ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ: ദ റിവഞ്ച്' ഒടിടിയിലേക്ക് എത്തുന്നു. ഇന്ത്യൻ ബോക്സ് ഓഫീസിൽ ഓൾ ടൈം റെക്കോർഡ് കളക്ഷൻ നേടിയ ശേഷമാണ് രൺവീർ സിങ് ചിത്രം ഡിജിറ്റൽ സ്ട്രീമിങ്ങിന് തയ്യാറെടുക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 1000 കോടി നെറ്റ് ഗ്രോസ് നേടുന്ന ആദ്യ ചിത്രം എന്ന നേട്ടം സ്വന്തമാക്കിയ 'ധുരന്ധർ 2', ആഗോള തലത്തിൽ നേടിയത് 1800 കോടി രൂപയ്ക്ക് മുകളിലാണ്.
ജിയോ ഹോട്ട്സ്റ്റാർ ആണ് 'ധുരന്ധർ: ദ റിവഞ്ച്' സിനിമയുടെ ഇന്ത്യയിലെ സ്ട്രീമിങ് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ജൂൺ നാലിന് രാത്രി ഏഴ് മണിക്കാണ് സിനിമയുടെ ഗ്രാൻഡ് ഡിജിറ്റൽ പ്രീമിയർ. ജൂൺ അഞ്ച് മുതൽ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. 'ധുരന്ധർ 2' ഒടിടി പതിപ്പിൽ മൂന്ന് മിനുട്ട് അധികമുണ്ടാകും എന്നാണ് സൂചന.
അതേസമയം, സിനിമയുടെ അൺകട്ട് വേർഷൻ അന്താരാഷ്ട്ര തലത്തിൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. തിയേറ്റർ പതിപ്പിൽ വെട്ടിമാറ്റിയ ക്രൂരമായ കൊലപാതക ദൃശ്യങ്ങളും രക്തച്ചൊരിച്ചിലുകളും ഉൾപ്പെട്ടതാണ് അൺകട്ട് വേർഷൻ. ഇന്ത്യൻ പതിപ്പിൽ ഈ രംഗങ്ങൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.
രൺവീർ സിംഗ് അവതരിപ്പിക്കുന്ന ജസ്കിരത് സിംഗ് രംഗി എന്ന കഥാപാത്രത്തെയാണ് ചിത്രം പിന്തുടരുന്നത്. രൺവീർ സിംഗിനൊപ്പം അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ, അക്ഷയ് ഖന്ന, സാറ അർജുൻ, രാകേഷ് ബേദി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ അഞ്ച് ഭാഷകളിലാണ് മാർച്ച് 19ന് ചിത്രം ആഗോള റിലീസായി എത്തിയത്. ചിത്രം രചിച്ചതും സംവിധായകൻ ആദിത്യ ധർ തന്നെയാണ്. ജ്യോതി ദേശ്പാണ്ഡെയും ലോകേഷ് ധറും ആദിത്യ ധറും ചേർന്നാണ് ഈ മെഗാ മാസ് ആക്ഷൻ സ്പൈ ത്രില്ലർ നിർമിച്ചത്.