കൊച്ചി: മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന 'പേട്രിയറ്റ്' സിനിമയുടെ സെറ്റിൽ പുതുവത്സരം ആഘോഷമാക്കി മമ്മൂട്ടി. മഹേഷ് നാരായണൻ, നിർമാതാവ് ആന്റോ ജോസഫ് ഉൾപ്പടെയുള്ള അണിയറപ്രർത്തകർക്ക് ഒപ്പം മമ്മൂട്ടി കേക്ക് മുറിച്ചാണ് നടൻ ന്യൂ ഇയർ ആഘോഷിച്ചത്. ചങ്ങനാശ്ശേരി മീഡിയ വില്ലേജ് പ്രിന്‍സിപ്പൽ ഫാ. ജിന്റോ മുരിയങ്കിരിയും ആഘോഷത്തിൽ പങ്കുചേർന്നു.
ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക്, യു.കെ. എന്നിവിടങ്ങളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന 'പേട്രിയറ്റ്' സിനിമയുടെ തിരക്കഥ രചിച്ചതും സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്.
വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും സ്ക്രീനിൽ ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 2026 ഏപ്രിലിൽ വിഷു റിലീസ് ആയിട്ടാകും സിനിമ തിയേറ്ററുകളിലേക്ക് എത്തുക. ആൻ മെഗാ മീഡിയയാണ് സിനിമ വിതരണം ചെയ്യുന്നത്.