
അറിയാതെ... അറിയാതെ... എന്നിലെ എന്നിൽ നീ... എന്നിലെയെന്നിൽ നീ... കവിതയായ് വന്നു തുളുമ്പി... മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമാപ്പാട്ടുകളിലൊന്ന്. ഒരു കഥ ഒരു നുണക്കഥ എന്ന ചിത്രത്തിനായി എം.ഡി. രാജേന്ദ്രന്‍ എഴുതി, ജോണ്‍സണ്‍ മാസ്റ്റര്‍ ഈണമിട്ട്, കെ.എസ്. ചിത്ര വശ്യസുന്ദരമായി പാടിയ പാട്ട്. പഴയൊരു ഹിന്ദി സിനിമാപ്പാട്ടായിരുന്നു അറിയാതെ... അറിയാതെയുടെ ഈണത്തിലേക്ക് ജോണ്‍സണ്‍ മാസ്റ്ററുടെ വഴികാട്ടി. അതിന് കാരണമായതാകട്ടെ, ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്ന ഡേവിഡ് കാച്ചപ്പിള്ളിയുടെ ഭാര്യയും.
ചൊവല്ലൂര്‍ കൃഷ്ണന്‍കുട്ടിയുടെ കഥയില്‍ മോഹനും ശ്രീനിവാസനും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും എഴുതി, മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു കഥ ഒരു നുണക്കഥ. ഡേവിഡ് കാച്ചപ്പിള്ളിയും ഇന്നസെന്റും ചേര്‍ന്ന് നിര്‍മിച്ച ചിത്രം 1986 ജനുവരിയിലാണ് പുറത്തുവന്നത്. നെടുമുടി വേണു, മാധവി, മമ്മൂട്ടി, പവിത്ര, വേണു നാഗവള്ളി, മീന, ശ്രീനിവാസന്‍, ഇന്നസെന്റ്, തിലകന്‍ എന്നിവരായിരുന്നു പ്രധാന അഭിനേതാക്കള്‍. ചിത്രത്തില്‍ ഒരു പാട്ട് മാത്രമാണ് ഉണ്ടായിരുന്നത്. രണ്ട് ദിവസം കൊണ്ടാണ് പാട്ടിന്റെ വരികളും ഈണങ്ങളുമൊക്കെ പിറന്നത്. അതിലേക്ക് വഴി തുറന്നതാകട്ടെ പഴയൊരു ഹിന്ദി ഗാനവും.
തമിഴ്‌നാട് നുങ്കംപാക്കം ക്വീന്‍സ് ഹോട്ടലിലായിരുന്നു പാട്ടിന്റെ കംപോസിങ്. ജോണ്‍സണ്‍ മാസ്റ്റര്‍ക്കൊപ്പം മോഹനും, രാജേന്ദ്രനും നിര്‍മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയും ഉണ്ടായിരുന്നു. ഗസല്‍ സ്വഭാവമുള്ള ഒരു ഈണത്തിനാണ് ശ്രമിക്കുന്നത്. പല ഈണങ്ങള്‍ പിറന്നെങ്കിലും മോഹന് അതൊന്നും അത്ര ഇഷ്ടമായില്ല. ആദ്യ ദിവസം അങ്ങനെ കഴിഞ്ഞുപോയി. അടുത്ത ദിവസവും ജോണ്‍സണ്‍ മാസ്റ്റര്‍ ഈണങ്ങളുടെ വഴി തേടി. വരിയെഴുതാന്‍ തയ്യാറായി രാജേന്ദ്രനും, മോഹനും, ഡേവിഡും കൂടെയിരുന്നു. പക്ഷേ, ഏറെനേരം ഇരുന്നിട്ടും എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഈണം കിട്ടിയില്ല. അതോടെ, മോഹനും ഡേവിഡും അവരവരുടെ താമസസ്ഥലത്തേക്ക് മടങ്ങി.
