
ബ്രിട്ടിഷ് നടി സോഫി ടേണറിന്റെ 'ഗെയിം ഓഫ് ത്രോണ്‍സ്' സീരീസിലെ സാന്‍സ സ്റ്റാര്‍ക്ക് എന്ന കഥാപാത്രം വളരെ പ്രശസ്തമാണ്. 2011ലാണ് സീരീസിന്റെ ആദ്യ സീസണ്‍ പുറത്തുവന്നത്. അപ്പോള്‍ മുതല്‍ 2019ലെ സീരീസിന്റെ അവസാന സീസണ്‍ വരെ സോഫി ടേണര്‍ കേന്ദ്ര കഥാപാത്രമായിരുന്നു. അടുത്തിടെ ഡിഷ് പോഡ്കാസ്റ്റിന് നല്‍കിയ അഭിമുഖത്തില്‍ താരം 'ഗെയിം ഓഫ് ത്രോണ്‍സ്' തന്റെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞു.
"എനിക്ക് എന്റെ സെക്‌സ് എജുക്കേഷന്‍ ലഭിച്ചത് ഗെയിം ഓഫ് ത്രോണ്‍സ് എന്ന ഷോയില്‍ നിന്നാണ്. ആവശ്യത്തിലധികം", എന്നാണ് സോഫി പറഞ്ഞത്.
എമിലിയ ക്ലാര്‍ക്ക്, കിറ്റ് ഹാരിംഗ്ടണ്‍, പീറ്റര്‍ ഡിങ്ക്‌ലേജ്, ഗ്വെന്‍ഡോലിന്‍ ക്രിസ്റ്റി എന്നിവരുള്‍പ്പെടെയുള്ള അഭിനേതാക്കള്‍ക്കൊപ്പം അഭിനയിച്ച അവര്‍, അത് വളരെ ആഴത്തിലുള്ള അനുഭവമായിരുന്നുവെന്നും പങ്കുവെച്ചു. "എനിക്ക് ഒരിക്കലും ശരിയായ ഒരു അഭിനയ പരിശീലനം ലഭിച്ചിരുന്നില്ല. അതിനാല്‍ എനിക്ക് ചുറ്റുമുള്ള അത്ഭുതകരമായ അഭിനേതാക്കളില്‍ നിന്ന് എനിക്ക് പഠിക്കാന്‍ കഴിഞ്ഞു. അത് ഒരു മത്സരത്തില്‍ വിജയിച്ചതുപോലെ എനിക്ക് തോന്നി. അത് വളരെ മികച്ച അനുഭവമായിരുന്നു. ഞങ്ങള്‍ എല്ലാവരും ഒരു കുടുംബമായിരുന്നു", അവര്‍ ഓര്‍മിച്ചു.
സാന്‍സ എന്ന സോഫിയുടെ കഥാപാത്രം ഏകദേശം ഒരു ദശാബ്ദക്കാലം നീണ്ടു നിന്നിരുന്നു. തന്റെ വ്യക്തിത്വവും കഥാപാത്രത്തിന്റെ വ്യക്തിത്വവും എങ്ങനെ ഇഴചേര്‍ന്നിരുന്നു എന്നും താരം വിശദീകരിച്ചു. "എന്റെ കഥാപാത്രത്തോടൊപ്പം ജീവിക്കാന്‍ എനിക്ക് കഴിഞ്ഞു. അതിനാല്‍ അതിന്റെ അവസാനത്തോടെ ഞങ്ങള്‍ ഒരു വ്യക്തിയായി ലയിച്ചത് പോലെ തോന്നി. അത് അതിശയകരമായിരുന്നു", സോഫി പറഞ്ഞു.
സീരീസില്‍ ഉടനീളം സാന്‍സ സ്റ്റാര്‍ക്ക് എന്ന കഥാപാത്രത്തിന്റെ പരിണാമം അതിശയകരമായിരുന്നു. ഒരു ചെറിയ പെണ്‍കുട്ടിയായാണ് സാന്‍സയെ സീരീസില്‍ ആദ്യം അവതരിപ്പിച്ചത്. പിന്നീട് അവള്‍ വഞ്ചനയ്ക്കും ചൂഷണത്തിനും ഇരയാവുകയും തുടര്‍ന്ന് വേദനാജനകമായ അനുഭവങ്ങളിലൂടെ ആ കഥാപാത്രം കടന്നു പോയി. എന്നാല്‍ അതെല്ലാം അവളെ തകര്‍ക്കുന്നതിന് പകരം വളരെ ശക്തയായ ഒരു സ്ത്രീയാക്കി മാറ്റി. സീരീസിന്റെ അവസാനം അവള്‍ തന്റെ അവകാശം ചോദിച്ച് വാങ്ങി, ക്വീന്‍ ഓഫ് നോര്‍ത്ത് ആയി മാറുകയായിരുന്നു. ശക്തി, അതജീവനം എന്നിവയുടെ തെളിവാണ് സോഫി ടേണര്‍ അവതരിപ്പിച്ച സാന്‍സ സ്റ്റാര്‍ക്ക്.