'സ്വാമി അയ്യപ്പനും' യേശുദാസിനും മുമ്പേ മലകയറിയ ഹരിവരാസനം; കഥകള്‍, തര്‍ക്കം, അവകാശവാദങ്ങള്‍...

താരാട്ടുപാട്ടെന്ന നിലയില്‍ ആദ്യകാലങ്ങളില്‍ നീലാംബരി രാഗത്തിലായിരുന്നു ഹരിവരാസനം പാടിയിരുന്നത്. ദേവരാജന്‍ മാസ്റ്ററാണ് ഹരിവരാസനത്തെ മധ്യമാവതിയില്‍ ചിട്ടപ്പെടുത്തുന്നത്.
K J Yesudas
കെ.ജെ. യേശുദാസ്Source: News Malayalam 24X7
Published on

ശബരിമല ക്ഷേത്രത്തില്‍ അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കുന്നതിന് മുമ്പായാണ് അയ്യപ്പനുള്ള ഉറക്കുപാട്ടായി ഹരിവരാസനം ആലപിക്കുന്നത്. മേല്‍ശാന്തിമാരും, പരികര്‍മികളും ശ്രീകോവിലില്‍ അയ്യപ്പവിഗ്രഹത്തിന് ഇരുവശത്തുമായി നിന്നാണ് ഹരിവരാസനം പാടുന്നത്. പാട്ട് പകുതിയാകുമ്പോള്‍, പരികര്‍മികള്‍ ഓരോരുത്തരായി നടയിറങ്ങും. ഓരോ വരിയും പാടിത്തീരുന്നതനുസരിച്ച് ദീപങ്ങള്‍ അണയ്ക്കും, ഒരു കെടാത്തിരി മാത്രം അവശേഷിക്കും. അവസാന വരി പാടി അവസാനിപ്പിക്കുമ്പോള്‍, മേല്‍ശാന്തി നട അടയ്ക്കും. അതിനൊപ്പമാണ് ഉച്ചഭാഷിണിയില്‍ ഗായകന്‍ കെ.ജെ. യേശുദാസിന്റെ ശബ്ദത്തില്‍ ഹരിവരാസനം മുഴങ്ങുന്നത്. എന്നാല്‍ ഹരിവരാസനം സന്നിധാനത്ത് എത്തിയതുമായി ബന്ധപ്പെട്ട് നിരവധി കഥകളും, അവകാശവാദങ്ങളുമുണ്ട്. അതില്‍ ചിലത് പരിശോധിക്കാം.

ഹരിവരാസനം എന്ന ജനപ്രിയ സിനിമാപ്പാട്ട്

1975ല്‍ പുറത്തിറങ്ങിയ സ്വാമി അയ്യപ്പന്‍ എന്ന സിനിമയ്ക്കുവേണ്ടി ജി. ദേവരാജന്‍ മാസ്റ്റര്‍ ഒരുക്കിയ ഈണത്തിലാണ് യേശുദാസ് ഹരിവരാസനം ആലപിച്ചത്. ചിത്രത്തിന്റെ ജനപ്രീതിയും ഹരിവരാസനം എന്ന പാട്ടിന് ലഭിച്ച സ്വീകാര്യതയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്ക് പ്രത്യേക പുരസ്കാരം നല്‍കി. അതിനായി സംഘടിപ്പിച്ച ചടങ്ങില്‍വച്ച്, അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റ് ജി.പി. മംഗലത്തുമഠമാണ് യേശുദാസ് പാടിയ ഹരിവരാസനം അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കുമ്പോള്‍, സന്നിധാനത്ത് കേള്‍പ്പിക്കാന്‍ തീരുമാനിച്ചത്. അന്നു മുതല്‍ ഇന്നോളം അത് തുടരുകയാണ്. എന്നാല്‍, സിനിമയ്ക്ക് പാടിയതല്ല ഇപ്പോള്‍ അവിടെ കേള്‍ക്കുന്നത്. ദേവരാജന്‍ മാസ്റ്റര്‍ ഒരുക്കിയ ഈണത്തില്‍ യേശുദാസ് പിന്നീട് പാടിയ ഹരിവരാസനമാണ് ശബരിമലയില്‍ കേള്‍പ്പിക്കുന്നത്. സിനിമാപ്പാട്ടില്‍ വന്നുപോയ ചെറിയ തെറ്റുകളൊക്കെ തിരുത്തിയുള്ളതാണ് പുതിയ ഹരിവരാസനം.

