
'Gold Digger'- എന്ന പദം 20-ാം നൂറ്റാണ്ടില്‍ അമേരിക്കയിലാണ് ഉത്ഭവിച്ചത്. 1919ലെ ഏവറി ഹോപ്‌വുഡിന്റെ 'The Gold Diggers' എന്ന ബ്രോഡ്‌വെ പ്ലേയിലൂടെയാണ് ഈ വാക്ക് കൂടുതല്‍ പ്രചാരത്തിലാവുന്നത്.
എന്താണ് 'Gold Digger' ?
പ്രധാനമായും സാമ്പത്തിക നേട്ടത്തിനായ സമ്പന്നരായ പുരുഷന്മാരുമായി ബന്ധം പുലര്‍ത്തുന്ന സ്ത്രീകളെയാണ് ഇങ്ങനെ വിശേഷിപ്പിക്കുന്നത്. ഈ പദം കൂടുതലായും സ്ത്രീകളെ വിളിക്കാനാണ് ഉപയോഗിക്കാറ്. കാരണം ഒരു സ്ത്രീ സാമ്പത്തിക സുരക്ഷ തേടുന്ന സാഹചര്യങ്ങളിലാണ് ഈ പദം കൂടുതലായി ഉപയോഗിക്കപ്പെടുന്നത്. ലിംഗവിവേചനം വ്യാപകമായി കാണപ്പെടുന്ന ലോകത്ത് സ്ത്രീകളെ മോശമായി ചിത്രീകരിക്കാന്‍ 'Gold Digger' എന്ന വാക്ക് നിരന്തരം ഉപയോഗിക്കുന്നു.
ഇന്ത്യന്‍ സിനിമയില്‍ വില്ലനൈസ് ചെയ്യപ്പെടുന്ന സ്ത്രീ കഥാപാത്രങ്ങളാണ് എപ്പോഴും ഈ വിഭാഗത്തില്‍ പെടുന്നത്. എളിമയുള്ള, ധാര്‍മ്മികതയുള്ള, നിസ്വാര്‍ത്ഥയായ സ്ത്രീയെയാണ് ഇന്ത്യന്‍ സിനിമയില്‍ കാലാ കാലങ്ങളായി കണ്ടുവരാറ്. എപ്പോഴെങ്കിലും ഒരു സ്ത്രീ സ്വന്തം ലാഭത്തിനായി പ്രവര്‍ത്തിക്കുകയോ ജീവിക്കുകയോ ചെയ്താല്‍ അവള്‍ തീര്‍ച്ചയായും മെയിന്‍ സ്ട്രീം സിനിമകളില്‍ വില്ലത്തിയായിരിക്കും. ഇവിടെയാണ് ആമസോണ്‍ പ്രൈം സീരീസായ 'മെയ്ഡ് ഇന്‍ ഹെവനിലെ' താര ഖന്ന പ്രസക്തയാവുന്നത്.
പണത്തിന് വേണ്ടി ജീവിക്കുന്ന അത്യാഗ്രഹിയായ ഒരു സ്ത്രീ എങ്ങനെയായിരിക്കുമെന്ന ഇന്ത്യന്‍ സിനിമയുടെ പൊതു ധാരണയെ പൊളിച്ചെഴുതിയ കഥാപാത്രമാണ് 'മെയിഡ് ഇന്‍ ഹെവനിലെ' ശോഭിത ധുലിപാലയുടെ താര. സാധാരണ സൈഡ് റോളുകളിലേക്ക് മോശം സ്ത്രീയായി ഒതുങ്ങുന്ന ഇത്തരം കഥാപാത്രങ്ങള്‍ക്ക് വിപരീതമായി 'മെയിഡ് ഇന്‍ ഹെവനില്‍' സോയ അക്തറും റീമ കാഗ്ടിയും താരയെ കേന്ദ്ര കഥാപാത്രമായി ചിത്രീകരിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഒരു സാധാരണ സാമ്പത്തിക സ്ഥിതിയില്‍ നിന്ന് വരുന്ന താര എന്തുകൊണ്ട് തന്റെ ബോസിനെ സെഡ്യൂസ് ചെയ്ത് അയാളുമായി പ്രണയത്തിലാകുന്നു എന്നതിന്റെ വ്യക്തമായ രൂപം 'മെയിഡ് ഇന്‍ ഹെവന്‍' പ്രേക്ഷകരോട് പറയുന്നുണ്ട്. അതുകൊണ്ട് തന്നെ താരയെ ആ അവസ്ഥയിലേക്ക് നയിച്ച കാരണത്തെ സഹാനുഭൂതിയോടെ കാണാന്‍ സീരീസിന്റെ ക്രിയേറ്റേഴ്‌സ് ആയ സോയ അക്തറും റിമാ കാഗ്ടിയും പ്രേക്ഷകരെ പ്രാപ്തരാക്കുന്നു.
