എം.എസ്.വിയുടെ ഈണം, ഇളയരാജയുടെ ഓര്‍ക്കസ്ട്രേഷന്‍, കീബോര്‍ഡില്‍ റഹ്മാന്‍; അത്യപൂര്‍വ സംഗമത്തില്‍ പിറന്ന 'മെല്ല തിറന്തത് കതവ്'

വാ വെണ്ണിലാ..., തേടും കണ്‍ പാര്‍വൈ തവിക്കെ.., ദില്‍ ദില്‍ ദില്‍ മനതില്‍..., കുഴലൂതും കണ്ണനുക്ക്..., ഊരു സനം തൂങ്കിറിച്ച്..., സക്കര കട്ടിക്ക്... എന്നിങ്ങനെ ആറ് പാട്ടുകളാണ് ചിത്രത്തിലുണ്ടായിരുന്നത്.
M S Viswanathan, Ilayaraaja, A R Rahman
എം.എസ്. വിശ്വനാഥന്‍, ഇളയരാജ, എ.ആര്‍. റഹ്മാന്‍Source: News Malayalam 24X7
Published on

എം.എസ്. വിശ്വനാഥന്‍, ഇളയരാജ, എ.ആര്‍. റഹ്‌മാന്‍... ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തിലെ മൂന്ന് യുഗ പ്രതിഭകള്‍. മൂവരും ഒന്നിച്ചാലോ? മൂന്ന് തരത്തില്‍, തലത്തില്‍ സംഗീതത്തെ അത്യുന്നതിയില്‍ എത്തിച്ച പ്രതിഭകളുടെ സംഗമം. അതൊരു അസാമാന്യ കോംബോ ആയിരിക്കുമെന്ന കാര്യത്തില്‍ രണ്ട് പക്ഷമുണ്ടാകുമെന്ന് തോന്നുന്നില്ല. ഇനി അങ്ങനെ എന്തെങ്കിലും സംശയം ബാക്കിയുള്ളവര്‍ 1986ല്‍ പുറത്തിറങ്ങിയ 'മെല്ല തിറന്തത് കതവ്' എന്ന തമിഴ് ചിത്രത്തിലെ ഗാനങ്ങള്‍ കേട്ടു നോക്കുക. അത്യപൂര്‍വ സംഗമത്തിന്റെ രസക്കൂട്ട് അതില്‍ കാണാം.

ആര്‍. സുന്ദരരാജന്‍ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'മെല്ല തിറന്തത് കതവ്'. മോഹന്‍, രാധ, അമല എന്നിവരായിരുന്നു പ്രധാന വേഷത്തില്‍. ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ടത് എംഎസ്‌വി ആയിരുന്നു. എംഎസ്‌വിയുടെ ഈണത്തിന് ഓര്‍ക്കസ്‌ട്രേഷനും, ചിത്രത്തിന് ബിജിഎമ്മും ഒരുക്കിയത് ഇളയരാജയും. എംഎസ്‌വിയുടെയും ഇളയരാജയുടെയും സ്ഥിരം ഓര്‍ക്കസ്ട്ര ടീമിനൊപ്പം കീ ബോര്‍ഡുമായി റഹ്മാനും. വാ വെണ്ണിലാ..., തേടും കണ്‍ പാര്‍വൈ തവിക്കെ.., ദില്‍ ദില്‍ ദില്‍ മനതില്‍..., കുഴലൂതും കണ്ണനുക്ക്..., ഊരു സനം തൂങ്കിറിച്ച്..., സക്കര കട്ടിക്ക്... എന്നിങ്ങനെ ആറ് പാട്ടുകളാണ് ചിത്രത്തിലുണ്ടായിരുന്നത്. അഞ്ച് പാട്ടുകള്‍ക്ക് വാലിയും രണ്ട് പാട്ടുകള്‍ക്ക് ഗംഗൈ അമരനുമാണ് വരികളെഴുതിയത്. എസ്.പി. ബാലസുബ്രഹ്മണ്യും, എസ്. ജാനകി, പി. സുശീല, കെ.എസ്. ചിത്ര, എസ്.പി. ഷൈലജ, ബി.എസ്. ശശിരേഖ എന്നിവരായിരുന്നു ഗായകര്‍. ചിത്രത്തിനൊപ്പം, ഒന്നിനോടൊന്ന് മത്സരിക്കുന്ന പാട്ടുകളും സൂപ്പ‍ര്‍ ഹിറ്റായി.

