നിമിഷ സജയൻ - കരുണാസ് ചിത്രം ‘എന്ന വിലൈ’യിലെ ‘വാൻ മീര്’ വീഡിയോ ഗാനം പുറത്ത്; ചിത്രം സെപ്റ്റംബർ 17ന് ആഗോള റിലീസ്

വേഫെറർ ഫിലിംസ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്ന ചിത്രം സെപ്റ്റംബർ 17ന് ആഗോള റിലീസായി പ്രേക്ഷകരിലേക്കെത്തും
‘എന്ന വിലൈ’ സിനിമ
‘എന്ന വിലൈ’ സിനിമ
Published on
Updated on

പ്രശസ്ത തെന്നിന്ത്യൻ താരം നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ ഒരുക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’യിലെ പുതിയ വീഡിയോ ഗാനം പുറത്ത്. ‘വാൻ മീര്’ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ വരികൾ രചിച്ചത് കാർത്തിക് നേതയും ആലപിച്ചത് ശിവവും ആണ്. ഗാനത്തിന് സംഗീതം പകർന്നത് സാം സി.എസ്.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്ന ചിത്രം സെപ്റ്റംബർ 17ന് ആഗോള റിലീസായി പ്രേക്ഷകരിലേക്കെത്തും. കലാമയ സിനിവേഴ്സ്, റോമിയോ പിക്ചേഴ്സ് എന്നീ ബാനറുകളിൽ മലയാളിയായ ജിതേഷ് വി, അനുഗോപാൽ വേണുഗോപാലൻ എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള ദേശീയ അവാർഡും മികച്ച തിരക്കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയ സജീവ് പാഴൂർ ആണ്.

രാമേശ്വരത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന ‘എന്ന വിലൈ’ കുടുംബ ബന്ധങ്ങളിലൂടെയും വ്യക്തിജീവിതത്തിലെ നിർണായക സാഹചര്യങ്ങളിലൂടെയും മുന്നേറുന്ന കഥയാണ് പറയുന്നത്. സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിന്റെ പ്രമേയത്തിന്റെ മറ്റൊരു തലം വ്യക്തമാക്കുന്നതാണ് ‘വാൻ മീര്’ ഗാനത്തിന്റെ ദൃശ്യങ്ങൾ. സാധാരണക്കാരനായ ഒരാൾ വ്യവസ്ഥിതിക്കെതിരെ നടത്തുന്ന പോരാട്ടവും അതിനിടെ നേരിടേണ്ടി വരുന്ന നിയമപരമായ പ്രതിസന്ധികളുമാണ് ഗാനരംഗങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

‘എന്ന വിലൈ’ സിനിമ
'ദൃശ്യം' മോഡൽ പിന്തുടരാത്ത ത്രില്ലർ; കാണിയെ കസേരത്തുഞ്ചത്ത് എത്തിക്കുന്ന 'കുറ്റക്കാർ'! PRADHAMA DRISHTYA KUTTAKKAR REVIEW

നിയമവ്യവസ്ഥ, കോടതി നടപടികൾ, അധികാര സംവിധാനങ്ങൾ എന്നിവയ്ക്കിടയിൽ നീതിക്കായി പോരാടുന്ന ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തിലൂടെയാണ് ‘വാൻ മീര്’ കടന്നുപോകുന്നത്. കോടതിമുറിയിലെ നടപടിക്രമങ്ങളും സംഘർഷഭരിതമായ രംഗങ്ങളും വൈകാരിക മുഹൂർത്തങ്ങളുമെല്ലാം സമന്വയിപ്പിച്ചാണ് ഗാനത്തിന്റെ ദൃശ്യാവിഷ്കാരം. ചിത്രത്തിന്റെ സോഷ്യോ-പൊളിറ്റിക്കൽ സ്വഭാവത്തിലേക്ക് കൂടുതൽ വെളിച്ചം വീശുന്നതാണ് ഈ ഗാനം.

നിമിഷ സജയനും കരുണാസും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ‘എന്ന വിലൈ’യുടെ കഥയുടെ പ്രധാന ആകർഷണം. കുടുംബ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന കഥ പിന്നീട് സങ്കീർണമായ സാമൂഹിക സാഹചര്യങ്ങളിലേക്കും നിയമപരമായ സംഘർഷങ്ങളിലേക്കും കടക്കുന്നുവെന്ന സൂചനയാണ് നേരത്തെ പുറത്തിറങ്ങിയ ട്രെയ്‌ലറിന് പിന്നാലെ ‘വാൻ മീര്’ ഗാനവും നൽകുന്നത്. സാധാരണ മനുഷ്യനും വ്യവസ്ഥിതിയും തമ്മിലുള്ള ഏറ്റുമുട്ടലിനെ വൈകാരികമായ തലത്തിൽ അവതരിപ്പിക്കുന്ന ഗാനത്തിന്റെ ദൃശ്യങ്ങൾ ചിത്രത്തിന്റെ പ്രമേയവുമായി ചേർന്നുനിൽക്കുന്നു.