ജീവിതത്തില്‍ സാമ്പത്തിക വിജയത്തിന് മുന്‍ഗണന നല്‍കണം എന്നാണ് കുട്ടിയായിരിക്കുമ്പോള്‍ താരയെ അമ്മ പറഞ്ഞു പഠിപ്പിച്ചത്. കാരണം സന്തോഷത്തിന്റെ ഉറവിടം അവിടമാണെന്നാണ് അമ്മ പറഞ്ഞിരുന്നത്. സമൂഹത്തില്‍ സാമ്പത്തികമായി ഉയര്‍ന്ന വ്യക്തികള്‍ പെരുമാറുന്നത് എങ്ങനെയാണെന്ന് അറിയാന്‍ 'etiquette class'-നും താര പോയിരുന്നു. അവളുടെ സഹോദരി പ്രണയിച്ച് വിവാഹം ചെയ്ത് ഒടുവില്‍ കുടുംബം സാമ്പത്തിക പ്രശ്‌നം നേരിടുമ്പോള്‍, താര ഒരു സംശയവുമില്ലാതെ സമ്പന്നതയിലേക്കുള്ള വഴി സ്വീകരിക്കുകയാണ് ചെയ്യുന്നത്.
അങ്ങനെയാണ് അവള്‍ ആദില്‍ ഖന്ന എന്ന സമ്പന്നനായ ഇന്‍ഡസ്ട്രിയലിസ്റ്റിനെ വിവാഹം കഴിക്കുന്നത്. ആദിലിന്റെ സെക്രട്ടറിയായി താര ജോലിക്ക് പോകുമ്പോള്‍ അയാളുടെ വിവാഹം നിശ്ചയം കഴിഞ്ഞിരുന്നു. എന്നിട്ടും താര അയാളുമായി പ്രണയത്തിലാകുന്നു. ഒടുവില്‍ ഇരുവരും ഓഫീസില്‍ നിന്ന് സെക്‌സ് ചെയ്യുന്ന സിസിടിവി ദൃശ്യങ്ങള്‍ താര ആരും അറിയാതെ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിക്കുന്നു. ഇതോടെ ആദിലിന്റെ വിവാഹം മുടങ്ങുകയും താരയെ വിവാഹം കഴിക്കുകയും ചെയ്യുന്നു.
ഇത്രയൊക്കെ ചെയ്തിട്ടും തന്റേതല്ലാത്ത സമൂഹവുമായി പൊരുത്തപ്പെട്ടു പോകാന്‍ താരയ്ക്ക് സാധിക്കുന്നില്ല. അത് കാണുമ്പോള്‍ പ്രേക്ഷകന് താരയോട് അനുകമ്പ തോന്നാം. സമ്പന്നനായ ആദില്‍ ഖന്നയുടെ ഭാര്യയായതിന് പിന്നാലെ തനിക്ക് വന്ന് ചേര്‍ന്ന സാമ്പത്തിക ശേഷി താര ഉത്തരവാദിത്തത്തോടെയാണ് ഉപയോഗിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. അമ്മയെ നോക്കാനും സ്വന്തമായി ബിസിനസ് ആരംഭിക്കാനുമാണ് അവള്‍ ആ പണം ഉപയോഗിക്കുന്നത്.
അങ്ങനെയാണ് താര 'മെയിഡ് ഇന്‍ ഹെവന്‍' എന്ന വെഡ്ഡിങ് പ്ലാനര്‍ കമ്പനി സുഹൃത്ത് കരണുമായി ആരംഭിക്കുന്നത്. ആദ്യ സീസണിന്റെ തുടക്കത്തില്‍ അവര്‍ ഡല്‍ഹിയിലെ ഒരു സമ്പന്ന കുടുംബത്തിലെ വിവാഹമാണ് നടത്തുന്നത്. വരന്‍ സമ്പന്നനും വധു മിഡില്‍ ക്ലാസ് കുടുംബത്തിലേതുമാണ്. അതുകൊണ്ട് തന്നെ വരന്റെ അച്ഛനും അമ്മയും പ്രശ്‌നങ്ങളുണ്ടാക്കുന്നു. ഇതേ തുടര്‍ന്ന് വീട്ടില്‍ നിന്ന് മകന്‍ ഇറങ്ങി പോവുകയാണ്. തന്റെ സമ്പത്ത് വേണ്ടെന്ന് വെച്ച് അയാള്‍ ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയാണ്.
