

ലളിതഗാനങ്ങള്‍ക്കും, ദേശഭക്തിഗാനങ്ങള്‍ക്കുമൊപ്പം, ഒരുപിടി മികച്ച സിനിമാ പാട്ടുകള്‍കൊണ്ടും സംഗീതപ്രേമികളുടെ ഇഷ്ടം നേടിയ സംഗീതജ്ഞനായിരുന്നു കെ.പി. ഉദയഭാനു. ദുഃഖസാന്ദ്രമായ ആലാപനമായിരുന്നു ഉദയഭാനുവിന്റെ വ്യതിരിക്തത. പാടിയ സിനിമാപ്പാട്ടുകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍, രമണനിലെ വെള്ളിനക്ഷത്രമേ നിന്നെ നോക്കി... എന്ന പാട്ട് തന്നെയാകും ഓര്‍മയിലേക്ക് ആദ്യം ഓടിയെത്തുക. കെ. രാഘവന്‍ മാസ്റ്റര്‍ ഈണമിട്ട ചങ്ങമ്പുഴയുടെ വരികളെ അത്രത്തോളം ദുഃഖസാന്ദ്രമാക്കിയത് ഉദയഭാനുവിന്റെ ശബ്ദമായിരുന്നു. നിണമണിഞ്ഞ കാല്‍പ്പാടുകള്‍ എന്ന ചിത്രത്തില്‍ പി. ഭാസ്കരന്‍ മാസ്റ്റര്‍ എഴുതി എം.എസ്. ബാബുരാജ് ഈണമിട്ട അനുരാഗ നാടകത്തിന്‍ അന്ത്യമാം രംഗം തീര്‍ന്നു... എന്ന പാട്ടിലേക്ക് എത്തുമ്പോള്‍, അത് ഒന്നുകൂടി ഉറപ്പാകുന്നു. ഒരുപക്ഷേ ഉദയഭാനുവിന് മാത്രം സാധിക്കുന്ന ഒന്നായി അനുരാഗ നാടകത്തിന്‍ മാറുന്നു. ലൈലാ മജ്‍നുവില്‍ പി. ഭാസ്കരന്‍-ബാബുരാജ് കൂട്ടുകെട്ടില്‍ പിറന്ന ചുടു കണ്ണീരാലെന്‍... എന്ന് തുടങ്ങുന്ന പാട്ടും, തുടക്കത്തിലെ വേദന കലര്‍ന്ന ആ ചിരിയും ഉദയഭാനുവിന് മാത്രമേ സാധ്യമാകൂ. മലയാള സിനിമയ്ക്ക് പാട്ടൊരുക്കിയപ്പോഴും, ആ ഉദയഭാനു സ്പര്‍ശം നിറഞ്ഞുനിന്നു.
ആകാശവാണിക്കായി ശ്രദ്ധേയമായ ഒട്ടനവധി ലളിതഗാനങ്ങള്‍ ഈണമിട്ടതിന്റെ അനുഭവസമ്പത്തുമായിട്ടാണ് ഉദയഭാനു മലയാള സിനിമയ്ക്ക് സംഗീതമൊരുക്കാന്‍ എത്തിയത്. 1976ല്‍ കെ.എസ്. നമ്പൂതിരി എഴുതി കെ. തങ്കപ്പന്‍ സംവിധാനം ചെയ്ത സമസ്യ എന്ന ചിത്രത്തിലായിരുന്നു തുടക്കം. ഒഎന്‍വി കുറുപ്പ് എഴുതിയ നാല് പാട്ടുകള്‍ക്കാണ് ഉദയഭാനു ഈണമൊരുക്കിയത്. അതില്‍ കെ.ജെ. യേശുദാസ് ആലപിച്ച കിളി ചിലച്ചു... എന്നു തുടങ്ങുന്ന പാട്ട് എക്കാലത്തെയും മികച്ചൊരു കാവ്യശില്‍പ്പമാണ്. മെല്ലെ ഒഴുകുന്നൊരു അരുവി... എന്ന് അതിനെ വിലയിരുത്താം. അത്രത്തോളം ശ്രവ്യസുന്ദരമാണ് പാട്ട്. വരികള്‍ക്കിടയില്‍ മൗനം നിറഞ്ഞുനില്‍ക്കുന്നു. അതിനെ ചേര്‍ത്തുകൊണ്ടാണ് അടുത്ത വാക്ക് വിടരുന്നത്. ദര്‍ബാരി കാനഡ രാഗത്തില്‍ പിറവിയെടുത്ത മികച്ച ഈണം ഉദയഭാനു എന്ന സംഗീത സംവിധായകനെ അടയാളപ്പെടുത്തുന്നു.
പാട്ടിന്റെ ഓര്‍ക്കസ്ട്രേഷനും അനന്യമാണ്. ഗിറ്റാറിന്റെ മാന്ത്രികനാദത്തിനൊപ്പമാണ് യേശുദാസിന്റെ ശബ്ദം ഒഴുകിയെത്തുന്നത്. മൃദംഗത്തിനൊപ്പം ഒരു മണിക്കിലുക്കം. ട്രിപ്പിളും ഷെഹ്‌നായിയും നേരിയ വിഷാദഛായയേകി വയലിനും ചേരുന്നതോടെ പാട്ട് പുതിയൊരുതരം അനുഭവമാകുന്നു. ഒരുപക്ഷേ, മലയാള സിനിമാഗാന ശാഖയ്ക്ക് എക്കാലവും നോക്കിപഠിക്കാവുന്ന അപൂര്‍വ സംഗീത ശില്പം. സമസ്യയിലെ മറ്റു മൂന്ന് പാട്ടുകളില്‍ മംഗലയാതിര രാത്രി..., അഭയം നീയേ ആശ്രയം നീയേ... എന്നിവ ലേഖ കെ നായരും, നിറപറ ചാര്‍ത്തിയ... എന്ന് തുടങ്ങുന്ന പാട്ട് പി. സുശീലയുമാണ് ആലപിച്ചിരിക്കുന്നത്.
