ജെൻ സിക്ക് ഇപ്പോൾ 'മുരുകൻ വൈബ്'; മൂന്ന് മില്യണും കടന്ന് 'കാക്കും വടിവേൽ'

ശ്രീലങ്കൻ തമിഴ് റാപ്പർ വാഹീസൻ ആണ് 'കാക്കും വടിവേൽ' പാടിയിരിക്കുന്നത്
'കാക്കും വടിവേൽ'  ഗാനരംഗം
'കാക്കും വടിവേൽ' ഗാനരംഗംSource: Screenshot/ Youtube / Kaakum Vadivel
Published on
Updated on

കൊച്ചി: പുതിയ കാലത്തെ സംഗീത അഭിരുചിയെപ്പറ്റി ഒരുപാട് ചർച്ച നടക്കുന്ന കാലമാണിത്. റെട്രോ ഗാനങ്ങളും റാപ്പുകളും ഒരുപോലെയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്. എങ്ങോട്ടേക്കാണ് പുതുതലമുറയുടെ ചായ്‌വ് എന്ന് മനസിലാക്കാൻ പറ്റാത്ത അവസ്ഥ. ഇപ്പോഴിതാ ഒരു ഭക്തി ഗാനമാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

'കാക്കും വടിവേൽ' എന്ന തമിഴ് പാട്ടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സംസാരവിഷയം. സാമ്പ്രദായിക ഭക്തിഗാനങ്ങളുടെ വരികൾക്ക് പുത്തൻ അസ്വാദനവുമായി ഒത്തുപോകുന്ന ഓർക്കസ്ട്രേഷനും വിഷ്വലുകളും ചേർന്നപ്പോൾ ഗാനം ജെൻ സികളും 90 കിഡ്സും ഒരുപോലെ ഏറ്റെടുത്തിരിക്കുകയാണ്. പലരും ഗാനരംഗത്തിലെ ചുവടുകൾ ഇൻസ്റ്റഗ്രാം റീലുകളായി റീക്രിയേറ്റ് ചെയ്യുന്നുമുണ്ട്. ഒക്ടോബർ 19ന് യൂട്യൂബിൽ റിലീസ് ആയ ഗാനം മൂന്നര മില്യൺ വ്യൂസും കടന്ന് മുന്നേറുകയാണ്.

'കാക്കും വടിവേൽ'  ഗാനരംഗം
"ഹായ്, ഞാൻ മാളവിക, ഞാൻ മോഹൻലാൽ"; ചിരിയുണർത്തി 'ഹൃദയപൂർവം' ബിടിഎസ്

ധരൻ കുമാർ സംഗീതം നൽകിയ 'കാക്കും വടിവേൽ' പാടിയിരിക്കുന്നത് ശ്രീലങ്കൻ തമിഴ് റാപ്പർ വാഹീസൻ ആണ്. 'പാരിജാതം' എന്ന തമിഴ് ചിത്രത്തിലെ 'ഉന്നൈ കണ്ടേനേ', 'സിദ്ധു +2' ലെ 'പൂവേ പൂവേ', 'ലാഡ'ത്തിലെ 'സിരു തൊടുതലിലെ' തുടങ്ങിയ മെലഡികളിലൂടെ ശ്രദ്ധിക്കപ്പെട്ട സംഗീത സംവിധായകനാണ് ധരൻ.

അതേസമയം, റാപ്പ് ഗാനങ്ങൾ എഴുതി, അവതരിപ്പിക്കുന്നതിന് അപ്പുറം റാപ്പ് സിലോൺ എന്ന മ്യൂസിക് ലേബലിന്റെ സ്ഥാപകൻ കൂടിയാണ് വാഹീസൻ. സ്വതന്ത്ര റാപ്പ് ഗാനങ്ങൾ പുറത്തിറക്കുന്നത് ലക്ഷ്യമിട്ടാണ് സുഹൃത്തും ഗായകനുമായ അദ്വിക് ഉദയകുമാറുമായി ചേർന്ന് ഇത്തരം ഒരു ലേബൽ ആരംഭിച്ചത്. വിനോദ് രാജേന്ദ്രൻ എഴുതി സംവിധാനം ചെയ്ത 'ഫൈൻഡർ' എന്ന ചിത്രത്തിലെ 'സിക്കിട്ട' എന്ന ഗാനത്തിനായി വാഹീസൻ റാപ്പ് ചെയ്തിട്ടുണ്ട്.

ഒരുഭാഗത്ത് നന്ദഗോവിന്ദം ഭജൻ സംഘത്തിന്റെ ഭക്തിഗാനങ്ങൾ യുവാക്കൾക്കിടയിൽ കത്തിക്കയറുമ്പോഴാണ് പുതിയ ട്രെൻഡുമായി വാഹീസനും ധരനും എത്തുന്നത്. ലൈവ് ബാന്‍ഡ് ഗിഗ്‌സിനേക്കാളും അടുത്തിടെയായി ജെൻ സികൾക്ക് താൽപ്പര്യം "''വൃന്ദാവന നികുഞ്ജങ്ങളില്ലാതെ നീ..." എന്നപോലത്തെ ഭജൻ മൂഡിലുള്ള ഗാനങ്ങളാണ്. ഇപ്പോഴിതാ ഈ നിരയിലേക്ക് 'കാക്കും വടിവേൽ' എന്ന ഡിവോഷണൽ റാപ്പും എത്തിയിരിക്കുന്നു. ഭജനയ്ക്ക് ഒപ്പം വൈബ് ചെയ്യാൻ ഒത്തുകൂടുന്നതിന് 'ഭജന്‍ ക്ലബിങ്' എന്നാണ് ജെൻ സികൾ പറയുന്നത്. മാനസിക പിരിമുറുക്കം കുറയ്ക്കാൻ പലരും ഇപ്പോൾ ആശ്രയിക്കുന്നത് ഇത്തരം കൂടിച്ചേരലുകളാണ്.

കാര്യം ഭജനകളോട് ഇപ്പോൾ ഒരു താൽപ്പര്യമുണ്ടെങ്കിലും ഇളയരാജയും വിദ്യാസാഗറും ഇപ്പോഴും ഇവരുടെ പ്ലേലിസ്റ്റുകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com