'മെല്ല തിറന്തത് കതവ്' എന്ന ചിത്രത്തിന്റെ പിറവിക്കും പറയാനുണ്ട് സിനിമാമേഖലയില്‍ അത്യപൂര്‍വമായ സൗഹൃദത്തിന്റെ കഥ. തമിഴ് സിനിമാസംഗീതത്തില്‍ ഇളയരാജ ഒറ്റയാനായി വിരാജിച്ചപ്പോള്‍, എംഎസ്‌വിക്ക് ചിത്രങ്ങള്‍ കുറഞ്ഞു. എംഎസ്‌വിക്കൊപ്പം മുപ്പതിലധികം ചിത്രങ്ങള്‍ ചെയ്ത കെ. ബാലചന്ദര്‍ പോലും വി.എസ്. നരസിംഹനിലേക്കും പിന്നാലെ ഇളയരാജയിലേക്കും ചുവടുമാറി. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വല്ലാതെ ബാധിച്ചൊരു കാലത്ത്, എംഎസ്‌വിയെ സഹായിക്കാന്‍ വേണ്ടിയായിരുന്നു എ.വി.എം. പ്രൊഡക്ഷന്‍സ് ഒരു സിനിമ നിര്‍മിക്കാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് 'മെല്ല തിറന്തത് കതവ്' എന്ന ചിത്രം ഉണ്ടാകുന്നത്. ചിത്രം സൂപ്പര്‍ ഹിറ്റായി, പാട്ടുകളും. രണ്ട് മഹാരഥന്മാര്‍ താന്‍പോരിമയ്ക്ക് ഇടംകൊടുക്കാതെ ഏകസംഗീതമായി അലിഞ്ഞുചേര്‍ന്നതിനും, തമിഴ് സിനിമാ സംഗീതത്തിലെ കാലാതിവര്‍ത്തിയായ ഗാനങ്ങള്‍ക്കും 'മെല്ല തിറന്തത് കതവ്' വേദിയായി.

M S Viswanathan, Ilayaraaja, A R Rahman
മലയാള സിനിമയ്ക്ക് പാട്ടുണ്ടാക്കാന്‍ ഒരു തമിഴനോ? ലങ്കാദഹനം നേരിട്ട 'വേറിട്ട' വിമര്‍ശനം