വരികളുടെ ആത്മാവ് അറിഞ്ഞുള്ളതായിരുന്നു ഉദയഭാനുവിന്റെ ഈണങ്ങള്‍. കാവ്യഭംഗിക്ക് കോട്ടം തട്ടാതെയുള്ള ഈണങ്ങളും അതിനനുസരിച്ചുള്ള വാദ്യവിന്യാസവുമായിരുന്നു അവയെ ആകര്‍ഷകമാക്കിയത്. സമസ്യക്കു പിന്നാലെ നിഴലുകൾ രൂപങ്ങൾ (1979), മയിൽപ്പീലി (1981), ചുണക്കുട്ടികൾ (1983), വെളിച്ചമില്ലാത്ത വീഥി (1984), ഇതു നല്ല തമാശ (1985) എന്നീ സിനിമകള്‍ക്കു കൂടി അദ്ദേഹം സംഗീതം ചെയ്തു.
ചുണക്കുട്ടികളില്‍ പരത്തുള്ളി രവീന്ദ്രന്‍ എഴുതി യേശുദാസ് പാടിയ കിങ്ങിണി കെട്ടിയ ചിങ്ങക്കാറ്റേ... എന്ന് തുടങ്ങുന്ന പാട്ട് ഈണവും ഓര്‍ക്കസ്ട്രേഷനും ആലാപനവും കൊണ്ട് ഏറെ ശ്രദ്ധേയമാണ്. ചിത്രത്തിലെ തന്നെ നാഗരാജന്റെ വരം കൊണ്ട് പാട്... എന്ന പാട്ടിന് പുള്ളുവന്‍ പാട്ടിന്റെ തനത് ശൈലിയാണ് സ്വീകരിച്ചിരിക്കുന്നത്. യേശുദാസിന്റെ വളരെ വ്യത്യസ്തമായ ശബ്ദത്തെയാണ് ഉദയഭാനു പാട്ടിലേക്ക് ചേര്‍ത്തുവച്ചിരിക്കുന്നത്. യേശുദാസ് തന്നെയാണോ പാടിയതെന്ന് തോന്നിപ്പോകും വിധമുള്ള പരീക്ഷണം.
മയില്‍പ്പീലിയിലെ ഇന്ദുസുന്ദര സുസ്മിതം തൂകും എന്ന പാട്ടില്‍ യേശുദാസിന്റെ ബേസ് ശബ്ദത്തിന്റെ സാധ്യതയാണ് ഉദയഭാനു പ്രയോജനപ്പെടുത്തിയത്. ഒഎന്‍വിയുടെ കാവ്യശകലത്തെ, മനോഹാരിതയൊട്ടും ചോരാതെയാണ് ഈണത്തിലേക്ക് മാറ്റിയിരിക്കുന്നത്. നീളന്‍ ബിജിഎമ്മുകള്‍ക്കിടയില്‍ സുന്ദരസുസ്മിതം പോല്‍ വന്നുചേരുന്ന വരികളും ആലാപനവുമാണ് അതിന്റെ ഭംഗി.
യേശുദാസിനൊപ്പം, എസ്. ജാനകി, പി. സുശീല, വാണി ജയറാം, കൃഷ്ണചന്ദ്രന്‍, സിന്ധുദേവി എന്നിവരുടെ ശബ്ദവും ഉദയഭാനു തന്റെ ഈണങ്ങളില്‍ പരീക്ഷിച്ചിട്ടുണ്ട്. ചെയ്തതെല്ലാം മികച്ച ഗാനങ്ങള്‍ തന്നെ. എന്നിട്ടും, കൂടുതല്‍ സിനിമാപ്പാട്ടുകള്‍ അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. എന്തുകൊണ്ടാണ് കൂടുതല്‍ സിനിമകള്‍ക്ക് സംഗീതം നല്‍കാതിരുന്നതെന്ന ചോദ്യത്തിന്, 'ആരും വിളിച്ചില്ല' എന്നാണ് ഒരു ടെലിവിഷന്‍ പരിപാടിയില്‍ ഉദയഭാനു നല്‍കിയ മറുപടി. എന്നാല്‍, ആകാശവാണി ഉദ്യോഗസ്ഥനായിരുന്നതിനാല്‍, സിനിമയില്‍ പ്രവര്‍ത്തിക്കുന്നതിന് പ്രത്യേക അനുമതിയും അവധിയുമൊക്കെ എടുക്കണമായിരുന്നു. അത്തരം നൂലാമാലകളുമായി നടക്കാന്‍ ഉദയഭാനു മെനക്കെട്ടിരുന്നില്ല എന്നും പറയപ്പെടുന്നു. ആകാശവാണിക്കായി ലളിതഗാനങ്ങളും, ദേശഭക്തി ഗാനങ്ങളുമൊക്കെ ചിട്ടപ്പെടുത്തുന്നതിന്റെ തിരക്കുകളെ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നുവെന്നും പറയാം. അല്ലായിരുന്നേല്‍ ഒരു പിടി മനോഹര ഗാനങ്ങള്‍ കൂടി അദ്ദേഹത്തില്‍ നിന്നുണ്ടാകുമായിരുന്നു.