ആദ്യ ഈണം മാറ്റിയെത്തിയ പാട്ട്

ഒരു സിനിമാപ്പാട്ടെന്ന നിലയിലുള്ള ഈണമാണ് ഹരിവരാസനത്തിന് ദേവരാജന്‍ മാസ്റ്റര്‍ ആദ്യമിട്ടത്. നല്ല ഈണമായിരുന്നെങ്കിലും നിര്‍മാതാവായിരുന്ന മെറിലാന്‍ഡ് പി. സുബ്രഹ്മണ്യത്തിന്റെ മകന്‍ കാര്‍ത്തികേയന്‍ സന്നിധാനത്ത് മേല്‍ശാന്തി പാടാറുള്ള ഈണം മതിയെന്ന് അഭിപ്രായപ്പെട്ടു. ദേവരാജന്‍ മാസ്റ്റര്‍ക്ക് അത് ആദ്യം സ്വീകാര്യമല്ലായിരുന്നു. എന്നാല്‍, ശബരിമലയില്‍ പാടിക്കൊണ്ടിരിക്കുന്ന ഈണമാണ് നിര്‍ദേശിക്കുന്നതെന്ന് അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെയെങ്കില്‍ അതൊന്ന് കേള്‍ക്കട്ടെ എന്നായി മാസ്റ്റര്‍. പക്ഷേ, അതിനുവേണ്ടി മല കയറാന്‍ നിരീശ്വരവാദിയായ ദേവരാജന്‍ മാസ്റ്റര്‍ ഒരുക്കമല്ലായിരുന്നു. തുടര്‍ന്ന്, സന്നിധാനത്ത് മേല്‍ശാന്തി പാടുന്നത് കേട്ടിട്ടുള്ള ഗായകനെ മെറിലാന്‍ഡ് സ്റ്റുഡിയോയില്‍ എത്തിച്ച് പാടിച്ച് റെക്കോഡ് ചെയ്തു. അത് മാസ്റ്റര്‍ക്ക് നല്‍കി. ആ ഈണത്തെ മാധ്യമാവതിയില്‍ ചിട്ടപ്പെടുത്തിയതാണ് നാം ഇന്ന് കേള്‍ക്കുന്ന ഈണം. താരാട്ടുപാട്ടുകള്‍ക്ക് പൊതുവേ ഉപയോഗിക്കാറുള്ള നീലാംബരി രാഗത്തിലായിരുന്നു അതുവരെ ഹരിവരാസനം പലരും പാടിയിരുന്നത്.

K J Yesudas
തനിലോക മുറക്കാരി: ജ്യോതിയുടെ ശബ്ദം ജേക്‌സിന്റെ വിഷന്‍; വരികള്‍ പതുക്കെ ഡീകോഡ് ചെയ്യപ്പെടട്ടെ എന്നതായിരുന്നു ചിന്ത: മു.രി

യേശുദാസിനും മുമ്പേ മല കയറിയ പാട്ട്

ദേവരാജന്‍ മാസ്റ്ററുടെ ഈണത്തിനും യേശുദാസിന്റെ ശബ്ദത്തിനും മുന്നേ ഹരിവരാസനം ശബരിമലയില്‍ എത്തിയിരുന്നു. അതിന്റെ ഭാഗമായി ഒട്ടനവധി കഥകളും അവകാശവാദങ്ങളും പ്രചരിക്കുന്നുണ്ട്. 1930കളില്‍ മല കയറിയിരുന്നവര്‍ ഹരിവരാസനം പാടിയിരുന്നുവെന്നതാണ് അതില്‍ ഏറ്റവും പഴക്കമുള്ള പ്രചാരണം. വിവിധ ഭജനസംഘങ്ങള്‍ കൊട്ടിപ്പാടിയിരുന്ന കീര്‍ത്തനം പിന്നീട് വാമൊഴിയായി പ്രചരിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.