ഈ സീനിലാണ് താര ഖന്ന എന്ന ബിസിനസ് വുമണനിനെയും ഗോള്‍ഡ് ഡിഗ്ഗറിനെയും നമുക്ക് വ്യക്തമായി കാണാന്‍ സാധിക്കുന്നത്. മെയിഡ് ഇന്‍ ഹെവന് ഈ വിവാഹം നഷ്ടപ്പെടുമെന്ന് മനസിലാക്കിയ താര ആ പെണ്‍കുട്ടിയുമായി സംസാരിക്കുന്നു. 'ജീവിതത്തില്‍ റൊമാന്‍സ് ഇല്ലാതാകുമ്പോള്‍ കുടുംബത്തെ വേണ്ടെന്ന് വെച്ച് വന്നത് അയാള്‍ക്കൊരു പ്രശ്‌നമാകും. കാരണം 5000 കോടിയാണ് അയാള്‍ വേണ്ടെന്ന് വെച്ചത്. അയാള്‍ക്ക് അത് നഷ്ടപ്പെടാനുള്ള കാരണം ആകാന്‍ നീ തയ്യാറാണോ? അയാളുടെ അമ്മയും അച്ഛനും മരിച്ചു പോകുമ്പോള്‍ ആ പണം മുഴുവന്‍ നിന്റേതാകും. അതുകൊണ്ട് ഒരു മണ്ടിയാകരുത്', എന്നാണ് താര ആ പെണ്‍കുട്ടിയോട് പറയുന്നത്. ആ പെണ്‍കുട്ടിയിലൂടെ താര കാണുന്നത് അവളെ തന്നെയാണ്. എങ്ങനെ ഈ സോഷ്യല്‍ സ്റ്റാറ്റസിലേക്ക് താര എത്തിയോ ആ യാത്ര അവള്‍ ഓര്‍ക്കുന്നു.
ബിസനസിനൊപ്പം തന്നെ താരയ്ക്ക് പ്രധാനപ്പെട്ടതാണ് അവളുടെ സോഷ്യല്‍ സ്റ്റാറ്റസ്. ഭര്‍ത്താവിനെ താരയ്ക്ക് ഇഷ്ടമാണെങ്കിലും അവള്‍ എപ്പോഴും ഭയന്നാണ് ജീവിക്കുന്നത്. നേരത്തെ പറഞ്ഞത് പോലെ ആ സമൂഹത്തില്‍ 'fit in' ആകാന്‍ താര നിരന്തരം പ്രയത്‌നിച്ചുകൊണ്ടിരിക്കുകയാണ്.
ഒടുവില്‍ തന്റെ ഉറ്റ സുഹൃത്തുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്ന് അറിയുന്ന താര കൂടുതല്‍ അസ്വസ്തയാകുന്നു. അവള്‍ സുഹൃത്തിന്റെ വീട്ടിലെത്തി പ്രശ്‌നമുണ്ടാക്കുകയും തുടര്‍ന്ന് ഭര്‍ത്താവിനോട് ഇനി അവളെ കാണരുതെന്ന് ആവശ്യപ്പെടുന്നു.
താര ഇപ്പോഴുള്ള ജീവിത സാഹചര്യത്തിലേക്ക് എത്തിയത് നേരായ വഴിയിലൂടെ അല്ലെന്ന് പ്രേക്ഷകര്‍ക്ക് അറിയാം. എന്നാലും അവള്‍ വിവാഹത്തില്‍ അനുഭവിക്കുന്ന പ്രതിസന്ധി കാരണം പ്രേക്ഷകര്‍ക്ക് അവളോട് സഹതാപവും തോന്നാം. കാരണം ആ സോഷ്യല്‍ സ്റ്റാറ്റസില്‍ നിലനിന്നു പോകാനാണ് താര നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സമ്പന്നയാവുക എന്ന ലക്ഷ്യമാണ് താരയ്ക്കുണ്ടായിരുന്നത്. ആ സ്വപ്‌നം നിലനിര്‍ത്താന്‍ വേണ്ടിയാണ് അവള്‍ പോരാടുന്നത്. അതില്‍ നിന്നും അവള്‍ ഒരിക്കല്‍ പോലും ഒഴിഞ്ഞു മാറുന്നില്ല.
