ഹൈദരാബാദ്: പവർ സ്റ്റാർ പവന്‍ കല്യാണ്‍ നായകനായ ഗ്യാങ്സ്റ്റർ ചിത്രമാണ് 'ദേ കാള്‍ ഹിം ഒജി'. പ്രഭാസ് നായകനായ 'സഹോ' ഒരുക്കിയ സുജീത് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ വർഷമാണ് റിലീസ് ആയത്. ബ്ലോക്ക്ബസ്റ്റർ ഹിറ്റായി മാറിയ സിനിമയുടെ രണ്ടാം ഭാഗത്തിനായി ഏറെ നാളായി പവർ സ്റ്റാർ ആരാധകർ ആവശ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ, ആരാധകരെ ആവേശത്തിലാക്കി 'ഒജി 2' പ്രഖ്യാപിച്ചിരിക്കുകയാണ് പവൻ കല്യാൺ ക്രിയേറ്റീവ് വർക്സ്.
ഈ വർഷം നവംബറിൽ സിനിമയുടെ ഷൂട്ടിങ് ആരംഭിക്കുമെന്നാണ് പ്രൊഡക്ഷൻ ഹൗസ് അറിയിച്ചിരിക്കുന്നത്. സംവിധായകൻ സുജീത് വിദേശത്ത് നിന്ന് എത്തിയാൽ ഉടൻ സിനിമയുടെ ചർച്ചകൾ ആരംഭിക്കുമെന്നും മറ്റ് വിവരങ്ങൾ ഉടൻ അറിയിക്കുമെന്നുമാണ് പവൻ കല്യാൺ ക്രിയേറ്റീവ് വർക്സിന്റെ എക്സ് പോസ്റ്റ്.
'ഓജസ് ഗംഭീര' എന്ന ഗ്യാങ്സ്റ്ററുടെ വേഷത്തിലാണ് 'ദേ കാള്‍ ഹിം ഒജി'യിൽ പവൻ കല്യാൺ എത്തിയത്. 90കളിലെ മുംബൈ പശ്ചാത്തലമാക്കിയാണ് സിനിമയുടെ കഥ വികസിക്കുന്നത്. ഡിവിവി പ്രൊഡക്ഷന്‍ നിർമിച്ച ചിത്രം 300 കോടി രൂപയ്ക്ക് അടുത്താണ് ആഗോള തലത്തിൽ കളക്ട് ചെയ്തത്. ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മിയുടെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.
സംവിധായകൻ തന്നെയാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയത്. തമൻ എസ് ഒരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും ട്രെൻഡ് സെറ്ററുകളായി മാറിയിരുന്നു. പ്രിയങ്ക മോഹൻ, അർജുൻ ദാസ്, പ്രകാശ് രാജ് തുടങ്ങിയവരാണ് 'ഒജി'യിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്.