

സംഗീത സംവിധായകന്‍ മോഹന്‍ സിതാരയുടെ പഴയൊരു വീഡിയോയിലെ ചില ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഹിസ് ഹൈനസ് അബ്ദുള്ളയിലെ ഒരു ബിജിഎമ്മിനെക്കുറിച്ച് വിവരിക്കുന്നതാണ് സന്ദര്‍ഭം. ഒറ്റക്കേള്‍വിയില്‍ തന്നെ അത് മറ്റൊരു പാട്ടാണല്ലോ എന്ന് ഏവര്‍ക്കും തോന്നും, അത് തന്നെയാണ് പ്രശ്നവും. ഹിസ് ഹൈനസ് അബ്ദുള്ളയിലെ ആ ബിജിഎം ആണ് തൊട്ടടുത്ത വര്‍ഷം ഇറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലെ ഒരു പാട്ടിന് ഈണമായത്. രവീന്ദ്രന്‍ മാസ്റ്ററുടെ ഈണം ഉപയോഗിച്ചാണ് മോഹന്‍ സിതാര പാട്ട് ഒരുക്കിയതെന്ന് ഒരു പക്ഷം. പറയുന്നത് തമ്മില്‍ പൊരുത്തപ്പെടുന്നില്ല, പ്രായമായപ്പോള്‍ ബോധം പോയോ എന്ന് മറ്റു ചിലര്‍. രണ്ടും മോഹന്‍ സിതാരയുടെ സ്വന്തം ഈണമാണെന്ന് ചൂണ്ടിക്കാണിച്ചിട്ടും ചര്‍ച്ചകള്‍ തുടരുകയാണ്.
1990ല്‍ എ.കെ. ലോഹിതദാസിന്റെ രചനയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹിസ് ഹൈനസ് അബ്ദുള്ള. മോഹന്‍ലാല്‍, നെടുമുടി വേണു, ഗൗതമി, ശ്രീനിവാസന്‍, മാമുക്കോയ, കവിയൂര്‍ പൊന്നമ്മ എന്നിങ്ങനെ വലിയ താരനിരയുള്ള ചിത്രം. സംഗീത പ്രധാനമായ ചിത്രത്തില്‍ അഞ്ച് പാട്ടുകളാണുണ്ടായിരുന്നത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് രവീന്ദ്രന്‍ മാസ്റ്ററാണ് ഈണമൊരുക്കിയത്. പാട്ടുകളെല്ലാം സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രത്തിലെ നാദരൂപണി ശങ്കരി പാഹിമാം... എന്ന പാട്ടിന് എം.ജി. ശ്രീകുമാറിന് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരവും ലഭിച്ചു.
പാട്ടുകള്‍ക്ക് ഈണമൊരുക്കിയത് രവീന്ദ്രന്‍ മാസ്റ്റര്‍ ആയിരുന്നെങ്കിലും, പശ്ചാത്തല സംഗീതം ഒരുക്കിയത് മോഹന്‍ സിതാര ആയിരുന്നു. കഥാസന്ദര്‍ഭത്തോട് അത്രമേല്‍ ഒട്ടിച്ചേര്‍ന്നതായിരുന്നു ബിജിഎം. ചിത്രത്തില്‍ അബ്ദുള്ള എന്ന മോഹന്‍ലാല്‍ അനന്തന്‍ നമ്പൂതിരിയായി നെടുമുടി വേണുവിന്റെ ഉദയ വര്‍മ തമ്പുരാന്റെ കൊട്ടാരത്തിലെത്തുന്നു. നട കടന്നു കയറി വരുന്ന അനന്തനെ ഉദയ വര്‍മയുടെ മാനസിക ബുദ്ധിമുട്ടുള്ള ഭാര്യ ഭാഗീരഥി തമ്പുരാട്ടിയായി വേഷമിടുന്ന കവിയൂര്‍ പൊന്നമ്മ കാണുന്നു. സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ അപകടത്തില്‍ മരിച്ച മകന്‍ ഉണ്ണിയെക്കുറിച്ചുള്ള ഓര്‍മകളില്‍ ജീവിക്കുന്ന ഭാഗീരഥി ഉണ്ണി... ഉണ്ണി... എന്ന് ഉറക്കെ വിളിച്ച് അനന്തനെ കാണാന്‍ തിടുക്കപ്പെടുന്നു. അപ്പോള്‍ പിന്നണിയില്‍ ഒരു ഈണം കേള്‍ക്കാം. ആ ബിജിഎം പിന്നെ ഇടക്കിടെ വന്നുപോകുന്നുണ്ട്.