എസ്.പി. ബാലസുബ്രഹ്മണ്യവും എസ്. ജാനകിയും പാടിയ 'വാ വെണ്ണിലാ...' എന്ന ഗാനത്തിന്റെ ഈണം വന്നതിനു പിന്നിലുമൊരു കഥയുണ്ട്. ചിത്രത്തിന് രണ്ട് വര്‍ഷം മുന്‍പായിരുന്നു അത് സംഭവിച്ചത്. ചെന്നൈയിലെ പ്രസാദ് സ്റ്റുഡിയോയില്‍ റെക്കോഡിങ്ങുകള്‍ക്കായി എത്തിയതായിരുന്നു എംഎസ്‌വിയും ഇളയരാജയും. വൈദ്യുതി തടസം നേരിട്ടതോടെ, ഒരു മണിക്കൂറോളം റെക്കോഡിങ് നിര്‍ത്തിവയ്ക്കേണ്ടിവന്നു. മഹാരഥന്മാര്‍ രണ്ടുപേരും സംഗീതസംഭാഷണങ്ങളിലേക്ക് കടന്നു. പറഞ്ഞുപറഞ്ഞ് ഇളയരാജ എക്കാലത്തെയും പ്രിയപ്പെട്ട ഗാനങ്ങളിലേക്ക് എത്തി. 1953ല്‍ പി. ഭാനുമതിയുടെ സംവിധാനത്തില്‍ എന്‍.ടി. രാമറാവുവും ഭാനുമതിയും അഭിനയിച്ച ചന്ദിറാനി എന്ന ചിത്രത്തിലെ 'വാന്‍ മീതിലെ... ഇമ്പ തേന്‍ മാറി പെയ്യുതേ...' എന്ന ഗാനത്തെക്കുറിച്ച് ഇളയരാജ വാചാലനായി. അതിന് ഈണമിട്ടത് സി.ആര്‍. സുബ്ബുരാമന്‍ ആണെന്ന ധാരണയിലായിരുന്നു ഇളയരാജ സംസാരിച്ചത്. ഇതെല്ലാം കേട്ടതിനുശേഷം എംഎസ്‌വി പറഞ്ഞു: "ആ പാട്ടിന് ഈണമിട്ടത് ഞാനാണ്". അത് ഇളയരാജയ്ക്ക് പുതിയ അറിവായിരുന്നു.

'മെല്ല തിറന്തത് കതവ്' എന്ന ചിത്രത്തിനായി ഇരുവരും ഒന്നിച്ച സമയം. ഇരുവരും ചേര്‍ന്ന് പ്രണയഗാനത്തിന് ഈണമൊരുക്കാന്‍ തയ്യാറെടുക്കുകയായിരുന്നു. ഇളയരാജ വീണ്ടും തന്റെ ഇഷ്ടപ്പാട്ടിനെക്കുറിച്ച് എംഎസ്‌വിയോട് സംസാരിച്ചു. "എനിക്ക് അതുപോലൊരു പാട്ട് വേണം. എന്നാല്‍ അതിന്റെ ഛായ വരരുത്" -ഇളയരാജ പറഞ്ഞു. എംഎസ്‌വി ഹാര്‍മോണിയത്തില്‍ വിരലുകളോടിച്ച് പാടിത്തുടങ്ങി 'വാന്‍ മീതിലെ... ഇമ്പ തേന്‍ മാറി പെയ്യുതേ... വാ വെണ്ണിലാ... ഉന്നെ താനെ വാനം തേടുതെ...'. 20 മിനുറ്റുകൊണ്ട് 'വാ വെണ്ണിലാ...' ഈണമൊരുങ്ങി. പതിവുവേഗത്തില്‍ ഇളയരാജ നൊട്ടേഷന്‍ എഴുതി. അര ദിവസത്തിനുള്ളില്‍ പാട്ട് റെഡിയായി. എസ്.പി.ബിയും ജാനകിയും ചേര്‍ന്നാണ് പാട്ട് ആലപിച്ചത്. ജാനകിയുടെ സോളോ ആയും ഇതേ പാട്ട് പാടിയിട്ടുണ്ട്.