1940കളില്‍ വലിയ കാടായിരുന്ന ശബരിമലയില്‍ ആലപ്പുഴക്കാരനായ വി.ആർ. ഗോപാലമേനോൻ എന്ന അയ്യപ്പഭക്തന്‍ കുടില്‍കെട്ടി താമസിച്ചിരുന്നു. അന്നവിടെ പുറപ്പെടാ ശാന്തിയായിരുന്ന ഈശ്വരൻ നമ്പൂതിരിയും ഗോപാലമേനോനും സുഹൃത്തുക്കളായി. മേനോന്‍ ദീപാരാധന സമയത്ത് ഹരിവരാസനം പതിവായി ആലപിച്ചിരുന്നു. ശബരിമല ഭരണം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തപ്പോള്‍ മേനോനെ കുടിയിറക്കി. അദ്ദേഹം വണ്ടിപ്പെരിയാറിലെ മൗണ്ട് എസ്റ്റേറ്റില്‍ താമസമാക്കി, അവിടെ തന്നെ മരിച്ചു. മേനോന്റെ മരണശേഷം, ഈശ്വരന്‍ നമ്പൂതിരി ഹരിവരാസനം ആലപിക്കുന്നത് പതിവാക്കി എന്നതാണ് മറ്റൊരു കഥ.

വിമോചനാനന്ദ സ്വാമികളാണ് ഹരിവരാസനം ശബരിമലയില്‍ ആദ്യമായി പാടിയതെന്ന വാദവുമുണ്ട്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ഹരിവരാസനം ഉറക്കുപാട്ടായി മാറിയത്. 1950ലെ അഗ്നിബാധയെ തുടര്‍ന്നുള്ള പുനഃപ്രതിഷ്ഠയോടെ മേല്‍ശാന്തിമാരും പരികര്‍മികളും ഹരിവരാസനം പതിവാക്കിയെന്നും പറയപ്പെടുന്നു.

സ്വാമി അയ്യപ്പന്‍ സിനിമ ഇറങ്ങുംമുമ്പേ, 1971ല്‍ ജയവിജയന്മാർ ഹരിവരാസനം പാടി റെക്കാർഡ് ചെയ്തിരുന്നു. എസ്.പി. ബാലസുബ്രഹ്മണ്യം, പി. ജയചന്ദ്രന്‍, ബിജു നാരായണന്‍, പ്രകാശ് പുത്തൂര്‍, വിജയ് പ്രകാശ്, കെ.എസ്. ചിത്ര എന്നിങ്ങനെ നിരവധി ഗായകര്‍ ഹരിവരാസനം പാടിയിട്ടുണ്ട്. അയ്യപ്പനുള്ള താരാട്ടുപാട്ടെന്ന നിലയില്‍ ആദ്യകാലങ്ങളില്‍ നീലാംബരി രാഗത്തിലായിരുന്നു ഹരിവരാസനം പാടിയിരുന്നു. സ്വാമി അയ്യപ്പനുവേണ്ടി ദേവരാജന്‍ മാസ്റ്ററാണ് ഹരിവരാസനത്തെ മധ്യമാവതിയില്‍ ചിട്ടപ്പെടുത്തുന്നത്. നീലാംബരി രാഗത്തില്‍ ചിത്ര പാടിയിരിക്കുന്ന ഹരിവരാസനം വേറിട്ട ആസ്വാദനം സാധ്യമാക്കുന്നുണ്ട്.

ഹരിവരാസനം എഴുതിയത് ആര്? തീരാത്ത തര്‍ക്കം

ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത സ്വാമി അയ്യപ്പന്‍ എന്ന ചിത്രത്തിലൂടെയാണ് പാട്ട് ജനകീയമായത്. ചിത്രത്തിന് പാട്ടുകള്‍ എഴുതിയത് വയലാര്‍ രാമവര്‍മ ആയിരുന്നു. അതുകൊണ്ട് ഹരിവരാസനവും വയലാര്‍ എഴുതിയതാണെന്നായിരുന്നു പൊതുധാരണ. എന്നാല്‍ സ്വാമി അയ്യപ്പനില്‍ ഉപയോഗിക്കുംമുന്‍പേ പാടിപ്പോന്നിരുന്നു ഹരിവരാസനം. സംസ്കൃതത്തിലുള്ള അഷ്ടകം രാമനാഥപുരം കുമ്പക്കുടി കുളത്തൂര്‍ അയ്യര്‍ എഴുതിയതാണെന്നായിരുന്നു ആദ്യകാലങ്ങളിലുള്ള അറിവ്. 1920ലാണ് കുമ്പക്കുടി കുളത്തൂര്‍ അയ്യര്‍ അയ്യപ്പ സ്തുതിയായി ഹരിവരാസനം എഴുതിയത്. ശാസ്താ സ്തുതി കദംബം എന്ന തമിഴ് പുസ്തകത്തിലാണ് ഹരിവരാസനം ഉള്‍പ്പെട്ടിരുന്നത്. കുമ്പക്കുടി കുളത്തൂര്‍ അയ്യര്‍ശബരിമല സന്ദര്‍ശന കാലത്തെപ്പോഴോ എഴുതിയതാണെന്നാണ് തമിഴ് സാഹിത്യ പഠനങ്ങളെ ഉദ്ധരിച്ച് പലരും ചൂണ്ടിക്കാണിക്കുന്നത്. സ്വാമി അയ്യപ്പനില്‍ പാട്ടിന് ക്രെഡിറ്റ് കൊടുത്തിരിക്കുന്നത് കുമ്പക്കുടി കുളത്തൂർ അയ്യര്‍ക്കാണ്. പിന്നീട് വന്നിട്ടുള്ള സ്വാമി, മാളികപ്പുറം എന്നിങ്ങനെ ചിത്രങ്ങളിലും ക്രെഡിറ്റ് അയ്യര്‍ക്കാണ്.

