

ആദിത്യ ധർ ചിത്രം 'ധുരന്ധർ 2'വിനെ പ്രശംസിക്കുന്നവരിൽ മുൻനിരയിലുള്ള വ്യക്തിയാണ് സംവിധായകൻ രാം ഗോപാൽ വർമ. 'ധുരന്ധർ' സിനിമകളുടെ ക്രാഫ്റ്റിനെയും കഥപറച്ചിൽ രീതിയേയും പലകുറി ആർജിവി പുകഴ്ത്തിയിരുന്നു. എന്നാൽ, ഈ ചിത്രത്തിലെ ഒരു ഘടകത്തോട് താൻ വിയോജിക്കുന്നതായി രാം ഗോപാൽ വർമ വെളിപ്പെടുത്തി. ഹുസൈൻ സെയ്‌ദിയുടെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്.
'ധുരന്ധർ 2'വിലെ ദാവൂദ് ഇബ്രാഹിമിന്റെ ചിത്രീകരണത്തോടാണ് രാം ഗോപാൽ വർമയ്‌ക്ക് എതിരഭിപ്രായമുള്ളത്. "ഞാൻ വിയോജിക്കുന്ന ഒരേ ഒരു കാര്യം അതാണ്. അവർക്ക് അവരുടേതായ സോഴ്സസ് ഉണ്ടാകും. പക്ഷേ, തെറ്റായ രീതിയിലാണ് അവർ കാണിച്ചിരിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്," ആർജിവി പറഞ്ഞു.
പാകിസ്ഥാനിൽ ഇരുന്ന് ഇന്ത്യയിൽ ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന 'ബഡാ സാഹിബ്' ആയാണ് ദാവൂദിനെ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ, തനിക്ക് അറിയാവുന്ന കാര്യങ്ങളുമായി ഇത് ഒത്തുപോകുന്നില്ലെന്ന് സംവിധായകൻ പറയുന്നു.
ദാവൂദ് ഇബ്രാഹിം ഇപ്പോൾ സജീവമല്ലെന്നും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നുമാണ് താൻ കേട്ടിട്ടുള്ളതെന്ന് ആർജിവി വ്യക്തമാക്കി. ഏകദേശം 20 വർഷം മുമ്പ് തന്നെ ദാവൂദ് ക്രിമിനൽ പ്രവർത്തനങ്ങളിൽ നിന്ന് വിരമിച്ചതായാണ് താൻ വിശ്വസിക്കുന്നതെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. സിനിമയിലെ ചിത്രീകരണം ശരിയാണെന്ന് തെളിയിക്കാൻ സംവിധായകനോ, തെറ്റാണെന്ന് സ്ഥാപിക്കാൻ മറ്റുള്ളവർക്കോ കഴിയില്ലെന്നും, ഇത്തരം വിഷയങ്ങളിൽ ആർക്കും പൂർണമായ അറിവില്ലെന്നും രാം ഗോപാൽ വർമ നിരീക്ഷിച്ചു.
മുംബൈ അധോലോകത്തെ പശ്ചാത്തലമാക്കി നിരവധി സിനിമകൾ ഒരുക്കിയ സംവിധായകനാണ് രാം ഗോപാൽ വർമ. ദാവൂദ് ഇബ്രാഹിം ഇല്ലായിരുന്നെങ്കിൽ താൻ 'സത്യ', 'കമ്പനി' എന്നിങ്ങനെയുള്ള പ്രശസ്തമായ ഗ്യാങ്‌സ്റ്റർ സിനിമകൾ നിർമിക്കില്ലായിരുന്നുവെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദാവൂദിന്റെ കഥകളായിരുന്നു തന്റെ ഉപജീവനമാർഗം. ആത്മകഥയായ 'ഗൺസ് ആൻഡ് തൈസ്' ദാവൂദ് ഇബ്രാഹിമിന് സമർപ്പിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും പബ്ലിഷർമാർ ആ പേര് നീക്കം ചെയ്യുകയായിരുന്നുവെന്നും ആർജിവി വെളിപ്പെടുത്തിയിരുന്നു.