ചെന്നൈ: മലയാളം മിനി സ്ക്രീനിൽ നിന്ന് അഭിനയം ആരംഭിച്ച സ്വാസിക ഇപ്പോൾ തമിഴ് ചലച്ചിത്ര ലോകത്തും സജീവമാണ്. 'ലബ്ബർ പന്ത്', 'കറുപ്പ്' തുടങ്ങിയ ചിത്രങ്ങളിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രശസ്ത സംവിധായകൻ ശശി ഒരുക്കിയ 'നൂറു സാമി'യാണ് സ്വാസികയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ഈ സിനിമയുടെ പ്രീ റിലീസ് ചടങ്ങിനിടെ നടന്ന ഒരു സംഭവം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
സംവിധായകൻ മിഷ്കിൻ ആയിരുന്നു പ്രീ റിലീസ് ഇവന്റിലെ മുഖ്യാതിഥി. സംവിധായകൻ ശശിയുമായുള്ള ആത്മബന്ധത്തെപ്പറ്റി വാചാലനായ മിഷ്കിൻ അദ്ദേഹത്തെ 'ദൈവം' എന്നാണ് വിശേഷിപ്പിച്ചത്. ശശിയുടെ അസിസ്റ്റന്റ് ആയിരുന്നു മിഷ്കിൻ. ഇതിനു പിന്നാലെ സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്വാസിക, വിജയ് ആന്റണി എന്നിവരെയും സംവിധായകൻ അഭിനന്ദിച്ചു.
സ്വാസിക ചിത്രത്തിലെ നായികാവേഷം മനോഹരമാക്കിയെന്നും നടിയുടെ പ്രകടനം തന്നെ സ്വാധീനിച്ചുവെന്നും മിഷ്കിൻ പറഞ്ഞു. "അത്രമേൽ ആത്മാർത്ഥതയോടെയാണ് അവർ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. സ്വാസിക ആ കഥാപാത്രത്തിനുവേണ്ടി തന്റെ രക്തവും ആത്മാവും നൽകി," എന്നായിരുന്നു മിഷ്കിന്റെ വാക്കുകൾ. പ്രസംഗത്തിന് ശേഷം സദസിലേക്കിറങ്ങിച്ചെന്ന മിഷ്കിൻ ആദ്യം വിജയ് ആന്റണിയെ ആലിംഗനം ചെയ്തു. തൊട്ടുപിന്നാലെ വിജയ്‌ക്ക് അടുത്തിരുന്ന സ്വാസികയുടെ കാലിൽ തൊട്ടുവണങ്ങി. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. അമ്പരന്നുപോയ നടി സംവിധായകനെ പിടിച്ചെഴുന്നേൽപ്പിക്കുകയും കൈകൂപ്പി നന്ദി പറയുന്നതും ദൃശ്യങ്ങളിൽ കാണാം.
ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ നൂറു സാമി ജൂൺ 19നാണ് തിയേറ്ററുകളിലെത്തുന്നത്. 'പിച്ചൈക്കാരൻ' എന്ന സൂപ്പർ ഹിറ്റിന് ശേഷം വിജയ് ആന്റണിയെ നായകനാക്കി ശശി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അജയ് ധിഷൻ, ലിജോ മോൾ, കാവ്യ അനിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബാലാജി ശ്രീറാമാണ് സംഗീത സംവിധാനം.
ഹരീഷ് യുവരാജ് (എഡിറ്റർ), വി. ശശികുമാർ (കലാസംവിധാനം), വിജി സതീഷ് (ഡാൻസ് കൊറിയോഗ്രഹി), രാംകുമാർ (ആക്ഷൻ), മോഹൻ രാജൻ (ഗാനരചന), ദുർഗ പ്രിയ (വസ്ത്രാലങ്കാരം), ഗണേഷ് (കോസ്റ്റ്യൂമർ), ശ്രീരാളൻ മണി (ഹെയർ & മേക്കപ്പ്), എസ്. ചന്ദ്രശേഖർ (സൗണ്ട് എഞ്ചിനീയർ), വിജയ് രത്തിനം MPSE (ശബ്ദസംവിധാനം), എ. എം. റഹ്മത്തുള്ള (സൗണ്ട് മിക്സിങ് എഞ്ചിനീയർ), ശക്തിവേൽ (ഡി.ഐ.ടി), പ്രൊമോവർക്ക്സ് (ഡി.ഐ), ആദിത്യ (കളറിസ്റ്റ്), ജനാർദ്ദനൻ (ടെക്നിക്കൽ ഹെഡ്), ഡി. നവീൻ കുമാർ (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), അണ്ണാമലൈ സാമി (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്), സുകുമാർ ഷൺമുഖം (കാസ്റ്റിങ് ഡയറക്ടർ).