മഹാരാജാസിലെ സലിം കുമാര്‍; ഒരു ഓര്‍മക്കുറിപ്പ്

ക്യാമ്പസിലെ തമാശക്കാരൻ, എന്നും സുഹൃത്തുക്കളെ ചിരിപ്പിച്ചുകൊണ്ട് അയാൾ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു...
സലിം കുമാർ
സലിം കുമാർSource: Files
Published on
Updated on

എറണാകുളം മഹാരാജാസ് കോളേജിലെ പഠന കാലമായിരുന്ന 1993-94 വർഷം മുതൽ സലിം കുമാറിനെ അറിയാം. അക്കാലത്ത് വലിയ അടുപ്പം കാണിച്ചിരുന്നില്ല. എന്റെ സീനിയറായിരുന്നു. അദ്ദേഹം. ഞങ്ങളുടെ ക്യാമ്പസിലെ തമാശക്കാരൻ, എന്നും സുഹൃത്തുക്കളെ ചിരിപ്പിച്ചുകൊണ്ട് അയാൾ എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു. പതിവായി ക്ലാസ് മുറികളിൽ കണ്ടിരുന്നില്ല. ഇടയ്ക്ക് ക്യാമ്പസിൽ ചുറ്റിക്കറങ്ങും. എം.ജി. യൂണിവേഴ്സിറ്റി കലോത്സവത്തിൽ മിമിക്രിയിൽ സലിം കുമാർ ഒന്നാമനായിരുന്നു.

ബി.എ. മലയാളം വിദ്യാർഥിയായിരുന്നു സലിം കുമാർ. കെ.ജി.ശങ്കരപ്പിള്ള, സി.ആർ. ഓമനക്കുട്ടൻ, കെ.എസ്. റെക്സ്, സി. അയ്യപ്പൻ തുടങ്ങിയ മലയാളത്തിലെ പ്രമുഖ അധ്യാപകരായിരുന്നു സലിം കുമാറിന്റെയും പ്രിയപ്പെട്ട അധ്യാപകർ. ഇന്ന് മലയാള സിനിമയിൽ തിളങ്ങുന്ന സംവിധായകരും, നടന്മാരും, രാഷ്ട്രീയ നേതാക്കളും അക്കാലത്ത് സലിം കുമാറിന്റെ സമകാലികരായ മഹാരാജാസുകാരായിരുന്നു. സംവിധായകരായ അമൽ നീരദ്, രാജീവ് രവി, അൻവർ റഷീദ്, സമീർ താഹിർ, വിനോദ് വിജയൻ ഗായകൻ ബിജു നാരായണൻ എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ, രാഷ്ട്രീയ പ്രമുഖരായ ദീപ്തി മേരി വർഗ്ഗീസ്, സിന്ധു ജോയ് അങ്ങനെ ഒത്തിരി കലാ-സാംസ്കാരിക-സാമൂഹിക-മാധ്യമ രംഗത്തെ നിരവധി പ്രമുഖർ സലിം കുമാറിന്റെ സഹപാഠികളായിരുന്നു.

സലിം കുമാർ
"ആ പാട്ടിൽ എനിക്കൊപ്പമുള്ള എല്ലാവരും മരിച്ചു പോയവരാണ്, അടുത്തത് ഞാനാണേ..."

സലിം കുമാര്‍ സിനിമയിൽ എത്തിയപ്പോൾ ഞാൻ പല സിനിമകളിലും പിആർ ഒ ആയി ജോലി ചെയ്തിരുന്നു. അദ്ദേഹം അഭിനയിക്കുന്ന നിരവധി സിനിമകളുടെ ചിത്രീകരണ വാർത്തകള്‍ റിപ്പോർട്ടു ചെയ്തിരുന്നു. സലിം കുമാറിന്റെ പറവൂരിലെ പുതിയ വീടിനെക്കുറിച്ച് ഒരു ഫീച്ചറും അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂയും എടുത്തിരുന്നു. അതെല്ലാം നല്ല ഓർമ്മകൾ. അദ്ദേഹത്തിന്റെ ചിരിയും , സ്നേഹപ്രകടനനങ്ങളും ഇന്നും ഹൃദയത്തിലുണ്ട്.

