സഞ്ജുവിന് ഒപ്പം ഫോട്ടോ എടുക്കാൻ സാധിച്ചതിൽ അഭിമാനം: പ്രിയദർശൻ

സിനിമയോടെന്ന പോലെ ക്രിക്കറ്റിനോടും അതീവ താൽപ്പര്യമുള്ള വ്യക്തിയാണ് പ്രിയദർശൻ
സഞ്ജു സാംസണിന് ഒപ്പം പ്രിയദർശൻ
സഞ്ജു സാംസണിന് ഒപ്പം പ്രിയദർശൻSource: Instagram / priyadarshan.official
Published on
Updated on

ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് ഒപ്പമുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് സംവിധായകൻ പ്രിയദർശൻ. സഞ്ജുവിനൊപ്പം ഫോട്ടോ എടുക്കാൻ കഴിഞ്ഞത് ഏതൊരു മലയാളി ക്രിക്കറ്റ് പ്രേമിയെപ്പോലെയും അഭിമാനം തോന്നുന്ന കാര്യമാണെന്നാണ് ചിത്രത്തിനൊപ്പം സംവിധായകൻ കുറിച്ചത്.

"ഒരു മലയാളി എന്ന നിലയ്ക്കും ക്രിക്കറ്റ് പ്രേമി എന്ന നിലയ്ക്കും സഞ്ജു സാംസണിന് ഒപ്പം ഒരു പടം എടുക്കാൻ പറ്റിയതിൽ എനിക്ക് അഭിമാനമുണ്ട്. എല്ലാ മലയാളി ക്രിക്കറ്റ് ആരാധകരും അഭിമാനിക്കുന്ന നിമിഷം," എന്നാണ് ഫോട്ടോയ്‌ക്കൊപ്പം പ്രിയദർശൻ കുറിച്ചത്.

സഞ്ജു സാംസണിന് ഒപ്പം പ്രിയദർശൻ
പ്രിയദർശന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്; 240 കോടിയും കടന്ന് 'ഭൂത് ബംഗ്ല' കളക്ഷൻ

സിനിമയോടെന്ന പോലെ ക്രിക്കറ്റിനോടും അതീവ താൽപ്പര്യമുള്ള വ്യക്തിയാണ് പ്രിയദർശൻ. കോളേജ് കാലത്ത് ക്രിക്കറ്റ് ആയിരുന്നു പ്രിയന്റെ പ്രധാന വിനോദം. പന്ത് കണ്ണിൽ കൊണ്ട് പരിക്കേറ്റതിനെ തുടർന്നാണ് സംവിധായകൻ ക്രിക്കറ്റ് കളി ഉപേക്ഷിച്ചത്. എന്നാൽ ക്രിക്കറ്റിനോടുള്ള പ്രിയദർശന്റെ പ്രിയത്തിന് ഇന്നും ഒരു കോട്ടവും തട്ടിയിട്ടില്ല.

അതേസമയം, അക്ഷയ് കുമാർ നായകനായ 'ഭൂത് ബംഗ്ല'യാണ് പ്രിയദർശൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം. സംവിധായകന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് ചിത്രം. 26 ദിവസം കൊണ്ട് 243 കോടിയാണ് ചിത്രം ആഗോളതലത്തിൽ സ്വന്തമാക്കിയത്.

14 വർഷത്തിന് ശേഷം പ്രിയദർശനും അക്ഷയ് കുമാറും ഒന്നിച്ച ചിത്രമാണ് 'ഭൂത് ബംഗ്ല'. 2010ൽ പുറത്തിറങ്ങിയ ‘ഖാട്ടാ മീട്ട’യാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം. അക്ഷയ് കുമാറിനൊപ്പം വമിഖ ഗബ്ബി, തബു, പരേഷ് റാവല്‍, ഗോവർദ്ധൻ അസ്രാനി, രാജ്‍പാൽ യാദവ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

News Malayalam 24x7
newsmalayalam.com