

മുംബൈ: 'ഡോൺ 3' വിവാദത്തിൽ ബോളിവുഡ് താരം രൺവീർ സിംഗിനെ പിന്തുണച്ച് സംവിധായകൻ രാം ഗോപാൽ വർമ. നടനെ വിലക്കിയ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസിന്റെ (FWICE) നടപടിയെ സംവിധായകൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഈ സംഘടന കാലഹരണപ്പെട്ട സംവിധാനമാണെന്നും അത് നിരോധിക്കണമെന്നും രാം ഗോപാൽ വർമ സമൂഹമാധ്യമത്തിൽ കുറിച്ചു.
"രൺവീർ സിംഗിനെ അല്ല 'FWICE'നെയാണ് വിലക്കേണ്ടത്. വിലക്ക് അല്ലെങ്കിൽ ഗാന്ധിജിയുടെ ശൈലിയിൽ നിസഹകരണം എന്ന് വിളിക്കപ്പെടുന്ന ഈ നീക്കം, ഒടുവിൽ FWICE നെ പരിഹാസ്യരാക്കും. അവർ അവകാശപ്പെടുന്നത് പോലെ ഇത് സിനിമാ വ്യവസായത്തിന്റെയോ തൊഴിലാളികളുടെയോ സംരക്ഷണത്തിന് വേണ്ടിയുള്ളതല്ല. തങ്ങളുടെ പിടിത്തം കൈവിട്ടുപോകാതിരിക്കാൻ വേണ്ടി, തീർത്തും കാലഹരണപ്പെട്ട ഒരു യൂണിയൻ സംവിധാനം നടത്തുന്ന വെറും ശക്തിപ്രകടനമാണ്," എന്നാണ് ആർജിവി എക്സിൽ കുറിച്ചത്.
'ധുരന്ധർ' എന്ന ചിത്രത്തിലൂടെ രൺവീർ നേടിയ വൻ വിജയത്തിൽ ഭയന്നുവിറച്ചിരിക്കുന്ന ചില നടന്മാർ ഉൾപ്പെടെയുള്ള, പ്രത്യേക അജണ്ടയുള്ള ഒരു കൂട്ടം ആളുകൾ സ്വകാര്യമായി ഒത്തുചേർന്ന് മുൻകൂട്ടി നിശ്ചയിച്ചതാണ് ഈ വിലക്കെന്നും രാം ഗോപാൽ വർമ ആരോപിച്ചു. 'ഡോൺ 3' സിനിമയുടെ നിർceതാവിന് അത്ര വലിയ അനീതിയാണ് സംഭവിച്ചതെങ്കിൽ, രൺവീറിനൊപ്പം ഇനി ജോലി ചെയ്യരുതെന്ന് തീരുമാനിക്കേണ്ടത് FWICE അല്ലെന്നും ഇൻഡസ്ട്രിയിലെ മറ്റ് നിർമാതാക്കളാണെന്നും ആർജിവി ദീർഘമായ പോസ്റ്റിൽ കുറിക്കുന്നു.
ഫർഹാൻ അക്തർ ചിത്രം 'ഡോൺ 3'യിൽ നിന്ന് അവസാന നിമിഷം അപ്രതീക്ഷിതമായി പിന്മാറിയത് ചൂണ്ടിക്കാട്ടിയാണ് രൺവീർ സിംഗിനെ ഫെഡറേഷൻ വിലക്കിയത്. ഇന്ത്യൻ ഫിലിം & ടെലിവിഷൻ ഡയറക്ടേഴ്സ് അസോസിയേഷനിൽ നടനെതിരെ ഫർഹാൻ പരാതി നൽകിയിരുന്നു. ഇത് അടിസ്ഥാനമാക്കിയാണ് താരത്തിനെതിരെ ഫെഡറേഷൻ നടപടി സ്വീകരിച്ചത്.
സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കെ രൺവീർ സിംഗ് പിന്‍മാറിയത് തങ്ങൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്നാണ് ഫർഹാൻ അക്തറിന്റെ നിർമാണ കമ്പനിയായ എക്‌സൽ എന്റർടെയ്ൻമെന്റിന്റെ ആരോപണം. നടനുമായി കരാറുണ്ടെന്നും 45 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ഇവരുടെ ആവശ്യം. തർക്കത്തിൽ തന്റെ ഭാഗം വിശദീകരിക്കാൻ ആവശ്യപ്പെട്ട് മൂന്ന് തവണ ഔദ്യോഗികമായി നോട്ടീസ് നൽകിയിട്ടും നടൻ പ്രതികരിച്ചില്ലെന്ന് ഫെഡറേഷനും ചൂണ്ടിക്കാട്ടിയിരുന്നു.