

കൊച്ചി: ടിനി ടോമിനെ മനഃപൂർവം കരിവാരിത്തേക്കാൻ താര സംഘടന 'അമ്മ'യിൽ തന്നെ ഗൂഢാലോചന നടക്കുന്നതായി സംവിധായകൻ സന്തോഷ് മോഹൻ പാലോട്. സംഘടനയിലെ തർക്കത്തിൽ ജാതി കാർഡ് ഇറക്കിയത് ശരിയല്ല. തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ സംവിധായകൻ പറയുന്നു. അൻസിബ ഹസനും ടിനി ടോമും പ്രധാന വേഷങ്ങളിൽ എത്തുന്ന 'പൊലീസ് ഡേ' എന്ന ചിത്രത്തിന്റെ സംവിധായകനാണ് സന്തോഷ് മോഹൻ.
സോഷ്യൽ മീഡിയയിൽ പങ്കുവച്ച ദീർഘമായ കുറിപ്പിൽ, അൻസിബ ഹസനും ടിനി ടോമും 'അമ്മ'യുമായിട്ടുള്ള വിഷയത്തിൽ തങ്ങളുടെ ഭാഗം വിജയിപ്പിക്കുന്നതിന് വേണ്ടി ജാതി കാർഡ് ഇറക്കേണ്ട കാര്യം ഇല്ലായിരുന്നുവെന്ന് സംവിധായകൻ അഭിപ്രായപ്പെടുന്നു. വിവാദങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സന്തോഷ് ആരോപിച്ചു. ഒരാളുടെ വ്യക്തിപരമായ പ്രൊമോഷന് വേണ്ടിയോ, ആ വ്യക്തി അഭിനയിച്ച സിനിമയുടെ പ്രൊമോഷന് വേണ്ടിയോ, അല്ലെങ്കിൽ ടിനി ടോമിന്റെ രാഷ്ട്രീയം പൊതുമണ്ഡലത്തിൽ വെളിപ്പെടുത്തിയതിന്റെ വൈരാഗ്യം മൂലമോ തയ്യാറാക്കിയ ഒരു ഗൂഢാലോചന ഇതിന്റെ പിന്നിലുണ്ടെന്നാണ് സന്തോഷ് മോഹന്റെ ആരോപണം.
'പൊലീസ് ഡേ' സിനിമയുടെ സെറ്റിൽ വച്ച് പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിന്റെ മകനായ ശ്രീകൈലാസിനെ (ശ്രീക്കുട്ടൻ) താൻ മതം മാറ്റാൻ ശ്രമിച്ചുവെന്ന് ടിനി ടോം പ്രചരിപ്പിച്ചുവെന്നാണ് അൻസിബയുടെ ആരോപണം. എന്നാൽ, ആ സമയത്ത് ശ്രീകൈലാസ് നൊയമ്പ് പിടിച്ചിരുന്നു എന്ന് പ്രൊഡക്ഷൻ ടീമിന്റെ അടുത്ത് പറഞ്ഞിരുന്നില്ലെന്ന് സന്തോഷ് കുറിപ്പിൽ പറയുന്നു. മറ്റുള്ളവരുമായി ഒരു ബന്ധവും ഇല്ലാതിരുന്ന അൻസിബ മാത്രം ഇതെങ്ങനെ അറിഞ്ഞു. ടിനി ടോം സെറ്റിൽ ജോയിൻ ചെയ്തപ്പോൾ പെരുന്നാൾ കഴിഞ്ഞിരുന്നു. അങ്ങനെയൊരു വിഷയം ഉണ്ടായെങ്കിൽ ആ വിവരം കുടപ്പനക്കുന്ന് രാജീവ് അല്ലെങ്കിൽ ശ്രീകൈലാസ് പറയാതെ ടിനി അറിയില്ലെന്നും സന്തോഷ് മോഹൻ പറയുന്നു.
