തീയേറ്ററുകൾ കീഴടക്കാൻ പോപ് രാജ്ഞി ടെയ്‌ലർ സ്വിഫ്റ്റ് വീണ്ടുമെത്തുന്നു. ലൈഫ് ഓഫ് എ ഷോ ഗേൾ എന്ന പുതിയ ആൽബത്തിൻ്റെ ഒഫീഷ്യൽ റിലീസ് പാർട്ടിയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നത്. കഴിഞ്ഞ ദിവസം ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച പോസ്റ്റിലാണ് താരം സന്തോഷവാർത്ത പങ്കുവെച്ചത്.
ഒക്ടോബർ മൂന്നിനാണ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലൈഫ് ഓഫ് എ ഷോഗേൾ റിലീസ് ചെയ്യുന്നത്. ഒക്ടോബർ മൂന്നിനും അഞ്ചിനും ഇടയിലാണ് ആൽബം ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ എത്തുക.
ആൽബത്തിലെ ആദ്യ സിംഗിൾ ദ ഫേറ്റ് ഓഫ് ഒഫീലിയയുടെ മ്യൂസിക് വീഡിയോ പ്രീമിയറാണ് റിലീസ് വീഡിയോയുടെ ഹൈലൈറ്റ്. 89 മിനിറ്റ് ദൈർഘ്യമുള്ള ഫിലിമിൽ ആൽബം കമൻ്ററിയും ഗാനങ്ങളുടെ ലിറിക്കൽ വീഡിയോകളും ബിഹൈൻഡ് ദ സീൻസ് ദൃശ്യങ്ങളുമാണ് ആരാധകരെ കാത്തിരിക്കുന്നത്.
2023ൽ ഗായിക നടത്തിയ വേൾഡ് ടൂർ, ടെയ്ലർ സ്വിഫ്റ്റ്; ദ ഇറാസ് ടൂർ എന്ന പേരിൽ കോൺസേർട്ട് ഫിലിമായ് റിലീസ് ചെയ്തിരുന്നു. ഇതോടെ മൈക്കിൾ ജാക്സണെ പിന്തള്ളി ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന കോൺസേർട്ട് ഫിലിം എന്ന റെക്കോഡ് ടെയ്ലർ സ്വിഫ്റ്റ് സ്വന്തമാക്കി. ആരാധകരായ സ്വിഫ്റ്റീസ് മനസ് വെച്ചാൽ ആ റെക്കോഡും എളുപ്പത്തിൽ മറികടക്കാം.