1986ല്‍ സിംഗപ്പൂരില്‍ നടന്നൊരു സ്റ്റേജില്‍ ഷോയില്‍ ഇളയരാജയാണ് 'വാ വെണ്ണിലാ...' എന്ന പാട്ടിന്റെ പിന്നാമ്പുറ കഥ വിവരിച്ചത്. രണ്ട് ചിത്രങ്ങളിലെയും പാട്ടുകള്‍ പാടിക്കൊണ്ടായിരുന്നു ഇളയരാജ ഇക്കാര്യം വിവരിച്ചത്. "അഴകാന പുള്ളയെ നാന്‍ പെറ്റുകൊടുത്തേന്‍.. അതുക്ക് നല്ല അലങ്കാരം, മൂക്കുത്തി, പൗഡര്‍, ലിപ്‍സ്റ്റിക്ക്, നല്ല സട്ടൈ എല്ലാം പോട്ട് കൊടുത്തവന്‍ രാജാ താന്‍..." എന്നായിരുന്നു 'മെല്ല തിറന്തത് കതവ്'എന്ന ചിത്രത്തിലെ പാട്ടുകളെക്കുറിച്ച് എംഎസ്‌വി പിന്നീട് പറഞ്ഞിട്ടുള്ളത്. രണ്ട് കലൈഞ്ജറുകള്‍ ആത്മാര്‍ഥമായി ചേര്‍ന്നപ്പോര്‍ പിറന്ന ഹിറ്റ്. പരസ്പരം ആദരിക്കാനും, സംഗീതത്തില്‍ ലയിക്കാനും മാത്രമാണ് ഇരുവരും എന്നും ശ്രമിച്ചിട്ടുള്ളത്. എംഎസ്‍വിയുടെ സംഗീതമാണ് എന്റെ സിരകളിലൂടെ ഒഴുകുന്നതെന്നാണ് ഇളയരാജ എപ്പോഴും പറയാറ്. താന്‍ ഇളയരാജ ഫാന്‍ ആണെന്നാണ് എംഎസ്‌വി പറഞ്ഞിട്ടുള്ളത്. മികച്ച പാട്ടുകള്‍, കാലാതിവര്‍ത്തിയായ പാട്ടുകള്‍ സമ്മാനിച്ച പ്രതിഭയാണ് രാജയെന്നും എംഎസ്‌വി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

M S Viswanathan, Ilayaraaja, A R Rahman
ഒപ്പം പാടി, അഭിനയിച്ചു; ചിത്രയ്ക്ക് അന്നുമിന്നും അറിയില്ല, ആ ഗായകനെ

ചിത്രത്തില്‍ നായകനെ ആകര്‍ഷിക്കാന്‍ നായിക പാടുന്നതാണ് 'കുഴലൂതും കണ്ണനുക്ക് കുയില്‍ പാടും പാട്ട് കേക്കുതാ... ' എന്ന പാട്ട്. വാലിയുടെ വരികള്‍ക്ക് നാടന്‍-പാശ്ചാത്യ താളവിന്യാസമാണ് ഇളയരാജ ഒരുക്കിയത്. അതിലേക്ക് ചിത്രയുടെ ശബ്ദം കൂടിയായപ്പോള്‍, പാട്ട് മറ്റൊരു ഭാവതലം തൊട്ടു. ഓടക്കുഴല്‍ ഊതുന്ന നായകനൊപ്പം പാട്ടുപാടുന്ന നായിക. ചിത്രയും ശബ്ദത്തിനൊപ്പം, ഇടക്കിടെ ഓടക്കുഴല്‍ നാദവും ചേരുന്ന പാട്ട്. തെന്നിന്ത്യയില്‍ ജാനകിക്കും സുശീലയ്ക്കുമൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന ശബ്ദമായി ചിത്രയെ അടയാളപ്പെടുത്തിയൊരു പാട്ട് കൂടിയായി അത് മാറി. ഈ ഈണം പിന്നീടൊരു ഹിന്ദി ചിത്രത്തിലും ഇളയരാജ ഉപയോഗിച്ചു. 2007ല്‍ ആര്‍. ബാല്‍കിയുടെ സംവിധാനത്തില്‍ അമിതാഭ് ബച്ചന്‍, തബു, പരേഷ് റാവല്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചീനി കം എന്ന ചിത്രത്തിലാണ് ഇളയരാജ ഈണത്തിന് ഹിന്ദി വരികളും പുതിയ ഓര്‍ക്കസ്ട്രേഷനും പരീക്ഷിച്ചത്. ശ്രേയ ഘോഷലാണ് 'ബാത്തേ ഹവാ ഹെ സാരി...' എന്നു തുടങ്ങുന്ന ഗാനം പാടിയത്.

