

കൊച്ചി: മലയാളത്തിൽ ട്രെൻഡ് സെറ്ററായി മാറിയ ചിത്രമാണ് 'പ്രേമലു'. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. നസ്‌ലൻ, മമിത ബൈജു, സംഗീത് പ്രതാപ് എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. തെലുങ്കിലേക്ക് മൊഴിമാറ്റി എത്തിയപ്പോഴും മികച്ച അഭിപ്രായം നേടിയെടുക്കാൻ 'പ്രേമലു'വിന് സാധിച്ചിരുന്നു. ഇപ്പോഴിതാ, സിനിമയുടെ ഹിന്ദി റീമേക്ക് ഒരുങ്ങുകയാണ്.
ഡിഗ്രി കഴിഞ്ഞ് തൊഴിൽ അന്വേഷിച്ച് ഹൈദരാബാദിൽ എത്തുന്ന സച്ചിൻ സന്തോഷ് എന്ന കഥാപാത്രത്തെയാണ് 'പ്രേമലു'വിൽ നസ്‌ലൻ അവതരിപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, യുവനടന്‍ വീര്‍ പഹാരിയയാണ് ഹിന്ദിയിൽ ഈ വേഷം ചെയ്യുന്നത്. എന്നാൽ, ഡിഗ്രി കഴിഞ്ഞിറങ്ങിയ കൊച്ചുപയ്യന്റെ റോൾ നടന് ചേരില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ അഭിപ്രായപ്പെടുന്നത്. വീറിന്റെ പ്രായമാണ് ഇവരെ ചൊടിപ്പിച്ചത്. '32 വയസുള്ള സച്ചിനെ' അംഗീകരിക്കാൻ പറ്റില്ലെന്നാണ് ഇവരുടെ വിമർശനം.
റിപ്പോർട്ടുകൾ പ്രകാരം, ആഫിയ സയിദ് ആണ് മമിതയുടെ കഥാപാത്രം ഹിന്ദിയിൽ അവതരിപ്പിക്കുന്നത്. ഷാരൂഖ് ഖാൻ ചിത്രം 'ജവാന്റെ' കോ-പ്രൊഡ്യൂസർ എന്ന നിലയിൽ ശ്രദ്ധേയനായ ഗൗരവ് വർമയാണ് ഈ ചിത്രം നിർമിക്കുന്നത്. സിനിമയുടെ ഷൂട്ടിങ് ഉടൻ ആരംഭിക്കും. ഡൽഹിയിലാകും പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുക. 45 ദിവസത്തെ ഷൂട്ടിങ് ഷെഡ്യൂളാണ് ഡൽഹിയിൽ അണിയറപ്രവർത്തകർ ആസൂത്രണം ചെയ്യുന്നത്. സിനിമയുടെ സംവിധായകൻ, റിലീസ് തീയതി, മറ്റ് അഭിനേതാക്കൾ എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.