കവിയൂര്‍ പൊന്നമ്മയുടെ ഭാഗീരഥിയും മോഹന്‍ലാലിന്റെ അനന്തനും വരുന്ന സീനിലെല്ലാം ഈ ബിജിഎമ്മാണ് അകമ്പടി. ഗൗതമിയുടെ രാധ ഉണ്ണിയെക്കുറിച്ചുള്ള വിവരങ്ങള്‍ അനന്തനോട് വിവരിക്കുമ്പോഴും ബിജിഎം ആവര്‍ത്തിക്കുന്നുണ്ട്, വീണയിലും വയലിനിലുമായി അത് കേള്‍ക്കാം. എല്ലാ കഥകളും അറിഞ്ഞശേഷം, അനന്തന്‍ ഭാഗീരഥിയെ കാണാനെത്തുന്ന സീനിലും, അതിനുശേഷവും ഹമ്മിങ്ങായാണ് ഈ ഈണം പിന്നണിയിലെത്തുന്നത്. മാതൃസ്നേഹവും വാത്സല്യവുമൊക്കെ നിറഞ്ഞൊരു ഈണമായി അത് കാഴ്ചക്കാരനെ വലയം ചെയ്യുന്നുണ്ട്.
ഹിസ് ഹൈനസ് അബ്ദുള്ളയ്ക്കുശേഷം, 1991ലാണ് സിബി മലയില്‍ സാന്ത്വനം എന്ന ചിത്രം ചെയ്യുന്നത്. സാന്ത്വനത്തിന് ഈണമൊരുക്കാന്‍ സിബി മലയില്‍ കൂടെക്കൂട്ടിയത് മോഹന്‍ സിതാരയെയായിരുന്നു. വരികളെഴുതാന്‍ നിശ്ചയിച്ചത് കൈതപ്രത്തെയും. കംപോസിങ് സമയമായപ്പോള്‍ മോഹന്‍ സിതാരയ്ക്ക് കടുത്ത പനി. കൈതപ്രം ആകട്ടെ കൗരവര്‍ എന്ന മമ്മൂട്ടി ചിത്രത്തിന് പാട്ടെഴുതാന്‍ എസ്.പി. വെങ്കിടേഷിനൊപ്പം മദ്രാസിലും. സിബി മലയില്‍ മോഹന്‍ സിതാരയുമായി ആലുവ പാലസിലെത്തി. ഈണമൊരുക്കുമ്പോഴേക്കും കൈതപ്രം വരുമല്ലോ എന്നതായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. അങ്ങനെ പനിബാധിതനായ മോഹന്‍ സിതാര ഹാര്‍മോണിയത്തില്‍ വിരലുകളോടിച്ച് ഈണം തേടിത്തുടങ്ങി. കൈതപ്രം കൂടി ഉണ്ടായിരുന്നെങ്കില്‍, കാര്യങ്ങള്‍ക്കൊരു വേഗം കിട്ടിയേനെ എന്ന് മോഹന്‍ സിതാര പറഞ്ഞതോടെ സിബി മലയില്‍ മദ്രാസിലുള്ള കൈതപ്രത്തെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞു. എത്രയും വേഗം എത്താമെന്ന് കൈതപ്രം ഉറപ്പു നല്‍കി.