‘എന്ന വിലൈ’ സിനിമ
അവർ 'ഷമ്മി' അല്ല! ആർക്കും പിടികൊടുക്കാത്ത 'ആശ'; ഞെട്ടിക്കുന്ന ഉർവശി | AASHA REVIEW

സോഷ്യോ-പൊളിറ്റിക്കൽ ഘടകങ്ങളെ കുടുംബകഥയുമായി കൂട്ടിയിണക്കുന്ന ചിത്രത്തിന് പതിനാറാമത് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. സാമൂഹിക പ്രസക്തിയുള്ള വിഷയത്തെ വൈകാരികമായ തലത്തിൽ അവതരിപ്പിക്കുന്നതിനൊപ്പം ത്രില്ലർ സ്വഭാവത്തിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തരത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറപ്രവർത്തകരുടെ വാക്കുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ ‘കടലാടും സീമയിലെ’ എന്ന ഗാനവും ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് ജി.വി. പ്രകാശ് കുമാറിന്റെ മ്യൂസിക് ലേബൽ സ്വന്തമാക്കിയിട്ടുണ്ട്. സാം സി.എസ് ഒരുക്കുന്ന സംഗീതവും ചിത്രത്തിന്റെ ശ്രദ്ധേയമായ ഘടകങ്ങളിലൊന്നാണ്. രാമേശ്വരം, ചെന്നൈ, പോണ്ടിച്ചേരി, കൊച്ചി എന്നിവിടങ്ങളിലായി 56 ലൊക്കേഷനുകളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്.

നിമിഷ സജയൻ, കരുണാസ് എന്നിവർക്കൊപ്പം വൈ.ജി. മഹേന്ദ്രൻ, പൂർണിമ ഭാഗ്യരാജ്, മൊട്ട രാജേന്ദ്രൻ, വിജയലക്ഷ്മി, ഷാഷ, പ്രവീണ, കമലേഷ്, ഗോലി സോഡ പാണ്ഡി, ജെ. എസ്. കവി, മോഹൻ റാം, നിഴൽഗൽ രവി, പ്രവീണ, വിവിയാന, ചേതൻ കുമാർ, കവിതാലയ കൃഷ്ണ, ടിഎസ്ആർ ശ്രീനിവാസ്, ലോള്ളൂ സഭ, സ്വാമിനാഥൻ, കൊട്ടച്ചി, ദീപ ശങ്കർ, ചിത്ത ദർശൻ, കവി നക്കലിറ്റീസ്, കെ പി വൈ കോദണ്ഡം, പശുപതി രാജ്, സൂപ്പർ ഗുഡ് സുബ്രമണി എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്. 2026 സെപ്റ്റംബർ 17 ന് ‘എന്ന വിലൈ’ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും.

പ്രമുഖ മലയാളി സാങ്കേതിക പ്രവർത്തകർ തമിഴിൽ ഒരു ചിത്രത്തിനായി കൈകോർക്കുന്നു എന്നതും ഈ ചിത്രത്തിന്റെ ഹൈലൈറ്റുകളിൽ ഒന്നാണ്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തും.

ഛായാഗ്രഹണം - ആൽബി ആന്റണി, സംഗീതം - സാം സി എസ്, എഡിറ്റർ - ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ കൺട്രോളർ - എം ശിവകുമാർ, ആർട്ട് ഡയറക്ടർ - കെ ശിവകൃഷ്ണ, ആക്ഷൻ - പിസി സ്റ്റണ്ട്സ്, കോ-ഡയറക്ടർ - രതീഷ്, കോസ്റ്റ്യൂം ഡിസൈനർ - ആർ മുരുഗാനന്ദം, മേക്കപ്പ് - വി. ദിനേഷ്കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് - സൽമാൻ കെ എം, സ്റ്റിൽസ് - കാർത്തിക് എ കെ, പ്രൊഡക്ഷൻ മാനേജർമാർ - ആർ രാജീവ് ഗാന്ധി, പി കാർത്തി, പിആർഒ - ശബരി.

News Malayalam 24x7
newsmalayalam.com