തീക്കൊള്ളി കൊണ്ട് ചൊറിയരുത്
ഞാൻ പറഞ്ഞു വരുന്നത് അൻസിബ ഹസനും ടിനി ടോമും തമ്മിൽ എന്റെ സിനിമയുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട് ഉടലെടുത്തു എന്ന് പറയുന്ന ചില വിഷയങ്ങളുടെ സത്യാവസ്ഥ ബോധിപ്പിക്കാൻ ആണ്.
കഴിഞ്ഞ ദിവസങ്ങളിൽ എന്റെ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിന്റെ മകനായ ശ്രീക്കുട്ടനെ മാധ്യമങ്ങൾ വിളിച്ചു കുറച്ചു കാര്യങ്ങൾ ചോദിക്കുകയുണ്ടായി. അതിൽ 'പൊലീസ് ഡേ'യുടെ ഷൂട്ടിങ്ങിന്റെ ഇടയിൽ ശ്രീക്കുട്ടനെ കൊണ്ട് അൻസിബ ഹസൻ നൊയമ്പ് പിടിപ്പിക്കാൻ പ്രോത്സാഹിപ്പിച്ചു എന്നും അൻസിബ ഹസൻ മതം മാറ്റാൻ ശ്രമിച്ചു എന്നും ആയുള്ള വിവരം പരാതി ആയി ടിനി ടോമിന്റെ അടുത്ത് രാജീവ് പറഞ്ഞെന്നും ആ വിവരം ടിനി ടോം ഏതോ ഗ്രൂപ്പിൽ ഇട്ടു എന്നുമാണ് ഇവിടെ വിഷയമായി മാധ്യമങ്ങൾ ശ്രീക്കുട്ടനോട് ചോദിച്ചത്. മാധ്യമങ്ങൾ ഒരു പക്ഷെ നിജസ്ഥിതി മനസിലാക്കാനും അവർക്ക് ഒരു നേരത്തെ വാർത്തയ്ക്ക് വേണ്ടിയും ആയിരിക്കും ചോദിച്ചത്. ഇവിടെ ആ വിഷയം എന്റെ സിനിമ സെറ്റിൽ വെച്ച് നടന്നത് കൊണ്ട് അതിന്റെ സത്യം എന്താണ് എന്ന് പൊതു ജനങ്ങളെ ബോധ്യപ്പെടുത്തണം എന്ന് എനിക്ക് തോന്നി.
അൻസിബ ഹസനും, ടിനി ടോമും 'അമ്മ'യുമായിട്ടുള്ള വിഷയത്തിൽ തങ്ങളുടെ ഭാഗം വിജയിപ്പിക്കുന്നതിന് വേണ്ടി ഇവിടെ ജാതി കാർഡ് ഇറക്കേണ്ട കാര്യം ഇല്ലായിരുന്നു. അങ്ങനെ ജാതി കാർഡ് ഇറക്കുന്നവർ അറിയുന്നില്ല നമ്മൾ ചെയ്യുന്നത് ഒരു സമൂഹത്തെ മുഴുവൻ ചാമ്പലാക്കാൻ പോന്ന മഹാ ജ്വാലയുടെ തീപ്പൊരി ആണെന്ന്.
ഇതിന്റെ പിന്നിൽ വലിയ ഗൂഡാലോചന ഉണ്ട്
1. ഈ പറയുന്ന ശ്രീക്കുട്ടൻ എന്റെ സെറ്റിൽ നാലോ അഞ്ചോ ദിവസം ജോലിക്ക് നിന്നപ്പോൾ അവന്റെ ലക്ഷ്യം പണി പഠിക്കലല്ല എന്ന് മനസിലാക്കിയപ്പോൾ ഞാൻ പറഞ്ഞു വിട്ടു.
2. അൻസിബ ഹസൻ സെറ്റിൽ വന്നാൽ തന്നെ മറ്റൊരുമായും സഹകരണം ഇല്ലായിരുന്നു.
3.നൊയമ്പ് മുറിക്കാൻ എല്ലാവർക്കും പ്രൊഡക്ഷൻ ടീം തന്നെ സൗകര്യം ഒരുക്കിയിരുന്നു.
