ബോളിവുഡ് അരങ്ങേറ്റം, എഡ് ഷീരനുമായി പാട്ട്; ഹിറ്റ് ചാർട്ടുകളിൽ തിരിച്ചെത്തി ഹനുമാൻകൈൻഡ്

2024ല്‍ പുറത്തിറക്കിയ 'ബിഗ് ഡ്വാഗ്സ്' ആണ് റാപ്പറിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്തത്
എഡ് ഷീരന് ഒപ്പം ഹനുമാന്‍കൈന്‍ഡ്
എഡ് ഷീരന് ഒപ്പം ഹനുമാന്‍കൈന്‍ഡ്Source: Instagram / Hanumankind
Published on

"ഐ ലൗവ് എച്ച്എംകെ - അദ്ദേഹത്തിന്റെ ഷോ കാണാന്‍ അവസരം ലഭിച്ചു. ആ എനർജിയും ഫീലും എന്നെ ആകർഷിച്ചു." ഇന്ത്യയുടെ അഭിമാനമായ ഒരു മലയാളി റാപ്പറെപ്പറ്റിയാണ് എഡ് ഷീരന്‍ ഇങ്ങനെ കുറിച്ചത്. മറ്റാരുമല്ല മലപ്പുറംകാരന്‍ സൂരജ് ചെറുകാട് എന്ന 'ഹനുമാന്‍കൈന്‍ഡ്'. സംഗീത ലോകത്ത് തന്റേതായ ശൈലിയില്‍ പുതിയ ട്രെന്‍ഡുകള്‍ തീർക്കുന്നത് തുടരുകയാണ് ഹനുമാന്‍കൈന്‍ഡ്.

2019ല്‍ 'ഡെയ്‌ലി ഡോസ്' എന്ന സിംഗിളിലൂടെയാണ് ഹനുമാന്‍ കൈന്‍ഡ് പ്രൊഫഷണല്‍ റാപ്പർ ആയി അരങ്ങേറ്റം കുറിക്കുന്നത്. 2024ല്‍ പുറത്തിറക്കിയ 'ബിഗ് ഡ്വാഗ്സ്' റാപ്പറിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്തു. 132 ദശലക്ഷത്തിലധികം സ്‌പോട്ടിഫൈ സ്ട്രീമുകളും 83 ദശലക്ഷത്തിലധികം യൂട്യൂബ് വ്യൂസുമാണ് ഈ റാപ്പ് നേടിയത്. നെറ്റ്ഫ്ലിക്സിന്റെ ടുംഡും ഇവന്റില്‍ വരെ പെർഫോം ചെയ്ത താരം മലയാളി ആണെന്നതില്‍ കേരളീയർ അഭിമാനം കൊണ്ടു.

രണ്ടരമാസം മുമ്പ് യൂറോപ്യന്‍ പര്യടനത്തിന്റെ അവസാനം ലണ്ടനിലെ ഷോയില്‍വെച്ച് ഹനുമാന്‍കൈന്‍ഡിന് പരിക്കേറ്റു എന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. കാലിന്റെ ലിഗമെന്റിനായിരുന്നു പരിക്ക്. അന്നുമുതല്‍ ഈ യുവ റാപ്പറുടെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലായിരുന്നു റാപ്പ് ആരാധകർ. അതിനിടയില്‍ പുറത്തിറങ്ങിയ റാപ്പറുടെ രണ്ട് ഗാനങ്ങള്‍ ഇപ്പോള്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളില്‍ കത്തിക്കയറുകയാണ്.

എഡ് ഷീരന് ഒപ്പം ഹനുമാന്‍കൈന്‍ഡ്
ട്രോളുകൾ ഫലം കണ്ടു, ചന്ദ്രയ്ക്ക് പഴയ 'ശബ്‌ദം കിട്ടി'; പുതിയ ടീസർ എത്തി