കൈതപ്രം ഉടന്‍ വരുമെന്ന് അറിഞ്ഞതോടെ, പാട്ടുകള്‍ക്ക് ഈണമൊരുക്കുന്നത് വേഗത്തിലായി. മാതൃവാത്സല്യങ്ങള്‍ നിറഞ്ഞൊരു ഗാനം ചെയ്തു തുടങ്ങാം എന്ന് സിബി മലയില്‍ പറഞ്ഞു. "ഹിസ് ഹൈനസ് അബ്ദുള്ളയില്‍ ഉപയോഗിച്ച ആ ബിജിഎം ഉപയോഗിച്ചാലോ", എന്ത് വേണമെന്ന് മോഹന്‍ സിതാര ആലോചിച്ചു തുടങ്ങുംമുമ്പേ സിബി മലയിലിന്റെ അടുത്ത നിര്‍ദേശവുമെത്തി. പിന്നാലെ ആ ഈണം മോഹന്‍ സിതാരയെ മൂളി കേള്‍പ്പിക്കുകയും ചെയ്തു. പിന്നെല്ലാം വേഗത്തിലായിരുന്നു. ഹിസ് ഹൈനസ് അബ്ദുള്ളയിലൂടെ എല്ലാവരും കേട്ട ബിജിഎം ബിറ്റ് ഹാര്‍മോണിയത്തില്‍ ഒരു മുഴുനീള പാട്ടായി പിറവിയെടുത്തു. ഇനി വേണ്ടത് ഒരു താരാട്ടുപാട്ടായിരുന്നു. അതിനുള്ള ഈണവും ഏറെക്കുറെ തയ്യാറായതോടെ, ഇരുവരും വരികള്‍ക്കായി കാത്തിരുന്നു.
ഒറ്റ ദിവസംകൊണ്ട് കൗരവരിലെ പാട്ടുകള്‍ എഴുതിത്തീര്‍ത്ത കൈതപ്രം പിറ്റേദിവസം ആലുവയിലെത്തി. കഥയും പാട്ട് വരുന്ന സന്ദര്‍ഭങ്ങളുമൊക്കെ സിബി മലയില്‍ അദ്ദേഹത്തിന് വിശദീകരിച്ചു നല്‍കി. താരാട്ടുപാട്ട് വരേണ്ടുന്ന ഭാഗത്തേക്കായാണ് കൈതപ്രം ആദ്യം വരികളെഴുതിയത്. സ്വരകന്യകമാര്‍ വീണ മീട്ടുകയായ്... എന്ന് തുടങ്ങുന്ന വരികളായിരുന്നു അത്. എന്നാല്‍, ആ വരികള്‍ മറ്റൊരു സന്ദര്‍ഭത്തിലെ ഈണത്തിലേക്ക് മാറ്റാമെന്നും, നല്ലൊരു താരാട്ടുപാട്ടാണ് ഇപ്പോള്‍ വേണ്ടതെന്നും സിബി മലയില്‍ പറഞ്ഞു.
മോഹന്‍ സിതാര ഈണം ഒന്നുകൂടി ശരിയാക്കിയെടുത്തു. കുട്ടിക്കാലത്ത് അമ്മ പാടിത്തന്നിരുന്ന പാട്ടുകളൊക്കെ ഓര്‍ത്തുകൊണ്ട് മോഹന്‍ സിതാര ഈണം സൃഷ്ടിച്ചു. അക്ഷരങ്ങള്‍കൊണ്ട് കൈതപ്രം അമ്മമനം വരച്ചിട്ടു... ഉണ്ണീ വാവാവോ പൊന്നുണ്ണീ വാവാവോ... എന്ന് വരികളായി. ബിജിഎമ്മില്‍നിന്ന് പിറവിയെടുത്ത ഈണത്തിലേക്ക് സ്വരകന്യകമാര്‍ വീണ മീട്ടുകയായ്... എന്ന വരികളും ചേര്‍ത്തുവെച്ചതോടെ രണ്ട് സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ പിറവികൊണ്ടു.