2007ലാണ് ഹരിവരാസനത്തിന് മറ്റൊരു അവകാശിയെ കണ്ടെത്തുന്നത്. ചരിത്രകാരനും, ഗവേഷകനുമായ ഡോ. സുരേഷ് മാധവ് ഹരിവരാസനം രചിച്ചത്‍ കമ്പക്കുടി കുളത്തൂർ അയ്യര്‍ അല്ല ആലപ്പുഴയിലെ പുറക്കാട് സ്വദേശിയായ ജാനകിയമ്മയാണെന്ന് കണ്ടെത്തി. 1963ല്‍ തിരുവനന്തപുരം ചാലായിലെ ജയചന്ദ്രാ ബുക്ക് ഡിപ്പോ 'ധർമ്മശാസ്ത സ്തുതി കദംബം' എന്ന കീർത്തന സമാഹാരം പുറത്തിറക്കിയിരുന്നു. അതില്‍ ‘ഹരിഹരാത്മജാഷ്‌ടകം’ എന്ന തലക്കെട്ടിൽ ‘ഹരിവരാസനം...’ കീർത്തനം അച്ചടിച്ചിരുന്നു. കമ്പക്കുടി കുളത്തൂർ അയ്യരെ സമ്പാദകൻ എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. അതായത്, മറ്റാരോ എഴുതിയതോ പാടിയതോ ആയ കീര്‍ത്തനം കണ്ടെത്തി, പ്രസിദ്ധീകരിച്ച ആള്‍ മാത്രമാണ് കുമ്പക്കുടി അയ്യര്‍.

പുതിയ കണ്ടെത്തലുകള്‍ ചര്‍ച്ചയായതിനു പിന്നാലെ, ഹരിവരാസനം എഴുതിയത് ജാനകിയമ്മയാണെന്ന് അവകാശപ്പെട്ടുകൊണ്ട് മക്കളായ ഭാരതിയമ്മയും, ബാലാമണിയും മുന്നോട്ടുവന്നിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വത്തിനും മുഖ്യമന്ത്രിക്കുമൊക്കെ നിവേദനവും നല്‍കിയിരുന്നു. ഹരിവരാസനം കൂടാതെ, അയ്യപ്പ കീർത്തന ഭാഷാഗാനം എന്ന പുസ്തകവും ജാനകിയമ്മ രചിച്ചിട്ടുണ്ടെന്ന് ഗവേഷകരും തെളിവുകള്‍ നിരത്തി. നിരവധി കവിതകളും കീര്‍ത്തനങ്ങളുമൊക്കെ ജാനകിയമ്മ എഴുതിയിട്ടുണ്ടെന്ന് മക്കളും കൊച്ചുമക്കളുമൊക്കെ അവകാശപ്പെടുകയും ചെയ്തു.

