എ. ആർ. റഹ്മാൻ ഈണമിട്ട 'രാമായണ'യിലെ ആദ്യ ഗാനം; 'ജയ് ജയ് റാം' മലയാളം പതിപ്പ് പുറത്ത്

ഹരിചരണും അമൃത രാജനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്
'രാമായണ' സിനിമ
'രാമായണ' സിനിമ
Published on: 
Updated on: 

നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം 'രാമായണ'യിലെ ആദ്യ ഗാനം, 'ജയ് ജയ് റാം' മലയാളം പതിപ്പ് പുറത്ത്. ഓസ്കാർ ജേതാവ് എ.ആർ. റഹ്മാൻ ഈണം പകർന്നിരിക്കുന്ന ഗാനത്തിന്റെ മലയാളം വരികൾ രചിച്ചിരിക്കുന്നത് വിനായക് ശശികുമാറാണ്. ഹരിചരണും അമൃത രാജനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഏകദേശം 4,000 കോടി രൂപ ബജറ്റിൽ നമിത് മൽഹോത്ര അവതരിപ്പിക്കുന്ന ചിത്രം രണ്ടു ഭാഗങ്ങളായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ആദ്യ ഭാഗം 2026 ഒക്ടോബറിൽ ദീപാവലി റിലീസായി ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. രണ്ടാം ഭാഗം 2027 ദീപാവലിക്കും.

'രാമായണ' സിനിമ
"1800 ജൂനിയർ ആർട്ടിസ്റ്റുകൾ, ഡ്യൂപ്പില്ലാതെ ആക്ടേഴ്സ്, വിഷ്വലിൽ ഭ്രമിച്ച് ഞാൻ"; 'വേട്ടുവം' ഛായാഗ്രഹകൻ രൂപേഷ് ഷാജി | അഭിമുഖം

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്കാർ പുരസ്കാരം നേടിയ പ്രമുഖ വിഷ്വൽ ഇഫക്റ്റ്സ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായാണ് സിനിമയുടെ നിർമാണം. ഇന്ത്യൻ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്. ശ്രീരാമനെ അവതരിപ്പിക്കുന്നത് രൺബീർ കപൂറാണ്. സീതാദേവിയായി സായ് പല്ലവി എത്തുമ്പോൾ യഷ് ആണ് രാവണന്റെ വേഷത്തിൽ. നേരത്തെ പുറത്തുവിട്ട ട്രെയ്‌ലറിൽ രാമനൊപ്പം തുല്യ പ്രാധാന്യത്തിലാണ് രാവണനേയും അവതരിപ്പിച്ചിരുന്നത്. സിനിമയിലെ യഷിന്റെ പ്രകടനം ഞെട്ടിക്കുമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്.

മലയാളികളുടെ പ്രിയനടി ശോഭന രാവണന്റെ മാതാവ് കൈകസിയായി വേഷമിടുന്നു എന്നതാണ് മലയാളികളെ ഈ ചിത്രത്തിലേക്ക് ആകർഷിക്കുന്ന മറ്റൊരു ഘടകം. പണ്ട് ടെലിവിഷൻ രാമായണ പരമ്പരയിൽ ശ്രീരാമനായി എത്തി ജനഹൃദയങ്ങൾ കീഴടക്കിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നുവെന്നതും ശ്രദ്ധേയമാണ്. ലക്ഷ്മണനായി രവി ദുബെയും വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ദേവും ഇന്ദ്രദേവനായി കുനാൽ കപൂറൂം ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗുമാണ് എത്തുന്നത്.

ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ശ്രീധർ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com