പഠനവും, കലാജീവിതവും കഴിഞ്ഞ് സലിംകുമാർ പിന്നീട് സിനിമയിൽ സജീവമായതോടെ വളരെ തിരക്കേറിയ താരമായി മാറി. രാജ്യത്തെ മികച്ച നടനായി അംഗീകരിക്കപ്പെട്ടു. നൂറു കണക്കിന് അനശ്വര കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. ആദ്യ കാലങ്ങളിൽ തമാശ താരമായിരുന്നെങ്കിലും, തുടർന്ന് കരുത്തുറ്റ കഥാപാത്രങ്ങൾക്ക് പിറവികൊടുത്തു. സംവിധായകനായും ശ്രദ്ധിക്കപ്പെട്ടു. കാലം മറക്കാത്ത നിരവധി കഥാപാത്രങ്ങൾ സിനിമയിൽ അവശേഷിപ്പിച്ചാണ് സലിം കുമാർ കടന്നുപോകുന്നത്.

പഠന കാലത്ത് കെ.എസ് യു പ്രവർത്തകനായിരുന്നു. ആ രാഷ്ട്രീയ നിലപാട് തുടര്‍ന്നു. നിലപാടുകൾ തുറന്നു പറയുവാൻ സലിം കുമാർ ആർജവം കാണിച്ചിരുന്നു. മിമിക്രിയിലൂടെയാണ് കലാ ജീവിതം സജീവമാക്കിയത്. ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര ലോകത്ത് ശ്രദ്ധേയനായി. ലാൽ ജോസ് സംവിധാനം ചെയ്ത 'അച്ഛനുറങ്ങാത്ത വീട്' എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി വിളിച്ചോതുന്നതായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സർക്കാരിന്റെ രണ്ടാമത്തെ മികച്ച നടനുള്ള പുരസ്കാരം സലിം കുമാറിനു ലഭിച്ചു. 'ആദാമിന്റെ മകൻ അബു' എന്ന ചിത്രത്തിലെ അഭിനയത്തിനു 2010-ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും 2010-ലെ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം നേടി.

സലിം കുമാർ
'ടൈമിങ് ഇല്ലെന്നു' പറഞ്ഞ് ഒഴിവാക്കി, കരഞ്ഞുകലങ്ങി മടക്കയാത്ര; കാലം പിന്നീട് സലിം കുമാറിനായി കാത്തിരുന്നു

മഹാത്മാഗാന്ധി സർവ്വകലാശാല യുവജനോത്സവത്തിൽ മി​​മി​​ക്രി​​യി​​ൽ മൂന്നു തവണ വിജയിയായിരുന്നു. സലിം കുമാർ തന്റെ മിമിക്രി ജീവിതം ആരംഭിച്ചത് കൊച്ചിൻ കലാഭവനിലാണ്. പിന്നീട് ഇദ്ദേഹം കൊച്ചിൻ സാഗർ എന്ന മിമിക്രി ഗ്രൂപ്പിൽ ചേർന്നു. ഇഷ്ടമാണ് നൂറു വട്ടം എന്ന സിനിമയാണ് ഇദ്ദേഹത്തിന്റെ ആദ്യ ചിത്രം. സിദ്ധിക്ക് ഷമീറായിരുന്നു ഈ സിനിമയുടെ സം‌വിധായകൻ. സലിം കുമാർ കഥ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായിരുന്നു ‘കറുത്ത ജൂതൻ’. വർഷങ്ങൾക്ക് മുൻപ് ഇസ്രായേലിൽ നിന്നും പ്രാണരക്ഷാർത്ഥം കേരളത്തിലെ മുസരീസ് (കൊടുങ്ങല്ലൂർ) തുറമുഖത്ത് എത്തുകയും 2500 വർഷക്കാലം മലയാള മണ്ണിൽ ജീവിതം കഴിച്ചുകൂട്ടി , സ്വാതന്ത്രാനന്തര ഇസ്രായേൽ ഭരണകൂടത്തിന്റെ വിളി വന്നപ്പോൾ വാഗ്ദത്തഭൂമിയിലേക്ക് മടങ്ങിപ്പോയ മലബാറി ജൂതന്മാരുടെ അഥവാ കറുത്ത ജൂതന്മാരില്‍ ഒരാളുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇപ്പോൾ നിലവിലുള്ള മാള പോസ്റ്റ് ഓഫീസ് പണ്ട് ഒരു ജൂതന്റെ വീടായിരുന്നു എന്ന് സലിം കുമാർ അറിഞ്ഞപ്പോൾ അത് അന്വേഷിച്ചറിയാനുള്ള കൗതുകമാണ് ‘കറുത്ത ജൂതൻ ‘ എന്ന സിനിമയായി പരിണമിച്ചത്.

മലയാള സിനിമ ചരിത്രത്തിൽ സ്വന്തം വിലാസം സ്വയം എഴുതിയിട്ടാണ് സലിം കുമാർ കടന്നുപോകുന്നത്. എത്രയോ സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായി. മലയാളി ഒരിക്കലും മറക്കാത്ത ചിരികൾ മാത്രം.

News Malayalam 24x7
newsmalayalam.com