

ബെംഗളൂരു: 'ടോക്സിക്' സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിൽ സിനിമയെപ്പറ്റിയും സംവിധായിക ഗീതു മോഹൻദാസിനെപ്പറ്റിയും നടി നയൻതാര പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു. ഗീതുവുമായി നീണ്ട കാലത്തെ ബന്ധമുണ്ടെന്നും വൈകാരികമായി അഭിനേതാക്കൾക്കൊപ്പം നിൽക്കുന്ന സംവിധായികയാണെന്നും നയൻതാര. അവിശ്വസനീയമായ ഒരു സിനിമാനുഭവമാകും 'ടോക്സിക്' എന്നും നടി ആരാധകർക്ക് ഉറപ്പുനൽകി.
"ഗീതുവും ഞാനും തമ്മിൽ വളരെ നീണ്ട, മനോഹരമായ ഒരു ബന്ധമുണ്ട്. ഞങ്ങൾ ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതൊരു 20 വർഷം ആയിട്ടുണ്ടാകും. അത് മറ്റൊരു ഗീതുവായിരുന്നു. ഈ സിനിമയ്ക്കായി ഗീതു എന്നെ വിളിച്ചപ്പോൾ, എനിക്ക് വലിയ ഉറപ്പൊന്നുമില്ലായിരുന്നു. കാരണം ഇതിൽ ഒരുപാട് അഭിനേതാക്കളുണ്ട്. സാധാരണയായി ഒരുപാട് അഭിനേതാക്കളുള്ള സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ ഞാൻ കുറച്ച് ശ്രദ്ധിക്കാറുണ്ട്. ചെറിയൊരു മടി കാണിക്കാറുണ്ട്. അതുകൊണ്ടുതന്നെ ' ഈ സിനിമ ചെയ്യാൻ താൽപ്പര്യമില്ലെന്ന്' ഞാൻ പറഞ്ഞു. അപ്പോൾ അവർ എന്നോട് ഒരായിരം ചോദ്യങ്ങൾ ചോദിച്ചു. ഒടുവിൽ 'ശരി, കുഴപ്പമില്ല, നിങ്ങൾ വന്ന് കഥ പറയൂ' എന്നായി ഞാൻ. അവർ എന്നോട് കഥ പറഞ്ഞു കേൾപ്പിച്ചു. ആ നിമിഷം മുതൽ ഞാൻ ചിന്തിച്ചുതുടങ്ങിയതാണ്, 'ആരാണ് ഈ സ്ത്രീ? നമ്മൾ ഇതുവരെ കാണാത്ത ഏത് തരത്തിലുള്ള സംവിധായികയാണിത്? തീർച്ചയായും നിങ്ങൾ വിസ്മയിപ്പിക്കുന്ന ഒന്നായിരിക്കും 'ടോക്സിക്'. നിങ്ങൾ ട്രെയ്‌ലർ കണ്ടു, അത് മികച്ചതാണെന്ന് എനിക്കറിയാം. പക്ഷേ നിങ്ങൾ സിനിമ ഇതുവരെ കണ്ടിട്ടില്ല. അത് നിങ്ങളുടെ മനസ് നിറയ്ക്കും, ശരിക്കും അവിശ്വസനീയമായിരിക്കും," നയൻതാര പറഞ്ഞു.
"ഒപ്പം പ്രവർത്തിക്കുന്ന ഓരോ അഭിനേതാവിനോടും ഗീതു വച്ചുപുലർത്തുന്ന വൈകാരികബന്ധത്തെക്കുറിച്ച് ഓർത്ത് ഞാൻ അത്ഭുതപ്പെട്ടുപോകുന്നു. അവർ എല്ലാവരെയും സ്വന്തമായി കാണുന്നു. എന്റെ ഈ വാദത്തോട് ഇവിടെയുള്ള എല്ലാവരും യോജിക്കുമെന്നാണ് ഞാൻ കരുതുന്നത്," നടി കൂട്ടിച്ചേർത്തു.
'ലയേഴ്സ് ഡൈസ്', 'മൂത്തോൻ' എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ടോക്‌സിക്'. കന്നഡയിലും ഇംഗ്ലീഷിലുമായി ചിത്രീകരിച്ചിരിക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെ നിരവധി ഭാഷകളിൽ ഓഗസ്റ്റ് 26ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. 'കെജിഎഫ്' ഫ്രാഞ്ചൈസിക്ക് ശേഷം യഷ് തിരിച്ചെത്തുന്ന ഈ ചിത്രത്തിൽ, 'റായ', 'ടിക്കറ്റ്' എന്നീ രണ്ട് വ്യത്യസ്ത ഭാവങ്ങളുള്ള ഇരട്ടവേഷത്തിലാണ് നടൻ പ്രത്യക്ഷപ്പെടുന്നത്.
നയൻതാര, കിയാര അദ്വാനി, താര സുതാരിയ, രുക്മിണി വസന്ത്, ഹുമ ഖുറേഷി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. രാജീവ് രവിയാണ് ഛായാഗ്രഹണം. കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.