കൊച്ചി: ആഗോള ബോക്സ് ഓഫീസിൽ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ച ബോളിവുഡ് ചിത്രമാണ് 'ധുരന്ധർ'. സിനിമയിൽ ഉപയോഗിച്ച വിന്റേജ് ഗാനങ്ങളും ഒറിജനൽ സൗണ്ട് ട്രാക്കും പ്രേക്ഷക പ്രശംസ നേടിയിരുന്നു. പ്രത്യേകിച്ച്, ബഹ്റൈനി റാപ്പർ ഫ്ലിപ്പറാച്ചിയുടെ 'FA9LA' എന്ന ട്രാക്ക്. സിനിമയിൽ വില്ലനായി എത്തിയ അക്ഷയ് ഖന്നയുടെ നൃത്ത രംഗങ്ങൾ കൂടി ചേർന്നതോടെയാണ് ഈ ട്രാക്ക് ട്രെൻഡിങ്ങായത്.
ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാം ഭാഗം, 'ധുരന്ധർ: ദ റിവഞ്ചി'ന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ടീസറിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് പശ്ചാത്തലത്തിൽ ഉപയോഗിച്ച ഗാനമാണ്. പ്രശസ്ത അമേരിക്കൻ ഗായിക ഡോജ ക്യാറ്റിന്റെ 'AAAHH MEN!' എന്ന ഗാനമാണ് ടീസറിന്റെ പശ്ചാത്തല സംഗീതമായി ഉപയോഗിച്ചിരിക്കുന്നത്. 2025ൽ പുറത്തിറങ്ങിയ 'Vie' എന്ന ആൽബത്തിലെ ഗാനമാണിത്. ഗായികയുടെ അഞ്ചാമത്തെ സ്റ്റുഡിയോ ആൽബം ആയിരുന്നു 'Vie'.
മാർച്ച് 19നാണ് 'ധുരന്ധർ: ദ റിവഞ്ച്' തിയേറ്ററുകളിൽ എത്തുന്നത്. ആദ്യ ഭാഗം ഹിന്ദിയിൽ മാത്രമാണ് റിലീസ് ചെയ്തതെങ്കിൽ, 'ധുരന്ധർ 2' ഹിന്ദിക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിൽ റിലീസ് ചെയ്യും. ആദിത്യ ധർ തന്നെയാണ് ഈ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. രൺവീർ സിംഗ് നായകനാകുന്ന ചിത്രത്തിൽ ആർ. മാധവൻ, സഞ്ജയ് ദത്ത്, അർജുൻ രാംപാൽ, സാറാ അർജുൻ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇന്ത്യൻ ചാരസംഘടനയായ റോയുടെ പാകിസ്ഥാനിലെ രഹസ്യ ഓപ്പറേഷനുകളെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. പാക് അധോലോകത്തിൽ നുഴഞ്ഞു കയറുന്ന ഹംസ അലി മസാരി (ജസ്കിരത് സിംഗ് രാംഗി) എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രൺവീർ സിംഗ് അവതരിപ്പിക്കുന്നത്. ടീസറിൽ ജസ്കിരത് സിംഗ് എങ്ങനെ ഹംസയായി (ചാരൻ) മാറുന്നു എന്നതാണ് കാണിക്കുന്നത്. രണ്ടാം ഭാഗത്തിൽ ഈ കഥാപാത്രത്തെ കൂടുതൽ വയലന്റായിട്ടാണ് അവതരിപ്പിക്കുക എന്നാണ് 'റിവഞ്ച്' ട്രെയ്‌ലർ നൽകുന്ന സൂചന.
വികാസ് നൗലഖ ആണ് സിനിമയുടെ ഛായാഗ്രഹണം. എഡിറ്റർ - ശിവകുമാർ വി. പണിക്കർ, സംഗീതവും പശ്ചാത്തല സംഗീതവും - ശാശ്വത് സച്ച്ദേവ്, കാസ്റ്റിങ് ഡയറക്ടർ - മുകേഷ് ഛാബ്ര CSA, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - രാഹുൽ എച്ച്. ഗാന്ധി, സൗണ്ട് ഡിസൈനർ - ബിശ്വദീപ് ചാറ്റർജി, കോസ്റ്റ്യൂം ഡിസൈനർ - സ്മൃതി ചൗഹാൻ, ആക്ഷൻ ഡയറക്ടർമാർ - ഐജാസ് ഗുലാബ്, സീ യംഗ് ഓ, യാനിക്ക് ബെൻ, റമസാൻ ബുലട്ട്, കൊറിയോഗ്രാഫർ - വിജയ് ഗാംഗുലി, മ്യൂസിക് ലേബൽ - ടി-സീരീസ്.