ സിനിമാലോകം ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’. സിനിമയുടെ ട്രെയ്‌ലർ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. റോക്കിങ് സ്റ്റാർ യഷിനെ അവതരിപ്പിക്കുന്ന പുതിയ പോസ്റ്ററിനൊപ്പമാണ് ചിത്രത്തിന്റെ ട്രെയിലർ 2026 ഓഗസ്റ്റ് എട്ടിന് പുറത്തിറങ്ങുമെന്ന് അറിയിച്ചിരിക്കുന്നത്.
ട്രെയ്‌ലർ ബെംഗളൂരുവിൽ ആദ്യമായി പുറത്തിറക്കും. യഷിന്റെയും കെവിഎൻ പ്രൊഡക്ഷൻസിന്റെയും സ്വന്തം നാടായ കർണാടകയിൽ നിന്നാണ് ചിത്രത്തിന്റെ പ്രമോഷൻ ഔദ്യോഗികമായി ആരംഭിക്കുന്നത്. ‘ടോക്സിക്’ ചിത്രീകരണം ആരംഭിച്ചതിന്റെ രണ്ടാം വാർഷികമായ ഓഗസ്റ്റ് എട്ടിനാണ് ട്രെയ്‌ലർ പുറത്തിറങ്ങുന്നത്.
1940കൾ മുതൽ 1970കൾ വരെയുള്ള പോസ്റ്റ്-കൊളോണിയൽ ഗോവയാണ് 'ടോക്സിക്കി'ന്റെ കഥാഭൂമിക. മയക്കുമരുന്ന് മാഫിയയുടെയും അധോലോക സംഘങ്ങളുടെയും വളർച്ചയും തകർച്ചയുമാണ് സിനിമയുടെ പ്രമേയം. നേരത്തെ പുറത്തുവന്ന സിനിമയുടെ ടീസറും, ലേഡീസ് & ലേഡീസ് എന്ന വീഡിയോയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
യഷ് നായകനാകുന്ന ‘ടോക്സിക്: എ ഫെയറിടെയിൽ ഫോർ ഗ്രോൺ-അപ്‌സ്’ സംവിധാനം ചെയ്യുന്നത് ഗീതു മോഹൻദാസാണ്. 'കെജിഎഫ്' ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ, 'റായ', 'ടിക്കറ്റ്' എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളുള്ള ഇരട്ടവേഷത്തിലാണ് നടൻ പ്രത്യക്ഷപ്പെടുന്നത് എന്നാണ് റിപ്പോർട്ടുകൾ. നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ 2026 ഓഗസ്റ്റ് 26ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.