

കൊച്ചി: തിയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ രൺവീർ സിംഗ് ചിത്രം 'ധുരന്ധർ' ഡിജിറ്റൽ റിലീസിന് പിന്നാലെയും ചർച്ചയാകുന്നു. നെറ്റ്‌ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ച പതിപ്പിൽ പല രംഗങ്ങളും എഡിറ്റ് ചെയ്തിട്ടുണ്ടെന്നും സംഭാഷണങ്ങൾ മ്യൂട്ടാക്കിയെന്നുമാണ് പ്രേക്ഷകർ ആരോപിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് സോഷ്യൽ മീഡിയയിൽ നെറ്റ്‌ഫ്ലിക്സിന് എതിരെ പരാതി പ്രവാഹമാണ്. സിനിമയുടെ 'അൺകട്ട്' പതിപ്പ് ഉടൻ റിലീസ് ചെയ്യണമെന്നാണ് ആരാധകർ ഒടിടി പ്ലാറ്റ്‌ഫോമിനോട് ആവശ്യപ്പെടുന്നത്.
തിയേറ്ററിൽ 'എ' സർട്ടിഫിക്കറ്റോടെ റിലീസ് ചെയ്ത ചിത്രത്തിന്റെ ഒടിടി പതിപ്പിൽ പല ഡയലോഗുകളും മ്യൂട്ട് ചെയ്തിട്ടുണ്ടെന്നും, അസഭ്യ വാക്കുകൾ ഒഴിവാക്കിയിട്ടുണ്ടെന്നുമാണ് ആരാധകർ ആരോപിക്കുന്നത്. തിയേറ്റർ പതിപ്പിന് ഏകദേശം മൂന്ന് മണിക്കൂർ 34 മിനുട്ട് ഉണ്ടായിരുന്നു. എന്നാൽ, നെറ്റ്‌ഫ്ലിക്സിൽ അത് മൂന്ന് മണിക്കൂർ 25 മിനുട്ടായി കുറഞ്ഞു. ഏകദേശം 10 മിനുട്ടോളം വരുന്ന ഭാഗങ്ങൾ വെട്ടിമാറ്റിയതായാണ് റിപ്പോർട്ട്. ജനുവരി 30ന് ആണ് സിനിമ ഒടിടിയിലേക്ക് എത്തിയത്.
'അനിമൽ', 'കബീർ സിംഗ്' തുടങ്ങിയ ചിത്രങ്ങൾ യാതൊരു കട്ടുകളും ഇല്ലാതെ ഒടിടിയിൽ ലഭ്യമാണെന്നിരിക്കെ, 'ധുരന്ധറി'ന് മാത്രം എന്തിനാണ് ഇത്രയധികം സെൻസർഷിപ്പ് എന്നാണ് ആരാധകർ ചോദിക്കുന്നത്. പ്രായപൂർത്തിയായവർക്കുള്ള ഒരു പ്ലാറ്റ്‌ഫോമിൽ 'എ' സർട്ടിഫിക്കറ്റ് ലഭിച്ച സിനിമയ്ക്ക് സെൻസർഷിപ്പ് നൽകുന്നത് അനാവശ്യമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ' ബോക്സ് ഓഫീസിൽ 1000 കോടിയിലധികം കളക്ഷൻ നേടിയിരുന്നു. റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 130 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ സ്ട്രീമിങ് അവകാശം നെറ്റ്‌ഫ്ലിക്സ് സ്വന്തമാക്കിയത്. ഒരു ബോളിവുഡ് സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഡീൽ ആണിത്. ഇതോടെ, അല്ലു അർജുന്റെ 'പുഷ്പ 2: ദ റൂൾ' എന്ന പാൻ ഇന്ത്യൻ ഹിറ്റ് ചിത്രത്തിന്റെ റെക്കോർഡ് 'ധുരന്ധർ' മറികടന്നു. 275 കോടി രൂപയ്ക്കാണ് 'പുഷ്പ'യുടെ ഒടിടി അവകാശങ്ങൾ വിറ്റുപോയതെന്നാണ് റിപ്പോർട്ട്. ഈ വർഷം മാർച്ച് 19ന് ധുരന്ധറിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിൽ എത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ജിയോ സ്റ്റുഡിയോസ് , ബി62 സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം.
ഇന്ത്യൻ ചാരസംഘടനയായ റോയുടെ പാകിസ്ഥാനിലെ രഹസ്യ ഓപ്പറേഷനുകളെ ആസ്പദമാക്കിയാണ് 'ധുരന്ധർ' ഒരുക്കിയിരിക്കുന്നത്. രൺവീർ സിംഗിനെ കൂടാതെ അക്ഷയ് ഖന്ന, ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. സാറാ അർജുൻ ആണ് ചിത്രത്തിലെ നായിക.