ന്യൂ ഡൽഹി: ബോളിവുഡ് നടൻ രൺദീപ് ഹൂഡയും പങ്കാളിയും നടിയുമായ ലിൻ ലൈഷ്‌റാമും ഇന്ന് രണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഈ വിശേഷ ദിനത്തിൽ മറ്റൊരു സന്തോഷ വാർത്ത കൂടി ദമ്പതികൾ പങ്കുവച്ചു. ഒരു കുഞ്ഞ് അതിഥി കൂടി തങ്ങളുടെ ജീവിതത്തിലേക്ക് വരുന്നുവെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്.
വനപ്രദേശം എന്ന് തോന്നിക്കുന്ന ഒരിടത്ത് തീ കാഞ്ഞ് ഇരിക്കുന്ന ഫോട്ടോ പങ്കിവച്ചുകൊണ്ടാണ് ഈ സന്തോഷ വാർത്ത രൺദീപും ലിന്നും പങ്കുവച്ചത്. ഈ ചിത്രത്തിന് നൽകിയ അടിക്കുറിപ്പാണ് ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റിയത്. "രണ്ട് വർഷത്തെ സ്നേഹം, സാഹസികത, ഇപ്പോഴിതാ.. ഒരു കുഞ്ഞതിഥി ഉടൻ വരുന്നു," എന്നായിരുന്നു അടിക്കുറിപ്പ്. പോസ്റ്റിന് പിന്നാലെ ആശംസകളുമായി ആരാധകരും സ്നേഹിതരും എത്തി.
2023 നവംബറിൽ ആണ് രൺദീപ് ഹൂഡയും ലിൻ ലൈഷ്‌റാമും വിവാഹിതരായത്. മണിപ്പൂരി ആചാരപ്രകാരം ഇംഫാലിൽ വച്ചായിരുന്നു വിവാഹം. രൺദീപ് ഹൂഡയുടെ കുടുംബത്തിന് ഈ വിവാഹത്തിൽ ആദ്യം താൽപ്പര്യമില്ലായിരുന്നു. രണ്‍ദീപ് തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ജാട്ട് വിഭാഗത്തിൽ പെട്ട നടൻ ജാതിക്ക് പുറത്ത് വിവാഹം കഴിക്കുന്നതായിരുന്നു കുടുംബത്തെ അലോസരപ്പെടുത്തിയത്. എന്നാൽ, ഇത് ക്രമേണ ഇല്ലാതായി എന്നും നടൻ പറഞ്ഞിരുന്നു.
വിവാഹം കഴിക്കാൻ താൻ ഒരിക്കലും പദ്ധതിയിട്ടിരുന്നില്ല എന്നും രൺദീപ് ഹൂഡ പറഞ്ഞിരുന്നു. സ്കൂൾ പഠനകാലത്ത് തന്നെ ഒരിക്കലും വിവാഹം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്ന നടൻ ലിന്നിനെ കണ്ടുമുട്ടിയതോടെ എല്ലാം മാറിമറിഞ്ഞു.
'ജാട്ട്' ആണ് രൺദീപ് ഹൂഡ അവസാനമായി അഭിനയിച്ച ചിത്രം. ഗോപിചന്ദ് മാലിനേനി ആണ് ഈ സിനിമ സംവിധാനം ചെയ്തത്.