ഒന്നാംന്തരം ബലൂണ്‍ തരാം എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഗാനം ഇപ്പോൾ സോഷ്യല്‍ മീഡിയയിൽ തരംഗം തീർത്തിരിക്കുകയാണ്. 63 വര്‍ഷം മുമ്പിറങ്ങിയ സിനിമയിലെ ഈ ഗാനത്തിൽ അഭിനയിച്ച കൊച്ചു മിടുക്കിയെയാണ് സോഷ്യൽ മീഡിയ തെരഞ്ഞത്.
എന്നാൽ വർഷങ്ങൾക്കിപ്പുറം താൻ അഭിനയിച്ച ഗാനം എങ്ങനെ ഇപ്പോൾ വൈറലായി എന്ന് അതിശയപ്പെട്ടിരിക്കുകയാണ് വിനോദിനി. 5 വയസിൽ കുട്ടി ഫ്രോക്കിട്ട് ഗാനരംഗത്തില്‍ അഭിനയിച്ച ബാലതാരത്തിന് ഇന്ന് വയസ് 63ആണ്. എന്നാൽ പ്രായം ഒരു നമ്പർ മാത്രമാണെന്നാണ് വിനോദിനിയുടെ പക്ഷം.
ഒന്നാന്തരം ബലൂൺ തരാമെന്ന പാട്ടു കേൾക്കുമ്പോൾ ഇത് അമ്മുമ്മയാണെന്ന് പേരക്കുട്ടികളോട് പറയാറുണ്ടെന്ന് വിനോദിനി പറഞ്ഞു. പൂക്കൾ ഇറുത്ത് നടന്നിരുന്ന കുറുമ്പുള്ള കാലവും,സീനിയറായ ശശി മോഹനൊപ്പം പ്രണയിച്ചു നടന്നിരുന്ന ആ മധുര പതിനേഴും ഇന്നലെകളിൽ എന്നപോലെ വിനോദിനി പങ്കുവെച്ചു.
വിനോദിനിയുടെ പടം വച്ച് ആരാധിക്കുന്നവരെ കണ്ടപ്പോൾ അതിശയം തോന്നിട്ടുണ്ട് എന്നാണ് ഭർത്താവ് ശശി മോഹൻ പറയുന്നത്. പത്രപ്രവർത്തകൻ കൂടിയായ ശശി മോഹനുമായുള്ള 44 വർഷത്തെ ജീവിതത്തിൽ മറ്റ് പ്രണയഗാനങ്ങലൊക്കെ കടന്നുവന്നിട്ടുണ്ടെങ്കിലും ഒരിക്കൽപോലും ഈ പാട്ട് കടന്നുവന്നിട്ടില്ലെന്ന കാര്യവും അവർ പങ്കുവെച്ചു.
കേരളനടനത്തിൻ്റെ ഉപജ്ഞാതാവും കഥകളി നര്‍ത്തകനുമായ ഗുരു ഗോപിനാഥൻ്റെ മകളാണ് വിനോദിനി ശശിമോഹന്‍. സോഷ്യൽ മീഡിയയിൽ ഹിറ്റടിച്ച സ്ഥിതിക്ക് സിനിമയിലേക്ക് ഒരു ക്ഷണം വന്നാൽ എന്ത് ചെയ്യും എന്ന ചോദ്യത്തിന് സിനിമയിലേക്ക് ഞാൻ പോവില്ലെന്നും, അഥവാ മനസ് മാറിയാൽ പോകുമെന്നുമായിരുന്നു വിനോദിനിയുടെ മറുപടി.