

സമൂഹമാധ്യമങ്ങളൊന്നും ഇല്ലാതിരുന്ന കാലത്ത് പിറവിയെടുത്തൊരു സിനിമാപ്പാട്ട്. ജൂക്ബോക്സിലും മെഡ്‌ലെയിലുമായി കേട്ടുകേട്ട് മനസ് കീഴടക്കിയ അടിപൊളി പാട്ടുകള്‍. കേരളത്തിലെ തീയേറ്ററുകളിലെ സ്ക്രീനിനു മുന്നില്‍ ആളുകള്‍ ആദ്യമായി നൃത്തംവെച്ച പാട്ടുകള്‍. രണ്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ പാട്ടിന്റെ ഫ്രഷ്നസ് നഷ്ടപ്പെട്ടിട്ടില്ല. ഉത്സവപ്പറമ്പുകളിലും ആഘോഷവേദികളിലും പുതുതലമുറയെ ഇന്നും ഡാന്‍സ് ചെയ്യിപ്പിക്കുന്ന ആ പാട്ടുകളാണ് 2022ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സഞ്ജു സാംസണ്‍ ഏകദിനം കളിക്കാനിറങ്ങിയപ്പോള്‍, ഗാലറിയെയാകെ ഇളക്കിയത്. കൈതപ്രത്തിന്റെ വരികളില്‍, ജാസി ഗിഫ്റ്റ് എന്ന സംഗീത മാന്ത്രികന്‍ സൃഷ്ടിച്ച പുതുതലമുറയുടെ ആഘോഷതാളം. മലയാള സിനിമാസംഗീതത്തിന് ജാസി നല്‍കിയ ഗിഫ്റ്റ് ആയിരുന്നു ആ പാട്ടുകള്‍.
ഒരുപറ്റം ചെറുപ്പക്കാര്‍ സമൂഹത്തിലെ അനീതിക്കെതിരെ പോരാടുന്ന ചിത്രം, അതായിരുന്നു ജയരാജ് സംവിധാനം ചെയ്ത 'ഫോര്‍ ദി പീപ്പിള്‍'. ചിത്രത്തിലെ പാട്ടുകളും പുതിയ തലമുറയോടു ചേര്‍ന്നു നില്‍ക്കുന്നതാകണം എന്ന ചിന്തയാണ് സംവിധായകനായ ജയരാജിനെ പുതിയ സംഗീത സംവിധായകനെ പരീക്ഷിക്കാന്‍ പ്രേരിപ്പിച്ചത്. അങ്ങനെയാണ് ജാസി ഗിഫ്റ്റിലേക്ക് എത്തുന്നത്. അനിയന്‍ മഹേഷ് രാജിലൂടെയാണ് ജയരാജ് ജാസിയെ അറിയുന്നത്. "തിരുവനന്തപുരത്ത് ഹോട്ടലുകളില്‍ വൈകിട്ട് പാട്ട് പാടുന്ന ഗായകന്‍. നന്നായി പാടും. ആ പാട്ട് കേള്‍ക്കാന്‍ വേണ്ടി മാത്രം സൗത്ത് പാര്‍ക്കില്‍ ആളുകള്‍ ഭക്ഷണം കഴിക്കാന്‍ വരാറുണ്ട്. സംഗീതത്തില്‍ അത്രമാത്രം ടാലന്റ് ഉണ്ട്" എന്നായിരുന്നു മഹേഷ് ജാസിയെ ജയരാജിന് പരിചയപ്പെടുത്തിയത്.
അങ്ങനെ, ജാസിയെ 'ബീഭത്സ' എന്ന ഹിന്ദി ചിത്രത്തില്‍ ജയരാജ് പരീക്ഷിച്ചു. ഒരു പാട്ടും, ബിജിഎമ്മുമാണ് ജാസി 'ബീഭത്സ'ക്കായി ചെയ്തത്. പാട്ട് കേട്ടപ്പോള്‍, അതില്‍ വ്യത്യസ്തമായൊരു ശബ്ദം ജയരാജ് ശ്രദ്ധിച്ചു, റെഗെ, റാപ്പ് പോലെ ഒന്ന്. "ആരാണത്?" ജയരാജ് ചോദിച്ചു. "സാറേ, വേണേല്‍ മാറ്റാം. അത് എന്റെ ശബ്ദമാണ്"-എന്നായിരുന്നു ജാസിയുടെ മറുപടി. "മാറ്റാനല്ല, അത് റിപ്പീറ്റ് ചെയ്യണം. അത് കേള്‍ക്കാന്‍ രസമുണ്ട്" -ജയരാജ് പറഞ്ഞു. അങ്ങനെ ആ പാട്ടില്‍ ജാസിയുടെ ശബ്ദം രണ്ടുമൂന്ന് തവണ റിപ്പീറ്റ് ചെയ്തു. ആ ശബ്ദത്തിനും പാട്ടിനും വളരെ പ്രത്യേക തോന്നി.