4. ആ സമയത്ത് ശ്രീക്കുട്ടൻ നൊയമ്പ് പിടിച്ചിരുന്നു എന്ന് പ്രൊഡക്ഷൻ ടീമിന്റെ അടുത്ത് പറഞ്ഞിരുന്നില്ല.
5. പ്രൊഡക്ഷൻ ടീമിനോ, സെറ്റിലുള്ള മാറ്റാർക്കോ, അറിയാത്ത കാര്യം എങ്ങനെ മറ്റുള്ളവരുമായി ഒരു ബന്ധവും ഇല്ലാതിരുന്ന അൻസിബ മാത്രം അറിഞ്ഞു.
6.അൻസിബ ഒരു പക്ഷെ അവന് നൊയമ്പ് മുറിക്കാൻ ഫ്രൂട്സ് കൊടുത്തിട്ടുണ്ട് എങ്കിൽ അതിനെ ആരാണ് തെറ്റായി വ്യാഖ്യാനിച്ചത്.
7.കാരണം അങ്ങനെ ഒരു വിഷയം അവിടെ ഉണ്ടായിരിന്നു എങ്കിൽ ആ വിവരം കുടപ്പനാക്കുന്ന് രാജീവ് അല്ലെങ്കിൽ ശ്രീക്കുട്ടൻ, ഇവർ പറയാതെ ടിനി അറിയില്ല. കാരണം ടിനി ടോം നമ്മുടെ സെറ്റിൽ ജോയിൻ ചെയ്തപ്പോൾ പെരുന്നാൾ കഴിഞ്ഞിരുന്നു.
ഇതിൽ എന്റെ സംശയം ടിനി ടോമിനെ മനഃപൂർവം കരി വാരിത്തേക്കാൻ 'അമ്മ'യിൽ തന്നെ ഗൂഢാലോചന നടക്കുന്നു.
അല്ലെങ്കിൽ എന്തിന് ഈ വിഷയം ആയി ബന്ധപ്പെട്ട് മാല പാർവതി കുടപ്പനക്കുന്ന് രാജീവിനെ വിളിച്ചു? ആരാണ് ഈ വിവരം മാധ്യമങ്ങൾക്ക് ചോർത്തിയത്?
എന്തുകൊണ്ട് മാധ്യമങ്ങൾ 'പൊലീസ് ഡേ'യുടെ സംവിധായകൻ എന്ന നിലയ്ക്ക് എന്നെ വിളിക്കാതെ ഈ വാർത്ത വെളിയിൽ വിട്ടു. അങ്ങനെ ഒരു വാർത്ത വെളിയിൽ വിടാൻ ടിനി ടോമിന് എതിരെ എന്താ തെളിവ് കിട്ടിയത്.
എന്റെ ബലമായ സംശയം ഒരാളുടെ വ്യക്തിപരമായ പ്രൊമോഷന് വേണ്ടിയോ ആ വ്യക്തി അഭിനയിച്ച സിനിമയുടെ പ്രൊമോഷന് വേണ്ടിയോ, അല്ലെങ്കിൽ ടിനി ടോമിന്റെ രാഷ്ട്രീയം പൊതു മണ്ഡലത്തിൽ വെളിപ്പെടുത്തിയതിന്റെ വൈരാഗ്യം മൂലമോ തയ്യാറാക്കിയ ഒരു ഗൂഢാലോചന ഇതിന്റെ പിന്നിൽ ഉണ്ട്. അത് എന്തായാലും ഒരു കലാകാരന്റെ ജീവിതം തകർത്തുകൊണ്ടുള്ള കളിയിൽ മതം കടത്തി വിട്ടത് ആധുനിക സമൂഹത്തിന് നല്ലത് അല്ല. തീക്കൊള്ളി കൊണ്ട് ചൊറിയാതിരിക്കുന്നത് ആണ് എല്ലാവർക്കും നല്ലത്.