ശ്രേയ ഘോഷാലിന്റെ ശബ്‌ദം, അതിസുന്ദരിയായി സാനിയ; വീണ്ടും ട്രെൻഡ് സെറ്ററാകാൻ 'കല്യാണി'

ഗാനത്തിലെ ചില മലയാളം വരികളും ഹിന്ദി ഭാഗവുമാണ് ശ്രേയ ആലപിച്ചിരിക്കുന്നത്
'കല്യാണി' മ്യൂസിക് വീഡിയോയിൽ സാനിയ ഇയ്യപ്പൻ
'കല്യാണി' മ്യൂസിക് വീഡിയോയിൽ സാനിയ ഇയ്യപ്പൻ
Published on
Updated on

മ്യൂസിക് ചാർട്ടുകളിൽ ട്രെൻഡിങ്ങായി മാറിയ ഇൻഡി പോപ് ഗാനം 'കല്യാണി'യുടെ റീമിക്സ് വേർഷൻ ശ്രദ്ധനേടുന്നു. നടിയും നർത്തകിയുമായ സാനിയ ഇയ്യപ്പനാണ് വീഡിയോ സോങ്ങിൽ കല്യാണിയായി എത്തുന്നത്. അർജുൻ, കെഡിഎസ്, ഫിഫ്റ്റി 4, റോൺ എന്നിവർക്കൊപ്പം പ്രശസ്ത ഗായിക ശ്രേയ ഘോഷാലും ചേർന്നാണ് പുതിയ വേർഷൻ പാടിയിരിക്കുന്നത്.

ഗാനത്തിലെ ചില മലയാളം വരികളും ഹിന്ദി ഭാഗവുമാണ് ശ്രേയ ആലപിച്ചിരിക്കുന്നത്. പുൽക്കിത് ശർമയാണ് ഹിന്ദി വരികളുടെ രചയിതാവ്. “ശ്രോതാക്കളുമായി സ്വാഭാവികമായി ഇത്രയും ആഴത്തിലുള്ള ബന്ധം സ്ഥാപിച്ച ഒരു ഗാനം കണ്ടെത്തുന്നത് എപ്പോഴും ആവേശകരമാണ്. ‘കല്യാണി’യിൽ എന്നെ ഏറ്റവും ആകർഷിച്ചത് അതിന്റെ വികാരങ്ങളുടെ ആത്മാർത്ഥതയും സംഗീതത്തിന്റെ മനോഹാരിതയുമാണ്. ഗാനത്തിന് ഇതിനകം തന്നെ ശക്തമായ വ്യക്തിത്വവും വലിയ സ്വീകാര്യതയും ലഭിച്ചു കഴിഞ്ഞു. ആ കഥയിൽ പുതിയൊരു കാഴ്ചപ്പാട് ചേർക്കുകയെന്നതായിരുന്നു എന്റെ ലക്ഷ്യം. ഭാഷയുടെ അതിരുകൾ മറികടന്ന ഒരു ഗാനത്തിലേക്ക് ഹിന്ദി ശബ്ദം കൊണ്ടുവരുന്ന ആശയം എനിക്ക് വളരെ ഇഷ്ടമായി,” എന്നാണ് പാട്ടിനെപ്പറ്റി ശ്രേയ പറഞ്ഞത്.

'കല്യാണി' മ്യൂസിക് വീഡിയോയിൽ സാനിയ ഇയ്യപ്പൻ
'കറക്കം' ഒടിടിയിൽ, പിന്നാലെ 'ബൾട്ടി'; എവിടെ, എപ്പോൾ കാണാം?

സാനിയയുടെ നൃത്തമാണ് 'കല്യാണി'യുടെ പുതിയ പതിപ്പിന്റെ മറ്റൊരു ആകർഷണം. അതിസുന്ദരിയായിട്ടാണ് ഗാനരംഗത്തിൽ സാനിയ എത്തുന്നത്. ഗാനത്തിലെ പ്രണയകഥയ്ക്ക് പുതിയ ദൃശ്യഭാവം നൽകുന്ന മ്യൂസിക് വീഡിയോ, സംഗീതാനുഭവത്തെ കൂടുതൽ സമ്പന്നമാക്കുന്നുമുണ്ട്. ഹിപ്-ഹോപ്പ്, ആർ&ബി, മെലോഡിക് ശൈലികൾ ചേർത്തൊരുക്കിയ ഒറിജിനൽ ഗാനത്തിന്, പുതിയ വേർഷൻ മറ്റൊരു തലം നൽകുന്നുവെന്നാണ് ശ്രോതാക്കൾ അഭിപ്രായപ്പെടുന്നത്.

2025 നവംബറിലാണ് 'കല്യാണി'യുടെ ആദ്യ പതിപ്പ് യൂട്യൂബിൽ റിലീസ് ചെയ്തത്. സുഹാസ് മൊയ്തീനും റാപ്പർ ഫിഫ്റ്റി 4ഉം റോണും ചേർന്നു വരികളെഴുതിയ ഗാനം യൂണിവേഴ്സൽ മ്യൂസിക് ഇന്ത്യയുടെ ബാനറിലാണ് റിലീസ് ചെയ്തത്. മലയാളത്തിൽ സ്വതന്ത്ര സംഗീതശാഖ ശക്തമായ സാന്നിധ്യമായി മാറിയ സാഹചര്യത്തിൽ ഈ ഗാനം ഗംഭീര വിജയമായി മാറിയിരുന്നു. അഞ്ച് കോടി ആളുകളാണ് ഗാനം യൂട്യൂബിലൂടെ മാത്രം കണ്ടത്. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും കല്യാണി ട്രെൻഡിങ് ആയിരുന്നു. സ്പോട്ടിഫൈ ഇന്ത്യയുടെ ടോപ് 200 ചാർട്ടിൽ 17ാം സ്ഥാനവും സ്പോട്ടിഫൈ യുഎഇ ടോപ് 200 ചാർട്ടിൽ രണ്ടാം സ്ഥാനവും ‘കല്യാണി’ നേടി. കൂടാതെ, സ്പോട്ടിഫൈ ഗ്ലോബൽ വൈറൽ സോങ്സ് ചാർട്ടിൽ 32-ാം സ്ഥാനവും സ്വന്തമാക്കി. സിംഗപ്പൂരിൽ രണ്ടാം സ്ഥാനവും യുഎഇയിൽ മൂന്നാം സ്ഥാനവും ഇന്ത്യയിലും മലേഷ്യയിലും 11ാം സ്ഥാനവും നേടിയ 'കല്യാണി' മലയാളം ഇൻഡി മ്യൂസിക്കിന് വലിയ ഊർജമാണ് സമ്മാനിച്ചത്. പുതിയ വേർഷനും മ്യൂസിക് ചാർട്ടുകളിൽ കുതിക്കുകയാണ്.

News Malayalam 24x7
newsmalayalam.com