ശബരിമലയില്‍ പൂജാരിയും ഏറ്റവും അവസാനത്തെ വെളിച്ചപ്പാടുമായിരുന്ന അനന്തകൃഷ്‌ണ അയ്യരുടെ മകളും പ്രശസ്ത പത്രപ്രവർത്തകനായിരുന്ന എം. ശിവറാമിന്റെ സഹോദരിയുമായിരുന്നു ജാനകിയമ്മ. 1893ല്‍ ജനിച്ച ജാനകി അച്ഛനില്‍ നിന്നാണ് അയ്യപ്പനെക്കുറിച്ചുള്ള ഐതിഹ്യങ്ങളും കഥകളുമൊക്കെ കേള്‍ക്കുന്നത്. അച്ഛനില്‍നിന്ന് ഒറ്റമൂലി വൈദ്യവും സംസ്കൃതവുമൊക്കെ പഠിച്ച ജാനകി കുട്ടനാട്ടുകാരനായ ശങ്കരപ്പണിക്കരെ വിവാഹം ചെയ്തു. 1923ല്‍ ആറാമത്തെ കുട്ടിയെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴാണ് ഹരിവരാസനം എഴുതിയത്. കീര്‍ത്തനം അച്ഛനെ ഏല്‍പ്പിച്ച് ശബരിമലയില്‍ കാണിക്കയായി സമര്‍പ്പിച്ചു. കാണിക്ക ആയതിനാല്‍ അതില്‍ പേര് വച്ചിരുന്നില്ല. അന്ന് ജനിച്ച കുഞ്ഞിന് ജാനകിയമ്മ അയ്യപ്പന്‍ എന്നാണ് പേരിട്ടത്.

K J Yesudas
മാറത്തിന്നൂരാളേ... കീമേ നമ്മെ മറിച്ചാളേ...; നൂറാന്‍ സിസ്റ്റേഴ്സ് എന്ന തനി ലോകമുറക്കാരി

നാട്ടിലെ ഭജനസംഘം ജാനകിയില്‍നിന്ന് കീര്‍ത്തനം പകര്‍ത്തിയെടുത്ത് പാടിത്തുടങ്ങി. ഹരിവരാസനം ആദ്യം ഈണമിട്ട് പാടിയത് പുറക്കാട് ആനന്ദേശ്വരം ശിവക്ഷേത്രത്തിലെ ഭജനസംഘം ആണെന്നും പറയപ്പെടുന്നു. പിന്നീട് വിവിധ ഭജനസംഘങ്ങളും, മല കയറുന്നവരുമൊക്കെ ഹരിവരാസനം പാടിത്തുടങ്ങി. കൃഷിയില്‍ കടം കയറിയതോടെ, ജാനകിയമ്മ കുടുംബസമേതം കൊല്ലം ശാസ്താംകോട്ടയിലേക്ക് താമസം മാറിയിരുന്നു. അങ്ങനെ ഹരിവരാസനം ശാസ്‌താംകോട്ട ക്ഷേത്രം സന്ദർശിച്ചു മലയ്‌ക്കു പോയിരുന്ന ‘കല്ലടസംഘ'ത്തിന് കിട്ടി. അവരും ഇത് പാടിയിരുന്നു. 1972ല്‍ ജാനകിയമ്മ നിര്യാതയായി. പിന്നെയും മൂന്ന് വര്‍ഷം കഴിഞ്ഞാണ് സ്വാമി അയ്യപ്പന്‍ പുറത്തിറങ്ങുന്നത്.

ഹരിവരാസനത്തിന്റെ രചയിതാവിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇപ്പോഴും അന്ത്യമായിട്ടില്ല. ഇരുപക്ഷവും പലതരത്തിലുള്ള വാദഗതികള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. സംസ്കൃതഭാഷയും രചനാരീതിയും, മറ്റ് പുസ്തകങ്ങളും കീര്‍ത്തനങ്ങളുമൊക്കെയാണ് കുമ്പക്കുടി അയ്യര്‍ പക്ഷം മുന്നോട്ടുവയ്ക്കുന്നത്. അതേസമയം, ഹരിവരാസനത്തിലെ സംസ്കൃത ഭാഷാപ്രയോഗത്തില്‍ വ്യാകരണപ്പിശകുകള്‍ വന്നുകൂടിയിട്ടുണ്ട്. സംസ്കൃത ഭാഷയും, വ്യാകരണവും നന്നായി അറിയുന്നയാള്‍ എഴുതിയൊരു കീര്‍ത്തനമല്ലെന്ന വാദങ്ങളെ ശരിവയ്ക്കുന്നതാണ് ഇത്തരം കണ്ടെത്തലുകള്‍. സംസ്കൃതഭാഷയിലെ തുടക്കക്കാരന്റെ രചനയെന്ന വിലയിരുത്തലാണ് കൂടുതല്‍ ചേരുക. അതൊക്കെ ജാനകിയമ്മ എഴുതിയതാണെന്ന വാദത്തെ സാധൂകരിക്കുന്നതുമാണ്.

(കടപ്പാട്: വിവിധ ലേഖനങ്ങള്‍, അഭിമുഖം)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com