

കൊച്ചി: കുട്ടിക്കാലത്തെ കഥകളിലോ, ക്ലാസ്റൂമിലെ സ്വപ്നങ്ങളിലോ, ദൂരദേശങ്ങളെക്കുറിച്ചുള്ള കൗതുകങ്ങളിലോ നിന്നാവാം പലപ്പോഴും വലിയ സ്വപ്നങ്ങൾ പിറവിയെടുക്കുന്നത്. തമിഴ്‌നാട്ടിലെ ഒരു ചെറിയ പട്ടണത്തിൽ വളർന്ന ഷെൺബയുടെ കാര്യവും മറിച്ചല്ലായിരുന്നു. തന്റെ സാധാരണ ജീവിതത്തിനിടയിലും അവൾ ഒരു വലിയ സ്വപ്നം നെഞ്ചിലേറ്റി - എന്നെങ്കിലും ഒരിക്കൽ ദക്ഷിണ കൊറിയയിൽ എത്തണം. തമിഴ്‌നാട്ടിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള ഷെൺബയുടെ മറക്കാനാവാത്ത ജീവിതയാത്രയുമായി 'മെയ്ഡ് ഇൻ കൊറിയ' മാർച്ച് 12ന് നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു.
റൈസ് ഈസ്റ്റ് എന്റർടെയ്‌ൻമെന്റ് നിർമിച്ച് രാ. കാർത്തിക് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം, ഷെൺബ എന്ന പെൺകുട്ടിക്ക് കൊറിയൻ സംസ്കാരത്തോടുള്ള കൗതുകവും അത് അവളുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതുമാണ് ദൃശ്യവൽക്കരിക്കുന്നത്. അപ്രതീക്ഷിതമായി സോളിൽ എത്തുന്ന ഷെൺബയ്ക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളും, അവളുടെ ആത്മവിശ്വാസവും, പുതിയ സൗഹൃദങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
"കൊറിയൻ-തമിഴ് സംസ്കാരങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള ബന്ധവും സമാനതകളും എന്നെ എന്നും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ആ കൗതുകമാണ് വ്യക്തിപരമായ സ്പർശമുള്ള ഈ കഥ പറയാൻ എനിക്ക് പ്രചോദനമായത്. ഭാഷകൾക്കതീതമായി സംസ്കാരങ്ങളെ ഒന്നിപ്പിക്കുന്ന ഇത്തരം കഥകൾക്ക് പിന്തുണ നൽകുന്ന നെറ്റ്ഫ്ലിക്സിനോട് ഞാൻ നന്ദി പറയുന്നു," എന്നാണ് ചിത്രത്തെക്കുറിച്ച് സംവിധായകൻ രാ. കാർത്തിക് പറഞ്ഞത്.
നെറ്റ്ഫ്ലിക്സ് ഇന്ത്യ കണ്ടന്റ് വൈസ് പ്രസിഡന്റ് മോണിക്ക ഷെർഗിൽ ഇങ്ങനെ പങ്കുവച്ചു: "പ്രാദേശികമായ വേരുകളുള്ളതും എന്നാൽ ആഗോളതലത്തിൽ സംവദിക്കാൻ കഴിയുന്നതുമായ കഥകൾ നൽകാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിൽ നിന്ന് കൊറിയൻ സ്വപ്നങ്ങൾ കാണുന്ന ഷെൺബയുടെ കഥ അത്തരത്തിലുള്ള ഒന്നാണ്. പ്രിയങ്ക മോഹനും 'സ്ക്വിഡ് ഗെയിം' താരം പാർക്ക് ഹേ-ജിനും ഒന്നിക്കുന്ന ചിത്രം ഇന്ത്യയും കൊറിയയും തമ്മിലുള്ള ബന്ധത്തിന്റെ ഒരു കണ്ണിയായി മാറും."
ഷെൺബ എന്ന കഥാപാത്രമായി പ്രിയങ്ക മോഹൻ എത്തുമ്പോൾ, പാർക്ക് ഹേ-ജിൻ, നോ ഹോ-ജിൻ എന്നീ കൊറിയൻ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. "ആദ്യ കേൾവിയിൽ തന്നെ ഷെൺബയുടെ കഥയുമായി എനിക്ക് വലിയ അടുപ്പം തോന്നി. അവളുടെ കൊറിയൻ സ്വപ്നങ്ങൾ അത്ഭുതവും ആകാംക്ഷയും നിറഞ്ഞതാണ്. നെറ്റ്ഫ്ലിക്സിലൂടെ ഈ കഥ ലോകത്തിന് മുന്നിൽ എത്തുന്നതിൽ എനിക്ക് വലിയ സന്തോഷമുണ്ട്," പ്രിയങ്ക മോഹൻ പറഞ്ഞു.
നിർമാണം: ശ്രീനിധി സാഗർ, നിർമാണ കമ്പനി: റൈസ് ഈസ്റ്റ് എൻ്റർടൈൻമെന്റ്.