ന്യൂ ഡൽഹി: പലർക്കും പല വിധമാണ് പ്രണയം. നടി മൃണാൾ താക്കൂറിന് അത് റീ പേരന്റിങ് ആണ്. നടിയുടെ ഈ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സംസാരവിഷയം.'ഭീഗി ഭീഗി' എന്ന മ്യൂസിക് വീഡിയോയുടെ പ്രൊമോഷൻ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് നടി തന്റെ 'പ്രണയ വിചാരങ്ങൾ' പങ്കുവച്ചത്.
ഈ വരുന്ന പ്രണയദിനത്തിൽ നടൻ ധനുഷും മൃണാളും വിവാഹിതരാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പ്രണയം തനിക്ക് എന്താണെന്ന് നടി മനസുതുറന്നിരിക്കുന്നത്. "പ്രണയം മനോഹരമായ ഒരു അനുഭവമാണെന്നാണ് ഞാൻ കരുതുന്നത്. അത് ഈ ലോകത്തുള്ള എല്ലാവർക്കും സംഭവിക്കണം. അത് നിങ്ങളെ നല്ലൊരാളാക്കി മാറ്റും. അത് അക്ഷരാർഥത്തിൽ റീ പേരന്റിങ് പോലെയാണ്. നിങ്ങളുടെ ഉള്ളിലെ കുട്ടിയുടെ പ്രശ്നങ്ങൾ പരിഹരിക്കലാണ്. ഈ ലോകത്തിലെ ഏറ്റവും മനോഹരമായ ഒന്ന്. എല്ലാവർക്കും തങ്ങളുടെ ജീവിതത്തിലെ പ്രണയത്തെ കണ്ടെത്താൻ സാധിക്കട്ടെ എന്ന് ഞാൻ പ്രാർഥിക്കുന്നു, പ്രതീക്ഷിക്കുന്നു," എന്നായിരുന്നു നടിയുടെ വാക്കുകൾ.
പ്രണയ ബന്ധത്തിൽ സ്ത്രീകൾ കൂടുതൽ വിട്ടുനൽകുന്നവരാകുന്നു എന്ന ആശയത്തെ മൃണാൾ എതിർത്തു. "അങ്ങനെയാകണമെന്നില്ല, ഞാൻ അതിനോട് വിയോജിക്കുന്നു. പ്രണയത്തിലുള്ള ആരും കൂടുതൽ വിട്ടുനൽകുന്നവരായിരിക്കും. എന്നാൽ പ്രണയത്തിൽ പ്രധാനപ്പെട്ട കാര്യം അത് സ്വീകരിക്കുക എന്നത് കൂടിയാണ്. ചിലപ്പോഴൊക്കെ സ്നേഹം സ്വീകരിക്കാനും അത് അംഗീകരിക്കാനും വലിയ ബുദ്ധിമുട്ടാണ്. പ്രണയത്തിന്റെ നിർവചനം മാറിക്കൊണ്ടിരിക്കുകയാണ്," നടി പറഞ്ഞു. പ്രണയം തോന്നുമ്പോൾ (ജബ് പ്യാർ ഹോതാ ഹൈ), നിങ്ങൾ ആ വ്യക്തിക്ക് വേണ്ടി കാര്യങ്ങൾ ചെയ്യുന്നു. നിങ്ങൾ നിങ്ങളെത്തന്നെ സമർപ്പിക്കുന്നുവെന്നും മൃണാൾ കൂട്ടിച്ചേർത്തു.
'സീതാ രാമം' എന്ന ബ്ലോക്ക്ബസ്റ്റർ പ്രണയ ചിത്രത്തിലൂടെയാണ് മൃണാൾ താക്കൂർ ഏവരുടേയും പ്രിയപ്പെട്ട റൊമാന്റിക് നായികയായി മാറിയത്. ദുൽഖർ സൽമാൻ ആയിരുന്നു ഈ സിനിമയിലെ നായകൻ. 'സീതാ രാമ'ത്തിന് ശേഷം ഇരുവരും ഒന്നിച്ച പ്രോജക്ടാണ് എ.ആർ. റഹ്‌മാന്റെ സംഗീതത്തിൽ ഒരുങ്ങിയ 'ഭീഗി ഭീഗി എന്ന മ്യൂസിക് ആൽബം. റഹ്‌മാന്റെ മകൻ എ.ആർ. അമീനും ജസ്‌ലീൻ റോയലും ചേർന്നാണ് ഈ പ്രണയ ഗാനം ആലപിച്ചിരിക്കുന്നത്. 'ഹീരിയേ' എന്ന ഹിറ്റ് ഗാനത്തിന് ശേഷം ജസ്‌ലീനൊപ്പമുള്ള ദുൽഖറിന്റെ രണ്ടാമത്തെ പ്രോജക്ടാണിത്. അമീനും ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇർഷാദ് കാമിൽ ആണ് ഗാനത്തിനായി വരികൾ എഴുതിയിരിക്കുന്നത്.