

ന്യൂ ഡൽഹി: ആദിത്യ ധർ സംവിധാനം ചെയ്ത 'ധുരന്ധർ: ദ റിവഞ്ച്' എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ ജമീൽ ജമാലി എന്ന കഥാപാത്രത്തിലൂടെ വലിയ പ്രശംസ ഏറ്റുവാങ്ങുകയാണ് മുതിർന്ന ബോളിവുഡ് നടൻ രാകേഷ് ബേദി. ജമാൽ ജമീലി മീമുകൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്ങാണ്. ഇപ്പോഴിതാ, തന്റെ അഭിനയം ഇത്രയധികം ചർച്ചയാകുന്നത് ഇതാദ്യമല്ലെന്ന് പറയുകയാണ് നടൻ.
80കളിൽ വൻ വിജയമായ കമൽ ഹാസൻ ചിത്രത്തെക്കുറിച്ചാണ് രാകേഷ് ബേദി സംസാരിച്ചത്. "മുൻപ് 'ഏക് ദൂജെ കെ ലിയെ' എന്ന ചിത്രത്തിലെ ചക്രവർത്തി എന്ന എന്റെ കഥാപാത്രത്തിനും വലിയ ജനപ്രീതി ലഭിച്ചിരുന്നു. എന്നാൽ അത് സോഷ്യൽ മീഡിയ കാലത്തിന് മുൻപായതുകൊണ്ട്, അന്ന് ജനങ്ങൾക്കിടയിലുണ്ടായ ആ ആവേശം ഇന്നത്തെപ്പോലെ പെട്ടെന്ന് തിരിച്ചറിയപ്പെട്ടിരുന്നില്ല. ജമീൽ ജമാലിയെപ്പോലെയുള്ള ഒരു കഥാപാത്രം പ്രശസ്തമാകുമ്പോൾ ജീവിതത്തിൽ മാറ്റങ്ങൾ വരുന്നത് സ്വാഭാവികമാണ്, എങ്കിലും ഞാൻ അത് അമിതമായി ആഘോഷിക്കാറില്ല," എന്നാണ് നടൻ പറഞ്ഞത്.
കെ. ബാലചന്ദർ സംവിധാനം ചെയ്ത 'ഏക് ദൂജെ കെ ലിയെ'യിൽ കമൽ ഹാസനും (വാസുദേവൻ) രതി അഗ്നിഹോത്രിയും (സപ്ന) ആയിരുന്നു പ്രധാന വേഷങ്ങളിൽ. ചിത്രത്തിൽ 'ചക്രവർത്തി' എന്ന സുപ്രധാന വേഷത്തിലാണ് രാകേഷ് ബേദി എത്തിയത്. 1981ൽ റിലീസ് ആയ ചിത്രം ബോക്സ് ഓഫീസിൽ സൂപ്പർ ഹിറ്റായിരുന്നു. "തേരേ മേരേ ബീച്ച് മേ" എന്ന ഗാനവും ചിത്രത്തിലെ വൈകാരികമായ കഥാപരിസരവും ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.
'ധുരന്ധറി'ലെ ജമീൽ ജമാലി എന്ന കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പുകളെപ്പറ്റിയും രാകേഷ് ബേദി സംസാരിച്ചു. "പാകിസ്ഥാനിലെ നേതാക്കൾ എങ്ങനെ സംസാരിക്കുന്നു, അവരുടെ ശരീരഭാഷ എങ്ങനെയാണ്, അവരുടെ ശൈലി എന്താണ് എന്നിവ മനസിലാക്കാൻ ഞാൻ ശ്രമിച്ചു. അതിനുവേണ്ടി കുറച്ച് പ്രയത്നിച്ചു. ജമീൽ ജമാലി എന്നത് ഒരു കോമഡി സ്വഭാവമുള്ള കഥാപാത്രമാണെങ്കിലും, ഒരു സ്റ്റാൻഡ്-അപ്പ് കൊമേഡിയന് ആ വേഷം കൃത്യമായി ചെയ്യാൻ സാധിക്കുമെന്ന് ഇതിനർത്ഥമില്ല. അത് തികച്ചും വ്യത്യസ്തമായ അഭിനയശൈലിയാണ്," രാകേഷ് ബേദി പറഞ്ഞു.
അതേസമയം, സ്പൈ ആക്ഷൻ ത്രില്ലറായ 'ധുരന്ധർ: ദ റിവഞ്ച്' ആഗോളതലത്തിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്. ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിൽ രൺവീർ സിംഗ്, അർജുൻ രാംപാൽ, സഞ്ജയ് ദത്ത്, ആർ. മാധവൻ തുടങ്ങിയ വൻ താരനിരയാണ് അണിനിരക്കുന്നത്. ഇതുവരെ ഏകദേശം 1,254.9 കോടി രൂപയാണ് ചിത്രം ആഗോളതലത്തിൽ കളക്ട് ചെയ്തത്.