ജാസിയെ തന്നെ ഫോര്‍ ദി പീപ്പിളിന് സംഗീതം ചെയ്യാന്‍ ജയരാജ് ക്ഷണിച്ചു. കഥയും, സിറ്റുവേഷനുമൊക്കെ ജാസിക്ക് വിവരിച്ചു നല്‍കി. "വളരെ വൈബ്രന്റ് ആയ മ്യൂസിക്ക് ആയിരിക്കണം. റെഗെയും റാപ്പുമൊക്കെ ചേര്‍ന്ന പുതിയ സംഗീതം വേണം. ഏറ്റവും പുതിയ സംഗീത അനുഭവമായിരിക്കണം പാട്ടുകള്‍. എന്ത് സ്വാതന്ത്ര്യം വേണമെങ്കിലും എടുക്കാം" -എന്നിങ്ങനെയായിരുന്നു ജയരാജ് ജാസിക്കു മുന്നില്‍വച്ച നിര്‍ദേശങ്ങള്‍. ഒരു മാസം കഴിഞ്ഞപ്പോള്‍, ജാസി ജയരാജിനെ വിളിച്ചിട്ടു പറഞ്ഞു: "ഈണമൊക്കെ റെഡിയായിട്ടുണ്ട്. ഒന്ന് കേട്ടുനോക്കണം". ജാസി വിളിച്ചതനുസരിച്ച് ജയരാജ് എറണാകുളത്ത് എത്തി. സ്വന്തം വോക്ക്‌മാനില്‍ പാട്ടുവെച്ച്, ഹെഡ്ഫോണ്‍ ജയരാജിന് കൈമാറിയിട്ട് ജാസി മാറിനിന്നു. പാട്ട് ഇഷ്ടപ്പെടുമോ എന്നൊരു പരിഭ്രമം ജാസിയുടെ മുഖത്ത് പ്രകടമായിരുന്നു.
പാട്ടുകള്‍ എന്ന് പറയാനാവില്ല. ലിറിക്സ് ആയിട്ടുണ്ടായിരുന്നില്ല. മ്യൂസിക് മൂഡ് ക്രിയേറ്റ് ചെയ്യുന്ന രീതിയില്‍ ജാസി തന്നെ ഈണങ്ങള്‍ മൂളിയിരിക്കുകയാണ്. ഒറ്റ കേള്‍വിയില്‍ തന്നെ എല്ലാ ട്യൂണും ജയരാജിന് ഇഷ്ടപ്പെട്ടു. ഈണങ്ങളെല്ലാം കേട്ടുകഴിഞ്ഞ് ഹെഡ്‌ഫോണ്‍ ഊരുമ്പോള്‍, ജാസി സംശയത്തോടെ നോക്കി. "സാര്‍, എന്തെങ്കിലും മാറ്റണോ" എന്നായിരുന്നു ജാസിയുടെ പരിഭ്രമം കലര്‍ന്ന വാക്കുകള്‍. എല്ലാം ഓകെയാണ് എന്ന് ജയരാജ് മറുപടി പറയുമ്പോള്‍, ജാസി എക്സൈറ്റഡ് ആയി. ആദ്യ പരീക്ഷണം, ആദ്യ സംഗീത സംവിധാനം. അങ്ങനെ തൃപ്പൂണിത്തുറ പൂജ സ്റ്റുഡിയോയില്‍ ജാസി പാട്ടൊരുക്കം തുടങ്ങി. കൈതപ്രം വരികളില്‍ മായാജാലം തീര്‍ത്തു. ലജ്ജാവതിയേ..., അന്നക്കിളി നീയെന്നിലെ..., നിന്റെ മിഴിമുന കൊണ്ടെന്റെ..., ലോകാ സമസ്ത സുഖിനോ ഭവന്തു..., ഫോര്‍ ദ പീപ്പിള്‍ എന്നിങ്ങനെ അഞ്ച് പാട്ടുകളാണ് പിറവിയെടുത്തത്.
ജാസി ഗിഫ്റ്റിന്റെ ഈ പാട്ടുകളാണ് കരീബിയന്‍ മണ്ണില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ സഞ്ജു ആദ്യമായി കളിക്കാനിറങ്ങിയപ്പോള്‍ ഗാലറിയില്‍ മുഴങ്ങിയത്. അഞ്ചാം നമ്പരില്‍ ബാറ്റിങ്ങിനിറങ്ങിയ സഞ്ജുവിന് വെസ്റ്റ് ഇന്‍ഡീസിലുള്ള മലയാളികളാണ് അത്തരൊരു സര്‍പ്രൈസ് ഒരുക്കിയത്. അതുവരെ ഇംഗ്ലീഷ് പാട്ടുകളും, പ്രാദേശിക പാട്ടുകളുമൊക്കെ പ്ലേ ചെയ്തിരുന്ന ഡിജെ സഞ്ജു ക്രീസിലേക്ക് നടക്കുമ്പോള്‍ പാട്ട് മാറ്റി. പിന്നാലെ എത്തിയത് ജാസിയുടെ പാട്ടുകള്‍. 'ഇത് ഇപ്പോള്‍ എവിടെനിന്ന് വന്നു എന്നാണ്' അപ്പോള്‍ ചിന്തിച്ചതെന്നാണ് സഞ്ജു തുറന്നുപറഞ്ഞിരിക്കുന്നത്. അത്രയധികം ആരാധക പിന്തുണ ലഭിക്കുന്നതിൽ വലിയ സന്തോഷമുണ്ടെന്ന് കൂടി സഞ്ജു നിറഞ്ഞ മനസോടെ ഓര്‍ത്തെടുക്കുന്നു. ആദ്യ കളിയില്‍ നിറംമങ്ങിയ സഞ്ജു, രണ്ടാം കളിയില്‍ അര്‍ധ സെഞ്ച്വറി നേടുമ്പോള്‍ ഗാലറിയാകെ ആ പാട്ടുകള്‍ക്കൊപ്പം ആരവം തീര്‍ക്കുന്നതും കാണാനായി. ലജ്ജാവതിയും, അന്നക്കിളിയും, നിന്റെ മിഴിമുനയുമൊക്കെ പലയാവര്‍ത്തി ഗാലറിയില്‍ മുഴങ്ങിക്കേട്ടു. എതിര്‍ സാഹചര്യങ്ങളോടും, പരിഹാസങ്ങളോടും പ്രതിഭകൊണ്ട് പടവെട്ടിയ രണ്ടുപേരെ കാലം ഒരുമിച്ചുചേര്‍ത്ത പോലെയായി അത്.