ബോളിവുഡ് താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത മാസ്സ് ആക്ഷൻ ത്രില്ലർ 'ധുരന്ദർ' ടൈറ്റിൽ ട്രാക്കാണ് ഹനുമാന്‍കൈന്‍ഡിന്റേതായി പുറത്തുവന്ന ഒരു ഗാനം. ഹനുമാന്‍കൈന്‍ഡിന്റ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണിത്. ശാശ്വത് സച്ച്ദേവും ചരൺജിത് അഹൂജയും ചേർന്നാണ് ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. ജാസ്മിൻ സാൻഡ്ലാസ്, സുധീർ യദുവൻഷി, ശാശ്വത് സച്ച്ദേവ്, മുഹമ്മദ് സാദിഖ്, രഞ്ജിത് കൗർ എന്നിവർക്കൊപ്പമാണ് ഹനുമാന്‍കൈന്‍ഡ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

രണ്ടാമത്തെ ട്രാക്ക് ഇന്റർനാഷണല്‍ ലെവലാണ്. എഡ് ഷീരന്റെ 'പ്ലേ (ദി റീമിക്സസ്)' എന്ന ഇപിയിലാണ് ഹനുമാന്‍കൈന്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഷീരന്റെ 'പ്ലേ' എന്ന സ്റ്റുഡിയോ ആല്‍ബത്തിലെ നാല് ഗാനങ്ങള്‍ ഇന്ത്യന്‍ ഗായകരുമായി ചേർന്ന് റീമിക്സ് ചെയ്തതാണ് ഈ ഇപി. ഇതിലെ 'ഡോണ്ട് ലുക്ക് ഡൗണ്‍' എന്ന ഗാനത്തിലാണ് ഹനുമാന്‍കൈന്‍ഡ് പങ്കാളിയായത്. കരൺ ഔജ്‌ല, അർജിത് സിംഗ്, ജോനിറ്റാ ഗാന്ധി, ദീ, സംഗീത സംവിധായകൻ സന്തോഷ് നാരായണൻ എന്നിവരും ഈ ഇപിയുമായി സഹകരിച്ചിട്ടുണ്ട്.

ഈ പാട്ടുകള്‍ ഹിറ്റ് ചാർട്ടില്‍ ഇടം നേടിയതിന് പിന്നാലെയാണ് താന്‍ പരിക്കില്‍നിന്ന് മുക്തനായി എന്ന് ഹനുമാന്‍കൈന്‍ഡ് അറിയിക്കുന്നത്. മാറ്റിവച്ച നോര്‍ത്ത് അമേരിക്കന്‍ പര്യടനം അടുത്തവര്‍ഷം ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നും റാപ്പര്‍ അറിയിച്ചു.

ഹനുമാന്‍കൈന്‍ഡുമായി പ്രവർത്തിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുന്ന എഡ് ഷീരിന്റെ കുറിപ്പ് ഇപ്പോള്‍ വൈറലാണ്. "എനിക്ക് എച്ച്എംകെയെ വളരെ ഇഷ്ടമാണ്, കോച്ചെല്ലയിൽ വച്ച് അദ്ദേഹത്തെ കാണാനും അദ്ദേഹത്തിന്റെ ഷോ കാണാനും എനിക്ക് അവസരം ലഭിച്ചു. ആ എനർജിയും ഫീലും എന്നെ ആകർഷിച്ചു. അന്ന് ഞങ്ങൾ പരസ്പരം കണ്ട്, ഒരുമിച്ച് പ്രവർത്തിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. പിന്നീട് ഇത് സംഭവിച്ചു. സന്തോഷ് മികച്ച സിനിമാ സംഗീത സംവിധായകരിൽ ഒരാളാണ്. അതിശയകരമായ കഴിവും ശബ്ദവുമുള്ള ദീയെ എനിക്ക് പരിചയപ്പെടുത്തി. ഈ ഇപിയില്‍ മനോഹരമായ തമിഴ് ഭാഷയില്‍ ദക്ഷിണേന്ത്യയെ പ്രതിനിധീകരിക്കാൻ ഞാൻ ആഗ്രഹിച്ചു. ഇതെല്ലാം ഒരുമിച്ച് സംയോജിപ്പിക്കുന്നതിൽ അവർ അതിശയകരമായ സംഭാവന നല്‍കി," ഷീരന്‍ കുറിച്ചു. ഈ വാക്കുകളില്‍ നിന്ന് തന്നെ ഹനുമാന്‍കൈന്‍ഡിനെ അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായ മ്യുസീഷ്യന്‍സ് എങ്ങനെയാണ് നോക്കിക്കാണുന്നത് എന്നത് വ്യക്തമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com