വീട്ടിലെത്തിയ ഡേവിഡ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഭാര്യ മൂളിപ്പാട്ട് പാടുന്നത് ശ്രദ്ധയില്‍പ്പെട്ടു. അന്വേഷിച്ചപ്പോള്‍, ബീതി നാ ബിതായെ രേയ്‌നാ... എന്ന ഹിന്ദി പാട്ടാണെന്ന് ഭാര്യ മറുപടി നല്‍കി. 1972ല്‍ ഗുല്‍സാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പരിചയ് എന്ന ഹിന്ദി സിനിമയ്ക്കായി ഭുപീന്ദര്‍ സിങ്ങും ലതാ മങ്കേഷ്കറും ചേര്‍ന്ന് ആലപിച്ച പാട്ട്. ഗുല്‍സാറിന്റെ വരികള്‍ക്ക് ആര്‍.ഡി. ബര്‍മന്റെ ഈണം. സുന്ദരമായൊരു പ്രണയഗാനം. 'ഈ ഈണം കൊള്ളാമല്ലോ' എന്നൊരു തോന്നല്‍ ഡേവിഡിന് ഉണ്ടായി. ഭക്ഷണം വേഗം കഴിച്ചുതീര്‍ത്ത ഡേവിഡ് ഭാര്യയെക്കൊണ്ട് ഫോണിലൂടെ ആ പാട്ട് ജോണ്‍സണ്‍ മാസ്റ്ററെ പാടിക്കേള്‍പ്പിച്ചു, കൂടെയൊരു നിര്‍ദേശവും, 'ഈ പാട്ട് വച്ച് നമുക്കൊന്ന് നോക്കിയാലോ'?
ഈണം പകര്‍ത്തുന്നതിനോട് ഒരുകാലത്തും യോജിക്കാത്ത ജോണ്‍സണ്‍ മാസ്റ്ററോടായിരുന്നു ഡേവിഡിന്റെ നിര്‍ദേശം. അപ്പോള്‍ തന്നെ മറുപടിയുമെത്തി, "ഹിന്ദിയിലെ ഈണം പകര്‍ത്തണമെന്ന് പറയരുത്. ആവശ്യമെങ്കില്‍ അതിന്റെ മൂഡില്‍ വേറൊരു പാട്ടുണ്ടാക്കാന്‍ ശ്രമിക്കാം. പക്ഷേ, ആ ഈണം പൂര്‍ണമായും എന്റേതായിരിക്കും". ജോണ്‍സണ്‍ മാസ്റ്ററുടെ നിലപാടിനോട് എല്ലാവരും യോജിച്ചു. അങ്ങനെ പുതിയ ഈണം പിറവിയെടുത്തു. ഈണത്തിനനുസരിച്ച് രാജേന്ദ്രന്‍ വരികളെഴുതി. അങ്ങനെയങ്ങനെ പാട്ട് പൂര്‍ണമായി. ഈണവും വരികളും ഒരുപോലെ പിറവിയെടുത്ത പാട്ടായി അത് മാറി. "പാട്ടെഴുതിയ എം.ഡി. രാജേന്ദ്രനും, ചിട്ടപ്പെടുത്തിയ എനിക്കും, പാടിയ ചിത്രയ്ക്കും പുറമേ മറ്റൊരാള്‍ക്കു കൂടി അവകാശപ്പെട്ടതാണ് ആ പാട്ടിന്റെ ക്രെഡിറ്റ്; നിര്‍മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ ഭാര്യക്ക് " - എന്നായിരുന്നു ജോണ്‍സണ്‍ മാസ്റ്റര്‍ പിന്നീടൊരിക്കല്‍ ഇതിനെക്കുറിച്ച് പറഞ്ഞത്.
ചെന്നൈ എവിഎം സ്റ്റുഡിയോയിലായിരുന്നു പാട്ടിന്റെ റെക്കോഡിങ്. ഓര്‍ക്കസ്ട്രേഷനില്‍ ജോണ്‍സണ്‍ മാസ്റ്ററുടെ സഹായിയായി ഗായകന്‍ കൂടിയായ മനോഹരനും ഉണ്ടായിരുന്നു. ഹമ്മിങ് കഴിഞ്ഞ് പാട്ടിന്റെ വരികള്‍ ചൊല്ലിക്കൊടുക്കുന്നത് മനോഹരനാണ്. സ്ക്രീനില്‍ അത് മമ്മൂട്ടിയുടെ കഥാപാത്രമാണ് ചെയ്തിരിക്കുന്നത്. യമന്‍ കല്യാണ്‍, ബിഹാഗ് എന്നീ രാഗങ്ങളുടെ മിശ്രണമാണ് ആര്‍.ഡി. ബര്‍മന്റെ ഈണം. എന്നാല്‍, രണ്ട് രാഗങ്ങളെയും തനതായി ഉപയോഗപ്പെടുത്തിയിട്ടുമില്ല. അതേസമയം, ബിഹാഗിലാണ് ജോണ്‍സണ്‍ മാസ്റ്റര്‍ അറിയാതെ അറിയാതെ... ചിട്ടപ്പെടുത്തിയിരിക്കുന്നത്.
(വിവരങ്ങള്‍: ചിത്രവര്‍ണ്ണങ്ങള്‍, രവി മേനോന്‍, ഡിസി ബുക്സ്)