ഒരു നടിയുടെ 'ആയുസ്' 6-7 വർഷമാണെന്നാണ് അന്നവർ പറഞ്ഞത്, ഞാൻ സിനിമയിൽ എത്തിയിട്ട് 20 വർഷമായി: പാർവതി തിരുവോത്ത്

ആക്ടിവിസവും മൂല്യവും സമ്പന്നയാക്കില്ലെന്നാണ് അന്ന് ലഭിച്ച ഉപദേശമെന്ന് പാർവതി ഓർമിക്കുന്നു
പാർവതി തിരുവോത്ത് ഫിലിംഫെയർ പുരസ്കാരവുമായി
പാർവതി തിരുവോത്ത് ഫിലിംഫെയർ പുരസ്കാരവുമായിSource: Instagram / par_vathy
Published on
Updated on

കൊച്ചി: മലയാളത്തിലും ഇതര ഭാഷകളിലും മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ നടിയാണ് പാർവതി തിരുവോത്ത്. 70ാമത് ഫിലിംഫെയർ പുരസ്കാര ചടങ്ങിൽ മികച്ച സഹനടിക്കുള്ള പുരസ്കാരം പാർവതിയെ തേടിയെത്തിയത് ഒരു തമിഴ് ചിത്രത്തിലെ പ്രകടനത്തിനാണ്. പാ രഞ്ജിത്ത് സംവിധാനം 'തങ്കലാനി'ലെ 'ഗംഗമ്മാൾ' എന്ന കഥാപാത്രമാണ് നടിക്ക് പുരസ്കാരം നേടിക്കൊടുത്തത്. മാതാപിതാക്കളെ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് പാർവതി പുരസ്കാരം ഏറ്റുവാങ്ങിയത്. പുരസ്കാര തിളക്കത്തിൽ നിൽക്കുന്ന നടി സമൂഹമാധ്യമങ്ങളിൽ കുറിച്ച വരികൾ ശ്രദ്ധനേടുകയാണ്.

കഴിഞ്ഞ ഡിസംബറിൽ താൻ സിനിമയിൽ എത്തിയിട്ട് 20 വർഷം പൂർത്തിയായി എന്ന് പറഞ്ഞുകൊണ്ടാണ് നടി കുറിപ്പ് തുടങ്ങുന്നത്. സിനിമാ ജീവിതം ആരംഭിച്ചപ്പോൾ തന്നോട് പലരും, ഒരു നടിയുടെ 'ഷെൽഫ് ലൈഫ്' ആയി പറഞ്ഞിരുന്നത് പരമാവധി ആറോ, ഏഴോ വർഷമാണ്. പരമാവധി കൊമേഷ്യൽ സിനിമ ചെയ്യാനും പണം സമ്പാദിക്കാനും, ആക്ടിവിസവും മൂല്യവും സമ്പന്നയാക്കില്ലെന്നുമാണ് അന്ന് ലഭിച്ച ഉപദേശമെന്നും നടി ഓർമിക്കുന്നു.

പാർവതി തിരുവോത്ത് ഫിലിംഫെയർ പുരസ്കാരവുമായി
"കേരള സ്റ്റോറിയുടെ ടീസർ പിൻവലിക്കുമോ?" സിനിമ ഹൈക്കോടതി കാണും, ശേഷം തീരുമാനം

പാർവതി തിരുവോത്തിന്റെ കുറിപ്പ്:

2025 ഡിസംബറിൽ ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ എന്റെ അഭിനയ ജീവിതത്തിന് 20 വർഷം തികയുകയാണ്. ഞാൻ തുടങ്ങിയ കാലത്ത് പലരും എന്നോട് പറഞ്ഞിരുന്നത് ഒരു നടിക്ക് പരമാവധി 6-7 വർഷത്തെ 'ആയുസ് (Shelf Life)' മാത്രമേ സിനിമയിൽ ഉണ്ടാകൂ എന്നാണ്. 'ലഭിക്കുന്ന അവസരങ്ങൾ പരമാവധി മുതലാക്കൂ, കഴിയുന്നത്ര കൊമേഴ്‌സ്യൽ സിനിമകൾ ചെയ്ത് പണം സമ്പാദിക്കൂ - നിന്റെ നിലപാടുകളോ ആക്ടിവിസമോ നിന്നെ സമ്പന്നയാക്കില്ല' എന്നും അവർ പറഞ്ഞു.

അവർക്കെല്ലാം തെറ്റി. ഞാൻ ഇന്ന് ജീവിതത്തിൽ അങ്ങേയറ്റം സമ്പന്നയാണ്, കാരണം എന്റെ കുടുംബം എപ്പോഴും എന്റെ കൂടെയുണ്ട്. എന്നെ പിന്തുണയ്ക്കുന്ന മികച്ച സുഹൃത്തുക്കളുള്ളതിനാൽ ഞാൻ സമ്പന്നയാണ്. പ്രശസ്തിക്ക് പിന്നാലെ പോകാതെ, മനുഷ്യത്വത്തിന് വില നൽകാനും സ്വയം വിലയിരുത്താനുമുള്ള കഴിവ് നേടിയെടുത്തതിനാൽ ഞാൻ സമ്പന്നയാണ്. അഭിനയ കലയിലും ഞാൻ സമ്പന്നയാണ്; സത്യങ്ങൾ തുറന്നുപറയുന്നതിന്റെ പേരിൽ അഭിമാനിക്കുമ്പോഴും, ശക്തമായ കഥാപാത്രങ്ങൾക്കായി എന്നെ തേടിയെത്തുന്ന സമാനചിന്താഗതിക്കാരായ പ്രതിഭകൾ എനിക്കൊപ്പമുണ്ട്!

അതേസമയം, ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’, പൃഥ്വിരാജ് നായകനാവുന്ന ‘ഐ നോബഡി’ എന്നീ ചിത്രങ്ങളാണ് മലയാളത്തിൽ പാർവതിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. നടി ആദ്യമായി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ‘പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ’. 'പ്രകാശൻ പറക്കട്ടെ', 'അനുരാഗം' എന്നീ ചിത്രങ്ങൾക്കു ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്യുന്ന ചിത്രം 11 ഐക്കൺസ് ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ അർജുൻ സെൽവയാണ് നിർമിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com