കേള്‍ക്കുമ്പോള്‍ അന്നുമിന്നും ഫ്രഷ്നെസ് തോന്നുന്ന പാട്ടാണ് 'ഊരു സനം തൂങ്കിറിച്ച്...'. ഗംഗൈ അമരന്റെ വരികള്‍ക്ക് ഈണം പകര്‍ന്നുനല്‍കിയ മനോഹാരിതയെ ജാനകി ശബ്ദത്താല്‍ അളന്നിട്ടിരിക്കുന്നു. ആരാലും പകരം വയ്ക്കാനാകാത്ത കലാസൃഷ്ടി. അസാധ്യ കോമ്പിനേഷനാണ് 'തേടും കണ്‍ പാര്‍വൈ തവിക്കെ...' എന്ന ഗാനത്തിന്റെ പ്രത്യേകത. വാലിയുടെ വരികള്‍ എസ്‌പിബിയും ജാനകിയും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. 'എംഎസ്‌വിയുടെ പാട്ടുകളില്‍ ഏറ്റവും ടഫായ പാട്ട്' എന്നാണ് എസ്‌പിബി ഗാനത്തെ വിലയിരുത്തിയിട്ടുള്ളത്.

1950കളില്‍ തമിഴ് സിനിമാ സംഗീതമെന്നാല്‍ എം.എസ്. വിശ്വനാഥനും ടി.കെ. രാമമൂര്‍ത്തിയുമായിരുന്നു. ശാസ്ത്രീയ സംഗീതത്തിന്റെ വഴിത്താരകളിലൂടെ തമിഴ് സിനിമയെ അവര്‍ കൈപിടിച്ചുനടത്തി. കല്ലിന്മേല്‍ കല്ല് പെറുക്കിയടുക്കി വെക്കുന്നതുപോലെ സുന്ദരമായി ചെയ്തെടുത്ത ഈണങ്ങള്‍ തമിഴ്‌മനം കീഴടക്കി. എംജിആറിനെ മക്കള്‍ തിലകമായും ശിവാജിയെ നടികര്‍ തിലകമായും ജമിനി ഗണേശനെ കാതല്‍ മന്നനായും മാറ്റിയ ഈണങ്ങളൊരുക്കിയ എംഎസ്‌വി, തെന്നിന്ത്യന്‍ സിനിമയിലെ മെല്ലിസൈ മന്നനായി.

M S Viswanathan, Ilayaraaja, A R Rahman
ജ്യോതിഷി പറഞ്ഞു, ഒഴിവാക്കിയ പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്തി; പിറന്നത് സൂപ്പര്‍ ഹിറ്റ്

1976ല്‍ അന്നക്കിളിയിലൂടെയാണ് ഇളയരാജ യുഗത്തിന്റെ ആരംഭം. തനി നാടനെന്നോ, മണ്ണില്‍ പിറവിയെടുത്ത ഈണങ്ങളെന്നോ ആസ്വാദകര്‍ ഇഷ്ടത്തോടെ, ഹൃദയത്തിലേറ്റിയ സംഗീതം. അതിനെ ഓര്‍ക്കസ്ട്രേഷനിലൂടെ പെര്‍ഫെക്ടാക്കി ഇളയരാജ ഇസൈജ്ഞാനിയായി. 1992ല്‍ റോജയിലൂടെ റഹ്മാന്‍ സിനിമാസംഗീതത്തിന് പുതിയ നിര്‍വചനം നല്‍കി. സംഗീതവും സാങ്കേതിക തനിമയും ഇഴചേര്‍ന്നതായിരുന്നു റഹ്മാന്റെ ഈണങ്ങള്‍. പുതിയ കാലത്തിന്റെ സംഗീതാഭിരുചിയെ നിര്‍വചിച്ച റഹ്‌മാന്‍ 'മൊസാര്‍ട്ട് ഓഫ് മദ്രാസ്' ആയി. ഇന്ത്യന്‍ സംഗീതത്തിന് തന്നെ അഭിമാനമായ മൂന്ന് പ്രതിഭകള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com