ബോളിവുഡ് താരം രാധിക ആപ്തയുടെ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ ചിത്രമാണ് 'സിസ്റ്റര്‍ മിഡ്‌നൈറ്റ്'. 2024 കാന്‍ ചലച്ചിത്ര മേളയിലാണ് ചിത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ഒരു വര്‍ഷത്തിന് ശേഷം മെയ് 23നാണ് 'സിസ്റ്റര്‍ മിഡ്നൈറ്റ്' ഇന്ത്യയില്‍ തിയേറ്റര്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രം ഇന്ത്യയില്‍ ഒടിടി റിലീസ് ചെയ്തിരിക്കുകയാണ്.
ആമസോണ്‍ പ്രൈമിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. പക്ഷെ നിലവില്‍ ചിത്രം റെന്റലായാണ് ലഭിക്കുന്നത്. 149 രൂപ നല്‍കിയാണ് ചിത്രം സ്ട്രീം ചെയ്യാവുന്നതാണ്.
കരണ്‍ കാന്‍ധാരിയാണ് ചിത്രത്തിന്റെ സംവിധായകന്‍. കരണ്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണിത്. കേന്ദ്ര കഥാപാത്രമായ രാധിക ആപ്‌തെയ്‌ക്കൊപ്പം ചിത്രത്തില്‍ അശോക് പതക്, ഛായാ കദം, സ്മിത താംബേ, നവ്യ സാവന്ത് എന്നിവരും അണിനിരക്കുന്നുണ്ട്. അല്‍സ്റ്റെയര്‍ ക്ലാര്‍ക്ക്, അന്ന ഗ്രിഫിന്‍, അലന്‍ മക്അല്ക്‌സ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
വിവാഹം കഴിഞ്ഞതിന് പിറ്റേ ദിവസം രാവിലെ ഉണരുന്ന സ്ത്രീ എന്ത് ചെയ്യണമെന്ന് അറിയാതെ പുതിയ വീട്ടില്‍ ഒറ്റയ്ക്ക് കഴിയുന്നതാണ് സിനിമയുടെ ഇതിവൃത്തം. ജീവിതത്തില്‍, പ്രത്യേകിച്ച് ബന്ധങ്ങളില്‍ കൃത്യമായ നിയമങ്ങളില്ലാ എന്നതിനെ കുറിച്ചാണ് 'സിസ്റ്റര്‍ മിഡ്‌നൈറ്റ്' സംസാരിക്കുന്നത്.
ഓസ്റ്റിനിലെ ഫെന്റാസ്റ്റിക് ഫെസ്റ്റില്‍ നിന്നും മികച്ച ചിത്രത്തിനുള്ള ബെസ്റ്റ് വേവ് അവാര്‍ഡ് ചിത്രം കരസ്ഥമാക്കിയിരുന്നു. കൂടാതെ ബ്രിട്ടിഷ് ഇന്‍ഡിപെന്‍ഡന്റ് ഫിലിം അവാര്‍ഡില്‍ ചിത്രം നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു. ലോകമെമ്പാടുമുള്ള ചലച്ചിത്ര മേളകളില്‍ നിന്ന് മികച്ച അഭിപ്രായം നേടിയ ചിത്രം കൂടിയാണ് 'സിസ്റ്റര്‍ മിഡ്‌നൈറ്റ്'.