കീർത്തി സുരേഷും രാധിക ആപ്തെയും ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ്; ‘അക്ക’ ഒക്ടോബർ 30ന്, ടീസർ

യഷ് രാജ് ഫിലിംസിന്റെ ബാനറായ വൈആർഎഫ് എന്റർടെയ്ൻമെന്റാണ് സീരിസിന്റെ നിർമാണം
'അക്ക'യിൽ കീർത്തി സുരേഷും രാധിക ആപ്തെയും
'അക്ക'യിൽ കീർത്തി സുരേഷും രാധിക ആപ്തെയും
Published on: 
Updated on: 

കീർത്തി സുരേഷും രാധിക ആപ്‌തെയും പ്രധാന വേഷങ്ങളിലെത്തുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’യുടെ ടീസർ പുറത്തിറങ്ങി. കീർത്തി സുരേഷിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ടീസർ പുറത്തുവിട്ടത്. യഷ് രാജ് ഫിലിംസിന്റെ ബാനറായ വൈആർഎഫ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന സീരീസ് ഒക്ടോബർ 30ന് നെറ്റ്ഫ്ലിക്സിലൂടെ ആഗോളതലത്തിൽ സ്ട്രീമിങ് ആരംഭിക്കും. 1980കളുടെ പശ്ചാത്തലത്തിൽ സ്ത്രീകൾ തലമുറകളായി കെട്ടിപ്പടുത്ത് ഭരിക്കുകയും സംരക്ഷിക്കുകയും ചെയ്ത പെർണുരു എന്ന സാങ്കൽപ്പിക രാജ്യത്താണ് കഥ നടക്കുന്നത്. ഭവാനി, രുദ്ര എന്നീ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് സീരീസിന്റെ പ്രധാന ആകർഷണം.

ധർമരാജ് ഷെട്ടി രചനയും സംവിധാനവും നിർവഹിക്കുന്ന ‘അക്ക’ അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണ്. പെർണുരുവിന്റെ അധികാരഘടനയും അവിടെ നിലനിൽക്കുന്ന പാരമ്പര്യങ്ങളും വൈരങ്ങളും ഉൾപ്പെടുത്തി, സ്ത്രീകളുടെ നേതൃത്വത്തിലുള്ള ഒരു ഗ്യാങ്സ്റ്റർ ലോകത്തിലൂടെയാണ് സീരീസ് അവതരിപ്പിക്കുന്നത്. കീർത്തി സുരേഷ് ഭവാനിയായും രാധിക ആപ്‌തെ രുദ്രയായും എത്തുന്നു. ഇരുവരും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും വ്യത്യസ്തമായ കാഴ്ചപ്പാടുകളും കഥയ്ക്ക് സങ്കീർണതയും ഉദ്വേഗവും നൽകുമെന്നാണ് ടീസർ നൽകുന്ന സൂചന. തന്റേതായ വിശ്വാസങ്ങളിൽ ഉറച്ചുനിൽക്കുകയും ചുറ്റുമുള്ള ലോകത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്ന കഥാപാത്രമാണ് രുദ്രയെന്ന് രാധിക ആപ്‌തെ വ്യക്തമാക്കിയിട്ടുണ്ട്. തനിക്കു ലഭിച്ചിട്ടുള്ളതിൽ ഏറ്റവും വ്യത്യസ്തവും ഓർമയിൽ നിൽക്കുന്നതുമായ കഥാപാത്രങ്ങളിലൊന്നാണ് ഭവാനിയെന്ന് കീർത്തി സുരേഷും അഭിപ്രായപ്പെട്ടു.

'അക്ക'യിൽ കീർത്തി സുരേഷും രാധിക ആപ്തെയും
'സ്പിരിറ്റ്' വൈകും; പ്രഭാസ് - സന്ദീപ് റെഡ്ഡി വാങ്ക ചിത്രത്തിന്റെ റിലീസ് തീയതിയിൽ മാറ്റം

നെറ്റ്ഫ്ലിക്സിനും വൈആർഎഫ് എന്റർടെയ്ൻമെന്റിനുമൊപ്പമുള്ള തന്റെ ആദ്യ സീരീസാണ് ‘അക്ക’യെന്നും താരം വ്യക്തമാക്കി. ഭവാനിയുടെ പല തലങ്ങളിലൂടെയുള്ള യാത്രയും കഥാപാത്രങ്ങൾ തമ്മിലുള്ള സങ്കീർണമായ ബന്ധങ്ങളും പ്രേക്ഷകർക്ക് പുതിയ അനുഭവമാകുമെന്നാണ് പ്രതീക്ഷയെന്നും കീർത്തി പറഞ്ഞു. നെറ്റ്ഫ്ലിക്സുമായി മുമ്പ് നിരവധി പ്രോജക്ടുകളിൽ സഹകരിച്ചിട്ടുള്ള രാധിക ആപ്‌തെ, വൈആർഎഫ് എന്റർടെയ്ൻമെന്റിനൊപ്പം ഈ സീരീസിൽ പ്രവർത്തിക്കാൻ കഴിഞ്ഞതും വ്യത്യസ്തമായ കഥാപാത്രങ്ങളുള്ള ഈ കഥയുടെ ഭാഗമാകാനായതും സന്തോഷകരമായ അനുഭവമാണെന്ന് പ്രതികരിച്ചു. കീർത്തി സുരേഷിന്റെ ജന്മദിനത്തിൽ ടീസറും റിലീസ് തീയതിയും പ്രഖ്യാപിച്ചതിൽ ഉള്ള സന്തോഷവും രാധിക പങ്കുവച്ചു.

സ്ത്രീകൾ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഗ്യാങ്സ്റ്റർ സാഗ എന്ന നിലയിൽ ‘അക്ക’യുടെ ലോകവും കഥാപാത്രങ്ങളും ശ്രദ്ധേയമാകുന്നു. പാരമ്പര്യങ്ങളും അധികാരവും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്കൊപ്പം, സ്വന്തം നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന പെർണുരുവിലെ ശക്തമായ സ്ത്രീകളുടെ കഥയാണ് സീരീസ് പറയുന്നത്. കീർത്തി സുരേഷ്, രാധിക ആപ്‌തെ എന്നിവർക്കൊപ്പം തൻവി ആസ്മിയും പ്രധാന താരനിരയിലുണ്ട്. ഒക്ടോബർ 30ന് നെറ്റ്ഫ്ലിക്സിലൂടെ സീരീസ് പ്രേക്ഷകരിലേക്ക് എത്തും.

സംവിധാനം, രചന: ധർമരാജ് ഷെട്ടി, നിർമാണം: വൈആർഎഫ് എന്റർടെയ്ൻമെന്റ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ: ആദിത്യ ചോപ്ര, യോഗേന്ദ്ര മൊഗ്രെ, അക്ഷയ് വിധാനി, പിആർഒ: ശബരി.

News Malayalam 24x7
newsmalayalam.com