
മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യാ നായര്‍ക്ക് ഓസ്‌ട്രേലിയയില്‍ ഒന്നേകാല്‍ ലക്ഷം രൂപ പിഴ ചുമത്തി. മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. പതിനഞ്ച് സെന്റീമീറ്ററോളം മുല്ലപ്പൂവാണ് നവ്യ കൈവശം വെച്ചിരുന്നത്. ഇത് രാജ്യത്തിന്റെ ജൈവ സുരക്ഷാ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് നവ്യയ്‌ക്കെതിരെ പിഴ ചുമത്തിയത്. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ സംസാരിക്കവെ നടി തന്നെയാണ് തന്റെ അനുഭവം തുറന്ന് പറഞ്ഞത്.
മുല്ലപ്പൂ കൊണ്ടു പോകാന്‍ പാടില്ലെന്ന നിയമം തനിക്ക് അറിയില്ലായിരുന്നു എന്നാണ് താരം പറയുന്നത്. എന്നാല്‍ അറിയില്ലെന്ന് പറയുന്നത് ഒരിക്കലും ഒരു ഒഴിവുകഴിവല്ലെന്നും നടി തന്നെ വ്യക്തമാക്കി. നവ്യയില്‍ നിന്ന് 1980 ഓസ്‌ട്രേലിയന്‍ ഡോളര്‍ ആണ് പിഴയീടാക്കിയത്. ഇത് ഏകദേശം ഒന്നേകാല്‍ ലക്ഷം ഇന്ത്യന്‍ രൂപയോളം വരും.
'ഇവിടേക്ക് വരുന്നതിന് മുമ്പ് അച്ഛന്‍ എനിക്ക് മുല്ലപ്പൂ വാങ്ങിത്തന്നു. അത് രണ്ട് കഷണമായി മുറിച്ചാണ് തന്നത്. കൊച്ചി മുതല്‍ സിങ്കപ്പൂര്‍ വരെ ഒരു കഷണം അണിയാന്‍ തന്നു. അത് സിങ്കപ്പൂര്‍ എത്തുമ്പോഴേക്കും വാടില്ലേ. അപ്പോള്‍ അവിടെ നിന്ന് അണിയാനായി മറ്റൊരു കഷണവും തന്നു. അത് ഞാന്‍ ഹാന്‍ഡ് ബാഗില്‍ സൂക്ഷിച്ചു. എന്നാല്‍ അത് മറ്റൊരു രാജ്യത്ത് നിയമവിരുദ്ധമായ കാര്യമായി മാറി,' നവ്യ പറഞ്ഞു.
അറിയാതെ ചെയ്ത തെറ്റആണ്. അറിവില്ലായ്മ ഒഴികഴിവല്ലെന്നും അറിയാം. 15 സെന്റീമീറ്റര്‍ മുല്ലപ്പൂവായിരുന്നു ഉണ്ടായിരുന്നത്. അതിന് എന്നോട് അവര്‍ 1980 രൂപയാണ് പിഴയായി അടയ്ക്കാന്‍ ആവശ്യപ്പെട്ടത്. തെറ്റ് തെറ്റ് തന്നെയാണല്ലോ. പക്ഷേ അത് മനഃപൂര്‍വമായിരുന്നില്ല. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അവര്‍ എന്നോട് പറഞ്ഞത്. ഒരു ലക്ഷം രൂപയുടെ മുല്ലപ്പൂ വെച്ചാണ് താന്‍ ഇങ്ങോട്ട് വന്നതെന്നും തമാശ രൂപേണ നവ്യ പറഞ്ഞു.
തിരുവോണ ദിവസമായിരുന്നു താരത്തിന് ഈ മെല്‍ബണില്‍ പരിപാടി. യാത്രയുടെ ദൃശ്യങ്ങള്‍ അടക്കം നടി സോഷ്യല്‍ മീഡിയയില്‍ അടക്കം പങ്കുവെക്കുകയും ചെയ്തിരുന്നു.
മറ്റു രാജ്യങ്ങളില്‍ നിന്ന് ചെടികള്‍, പൂക്കള്‍ തുടങ്ങിയവ ഓസ്‌ട്രേലിയയിലേക്ക് കൊണ്ടു വരുന്നതിനെ അവര്‍ ശക്തമായ ജൈവ സുരക്ഷാ നിയമം കൊണ്ട് റദ്ദാക്കിയിട്ടുണ്ട്. ഇറക്കുമതി ചെയ്ത വസ്തുക്കളില്‍ നിന്ന് സൂക്ഷ്മ ജീവികള്‍, അസുഖങ്ങള്‍ എന്നിവയൊന്നും രാജ്യത്തേക്ക് കടക്കാതിരിക്കാനാണ് ഈ നിയമം കൊണ്ട് രാജ്യം ലക്ഷ്യം വെക്കുന്നത്.