ക്വിന്റന്‍ ടാറന്റീനോയുടെ ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ച ചിത്രമായ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിന്റെ തുടര്‍ച്ചയായ ദി അഡ്വഞ്ചേഴ്‌സ് ഓഫ് ക്ലിഫ് ബൂത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ടാറന്റീനോ ചിത്രത്തിലെ ക്ലിഫ് ബൂത്ത് എന്ന കഥാപാത്രമായി ബ്രാഡ് പിറ്റ് തന്നെയാണ് സീക്വലില്‍ തിരിച്ചെത്തുന്നത്. ക്ലിഫ് ബൂത്തായ ബ്രാഡ് പിറ്റിന്റെ ആദ്യ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ ലഭ്യമാണ്.
70കളിലെ വിന്റേജ് ലുക്കില്‍ ഗോള്‍ഡന്‍ മുടിയുമായുള്ള ബ്രാഡ് പിറ്റിന്റെ ചിത്രങ്ങള്‍ വൈറലാവുകയാണ്. നെറ്റ്ഫ്‌ളിക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുക. ഹോളിവുഡിലെ ഏറ്റവും വലിയ പേരുകളാണ് ഈ ചിത്രത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ടാറന്റീനോ തിരക്കഥ എഴുതി ഇത് തന്റെ പത്താമത്തെ (ഒരുപക്ഷെ അവസാനത്തെ) ചിത്രമായി നിര്‍മിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അത് മാറ്റി വെക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ബ്രാഡ് പിറ്റ് ഇടപെട്ടാണ് സിനിമ ചെയ്യാനുള്ള തീരുമാനം ഉണ്ടാകുന്നത്. എന്നാല്‍ ടാറന്റീനോ വേണ്ടെന്ന് വെച്ച തിരക്കഥ നെറ്റ്ഫ്‌ളിക്‌സ് 20 മില്യണ്‍ ഡോളറിന് വാങ്ങിയതാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഫൈറ്റ് ക്ലബ്, സെവന്‍ എന്നീ ചിത്രങ്ങളില്‍ ബ്രാഡ് പിറ്റിനൊപ്പം പ്രവര്‍ത്തിച്ച ഡേവിഡ് ഫിഞ്ചറാണ് നെറ്റ്ഫ്‌ളിക്‌സ് ചിത്രം സംവിധാനം ചെയ്യുന്നത്. "ക്ലിഫ് ബൂത്ത് എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ ഒരു എപിസോഡാണിത്. അല്ലാതെ വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിന്റെ തുടര്‍ച്ചയല്ല", എന്ന് ബ്രാഡ് പിറ്റ് എഫ് വണ്ണിന്റെ പ്രമോഷന്‍ പരിപാടിയില്‍ പറഞ്ഞിരുന്നു.
"ക്വിന്റന്‍ ടാറന്റീനോയാണ് തിരക്കഥ എഴുതിയിരിക്കുന്നത്. നിലവില്‍ അദ്ദേഹത്തിന് സംവിധാനം ചെയ്യാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഞങ്ങളുടെ സുഹൃത്ത് ഡേവിഡ് ഫിഞ്ചര്‍ ഇടപെടുകയായിരുന്നു", ബ്രാഡ് പിറ്റ് പറഞ്ഞു.
ബ്രാഡ് പിറ്റിനൊപ്പം യാഹ്യ അബ്ദുള്‍ മതീന്‍ II, എലിസബത്ത് ഡെബിക്കി, സ്‌കോട്ട് കാന്‍, കാര്‍ല ഗുഗിനോ, ജെബി ടഡേന, കോറി ഫോഗല്‍മാനിസ് എന്നിവരും ചിത്രത്തിലുണ്ട്. ഡെഡ്‌ലൈനാണ് ചിത്രത്തിലെ കാസ്റ്റിംഗ് സ്ഥിരീകരിച്ചത്.