

ലോക പ്രശസ്ത സിറ്റ്‌കോമായ 'ഫ്രണ്ട്സി'ലെ താരമായിരുന്ന മാത്യു പെറിയുടെ ജീവിതം ആസ്പദമാക്കി 'ദ വൺ എബൗട്ട് മാത്യൂ പെറി' (The One About Matthew Perry) എന്ന ഡോക്യുമെന്ററിയുമായി നെറ്റ്ഫ്ലിക്സ്. എമ്മി പുരസ്കാര ജേതാവ് മേരി റോബർട്ട്സൺ ആണ് സംവിധാനം. മൂന്ന് ഭാഗങ്ങളായി എത്തുന്ന ഡോക്യൂ സീരീസ് ഒക്ടോബർ 27ന് പ്രീമിയർ ചെയ്യും.
മാത്യൂ പെറിയുടെ സഹോദരി മിയ പെറി ബൊവിക്, അടുത്ത കൂട്ടുകാർ, സഹപ്രവർത്തകർ എന്നിവരുടെ മുൻപ് കേട്ടിട്ടില്ലാത്ത അഭിമുഖങ്ങളും, പെറി കുടുംബത്തിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുത്തിയാണ് ഡോക്യൂ സീരീസ് നിർമിച്ചിരിക്കുന്നത്.
"നമ്മുടെ കാലഘട്ടത്തിലെ മികച്ച ഹാസ്യപ്രതിഭകളിൽ ഒരാളായിരുന്നു മാത്യൂ പെറി. സിനിമകൾ, ടെലിവിഷൻ-നാടക പ്രകടനങ്ങൾ, അതുപോലെ ചാൻഡലർ ബിങ് എന്ന മറക്കാനാവാത്ത കഥാപാത്രം എന്നിവയിലൂടെ ലക്ഷക്കണക്കിന് ആളുകളെ ചിരിപ്പിക്കാനും ഒന്നിപ്പിക്കാനും ആരും ഒറ്റയ്ക്കല്ലെന്ന തോന്നൽ ഉണ്ടാക്കാനും അദ്ദേഹത്തിന് സാധിച്ചു. തന്റെ ലഹരിവസ്തുക്കളോടുള്ള ആസക്തിയെക്കുറിച്ച് ധൈര്യപൂർവ്വം തുറന്നുപറഞ്ഞതിലൂടെ അതിലുമേറെ കാര്യങ്ങൾ അദ്ദേഹം നമുക്ക് നൽകുകയും ചെയ്തു. പക്ഷേ, പൊതുജനങ്ങൾക്ക് അദ്ദേഹത്തിന്റെ കഥയുടെ ഒരു ഭാഗം മാത്രമേ അറിയുമായിരുന്നുള്ളൂ. അതുകൊണ്ടാണ് അദ്ദേഹത്തെ സ്നേഹിച്ചവരിലൂടെ യഥാർത്ഥ മാത്യൂവിനെ പുറത്തുകൊണ്ടുവരാൻ ഞങ്ങൾ ഈ സീരീസ് ഒരുക്കിയത്," സംവിധായിക പറഞ്ഞു.
54ാം വയസിലാണ് മാത്യൂ പെറി ലോകത്തോട് വിടപറഞ്ഞത്. ലോസ് ഏഞ്ചൽസിലെ വീട്ടിലെ ബാത്ത് ടബില്‍ മരിച്ച നിലയില്‍ കണ്ടത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ ഉയർന്ന അളവിൽ കെറ്റാമൈൻ കണ്ടെത്തിയിരുന്നു. ഡ്രഗ് ഓവർഡോസിനെ തുടർന്ന് ബോധം നഷ്ടപ്പെടുകയും മുങ്ങിമരിക്കുകയുമായിരുന്നു എന്നാണ് പൊലീസ് നിഗമനം.
മോൺട്രിയലില്‍ ഒരു സമ്പന്ന കുടുംബത്തിൽ 1969ലാണ് മാത്യൂ ജനിച്ചത്. കുട്ടിക്കാലം മുതൽ അഭിനയ രംഗത്ത് സജീവമായിരുന്നു. 1994 മുതല്‍ 2004വരെ എന്‍ബിസി ടിവി പ്രക്ഷേപണം ചെയ്ത 'ഫ്രണ്ട്സ്' എന്ന സിറ്റ് കോം പരമ്പരയിലെ ചാൻഡലർ ബിങ് എന്ന കഥാപാത്രമാണ് മാത്യൂ പെറിയെ പ്രശസ്തനാക്കിയത്.