വിവാഹ ജീവിതം ഇല്ലാതാകുന്നു എന്ന് അറിഞ്ഞിട്ടും അവള്‍ പോരാടിക്കൊണ്ടിരുന്നു. ഒടുവില്‍ താര ദാമ്പത്യ ജീവിതം അവസാനിക്കുകയാണെന്ന് മനസിലാക്കുകയും. സ്വയം ആ ബന്ധത്തില്‍ നിന്ന് പുറത്ത് പോവുകയും ചെയ്യുന്നു. അവസാനമായി ആദില്‍ ഖന്നയുടെ വീട്ടില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പ് ആഭരണണങ്ങളും ചുവന്ന ലിപ്സ്റ്റികും അണിഞ്ഞ് താര ബാത്ത് ഡബ്ബില്‍ കിടന്ന് സിഗററ്റ് വലിക്കുന്നു. ആ നിമിഷത്തില്‍ അവള്‍ മനസിലാക്കുകയാണ്, വിവാഹ ബന്ധം അവസാനിച്ചാലും തനിക്ക് സ്വന്തമായൊരു ഐഡന്റിറ്റിയുണ്ടെന്ന്. സമ്പത്തിന് വേണ്ടിയാണ് താര ഇതെല്ലാം ചെയ്തത്. ഇനി സമ്പത്തിന് മാത്രമെ അവളെ സമാധാനിപ്പിക്കാനാകു. അങ്ങനെയാണ് താര ഡിവേഴ്‌സ് ഫയല്‍ ചെയ്യാന്‍ തീരുമാനിക്കുന്നത്.
ഡിവേഴ്‌സിന്റെ സമയത്ത് താര ഭര്‍ത്താവിന്റെ കുടുംബ വീടാണ് സെറ്റില്‍മെന്റിനായി ആവശ്യപ്പെടുന്നത്. അത് അവള്‍ക്ക് ലഭിക്കുകയും ആദിലുമായുള്ള ഡിവേഴ്‌സ് നടക്കുകയും ചെയ്യുന്നു. അങ്ങനെ കേസില്‍ താര തന്നെ വിജയിച്ചു. അവള്‍ക്ക് വേണ്ടത് താര ചോദിച്ചു വാങ്ങി. അതില്‍ താരയ്ക്ക് ഒരു നാണക്കേടുമില്ല. കാരണം അത് തനിക്ക് അവകാശപ്പെട്ടതാണെന്ന് താര വിശ്വസിക്കുന്നു. ഒരു തരത്തിലുള്ള കുറ്റബോധവും അവള്‍ക്ക് തോന്നുന്നില്ല.
കാരണം ചെറുപ്പം മുതലെ അവള്‍ പഠിച്ചത് സമ്പന്നയാവുക എന്നതാണ്. അതിന് ഒരു പക്ഷെ സമ്പന്നനായ ഒരാളെ വിവാഹം കഴിക്കേണ്ടി വരും. ശരിക്കും വിവാഹം കഴിക്കുക എന്നത് ഇന്ത്യന്‍ സ്ത്രീകളെ ചെറുപ്പം മുതലെ പറഞ്ഞു പഠിപ്പിക്കുന്ന കാര്യമാണ്. വിവാഹം എന്നതാണ് ജീവിതത്തില്‍ പ്രധാനം. അത് തന്നെയാണ് എല്ലാ സ്ത്രീകളോട് സമൂഹം പറയുന്നത്. എന്നാല്‍ ശോഭിതയുടെ താര മിക്ക സ്ത്രീകളെക്കാളും സ്മാര്‍ട്ടാണ്. മറ്റൊരു സാഹചര്യത്തില്‍ താര സിനിമാ നടിയോ, രാഷ്ട്രീയക്കാരിയോ എല്ലാം ആയേക്കാം. എന്നാല്‍ വിവാഹം എന്നതാണ് അവളുടെ മനസില്‍ ചെറുപ്പം മുതല്‍ രൂപപ്പെട്ടിരുന്ന ലക്ഷ്യം. അപ്പോള്‍ അവള്‍ അതിനായി ഒരു പദ്ധതി തന്നെ തയ്യാറാക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു.
താര ശരിക്കും മികച്ചൊരു വെഡ്ഡിങ് പ്ലാനര്‍ ആണ്. ആളുകളെ എങ്ങനെ സന്തോഷിപ്പിക്കണം എന്ന് അവള്‍ക്ക് അറിയാം. അവര്‍ക്ക് എന്താണ് വേണ്ടതെന്ന് മനസിലാക്കി പെരുമാറാനും. ജീവിതത്തില്‍ ഒരുപാട് വിവാഹങ്ങള്‍ അവള്‍ പ്ലാന്‍ ചെയ്തു നടത്തി. എന്നാല്‍ അവള്‍ ഏറ്റവും മികച്ച രീതിയില്‍ ആസുത്രണം ചെയ്തത് സ്വന്തം വിവാഹം തന്നെയായിരുന്നു. കാരണം അവള്‍ താരയാണ്. സ്വന്തം മൂല്യം അറിയുന്ന സ്ത്രീ. ഏത് സാഹചര്യത്തെയും മറികടക്കാന്‍ മിടുക്കുള്ള സ്ത്രീ. തന്നെ പോലൊരു വ്യക്തിക്ക് ഇനിയും അവസരങ്ങള്‍ വരും എന്ന തിരിച്ചറിവുള്ള സ്ത്രീ.