ഷാബാനുവിന്റെ നിയമപോരാട്ടത്തിന്റെ കഥ, 'ഹഖ്' ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

യാമി ​ഗൗതം, ഇമ്രാൻ ഹാഷ്മി എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്
'ഹഖ്' സിനിമയിൽ ഇമ്രാൻ ഹാഷ്മി, യാമി ​ഗൗതം
'ഹഖ്' സിനിമയിൽ ഇമ്രാൻ ഹാഷ്മി, യാമി ​ഗൗതംSource: X
Published on
Updated on

കൊച്ചി: യാമി ​ഗൗതം, ഇമ്രാൻ ഹാഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സുപർൺ വർമ അണിയിച്ചൊരുക്കിയ കോർട്ട് റൂം ഡ്രാമ 'ഹഖ്' ഒടിടിയിലേക്ക് എത്തുന്നു. വിവാഹമോചിതരായ മുസ്ലീം സ്ത്രീകൾക്ക് ജീവനാംശത്തിന് അവകാശമുണ്ടെന്ന് സുപ്രീം കോടതി വിധി സമ്പാദിച്ച ഷാബാനു ബീഗത്തിന്റെ ജീവിതത്തെയും നിയമപോരാട്ടത്തെയും ആസ്പദമാക്കിയതാണ് 'ഹഖ്' അണയിച്ചൊരുക്കിയിരിക്കുന്നത്. നെറ്റ്‌ഫ്ലിക്സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.

ബുധനാഴ്ചയാണ്, ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ നെറ്റ്ഫ്ലീക്സ് 'ഹഖ്' റിലീസ് തീയതി പ്രഖ്യാപിച്ചത്. ജനുവരി രണ്ട് മുതൽ സിനിമ നെറ്റ്‌ഫ്ലിക്സിൽ ലഭ്യമാകും. "വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ നിന്ന് കോടതിമുറിയിലേക്ക്. അവളുടെ ഈ യാത്ര നിസഹായാവസ്ഥയെക്കുറിച്ചല്ല, മറിച്ച് ധീരതയെക്കുറിച്ചാണ്," എന്ന അടിക്കുറിപ്പോടെയാണ് സിനിമയുടെ പോസ്റ്റർ നെറ്റ്‌ഫ്ലിക്സ് പങ്കുവച്ചത്.

കഴിഞ്ഞ വർഷം, നവംബർ ഏഴിനാണ് 'ഹഖ്' തിയേറ്ററിൽ എത്തിയത്. ഷീബ ഛദ്ദയും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നു. ജംഗ്ലീ പിക്ചേഴ്സ്, ഇൻസോമ്നിയ ഫിലിംസ്, ബവേജ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ വിനീത് ജെയിൻ, വിശാൽ ഗുർനാനി, ജൂഹി പരേഖ് മേത്ത, ഹർമൻ ബവേജ എന്നിവർ ചേർന്നാണ് നിർമാണം. രേഷു നാഥ് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

'ഹഖ്' സിനിമയിൽ ഇമ്രാൻ ഹാഷ്മി, യാമി ​ഗൗതം
'പേട്രിയറ്റ്' മുതൽ 'അതിരടി' വരെ; ഈ വർഷം തീപാറും! 2026ൽ കാത്തിരിക്കുന്ന വമ്പൻ റിലീസുകൾ

വിശാൽ മിശ്ര സംഗീതവും പ്രഥം മേത്ത ഛായാഗ്രഹണവും നിനാദ് ഖനോൽക്കർ എഡിറ്റിങ്ങും നിർവഹിച്ചു. പത്രപ്രവർത്തകയായ ജിഗ്ന വോറയുടെ 'ബാനോ: ഭാരത് കി ബേട്ടി'എന്ന പുസ്തകത്തിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ട് റിലീസിന് മുമ്പ് ചില നിയമതടസങ്ങൾ നേരിട്ടിരുന്നു.

വ്യക്തി സ്വാതന്ത്ര്യം, സ്വകാര്യത, ആവിഷ്കാര സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള വലിയ സംവാദങ്ങൾക്കാണ് 'ഹഖ്' സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ വഴിവച്ചത്. ഷാബാനുവിന്റെ മകളായ സിദ്ദിഖ ബീഗം സിനിമയുടെ റിലീസിനെതിരെ മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തന്റെ അമ്മയുടെ ജീവിതകഥ അവരുടെയോ കുടുംബത്തിന്റെയോ അനുവാദമില്ലാതെയാണ് സിനിമയാക്കിയതെന്നായിരുന്നു ആരോപണം. സിനിമയുടെ ട്രെയ്‌ലറിലും ടീസറിലും കാണിച്ച പല രംഗങ്ങളും യഥാർത്ഥ ജീവിതത്തിൽ നടക്കാത്തതും അപകീർത്തികരവുമാണെന്നും കുടുംബം വാദിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com