

കൊച്ചി: വസ്തുതാവിരുദ്ധതയും മതവിദ്വേഷവും പരത്തുന്നതിൽ കുപ്രസിദ്ധി നേടിയ 'കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിന് എതിരെ ആഞ്ഞടിച്ച് റാപ്പർ വേടൻ. ഇത്രയും വെറുപ്പോടു കൂടി സിനിമ ചെയ്യാൻ പറ്റുന്നെങ്കിൽ അവർക്ക് നമ്മളോട് എന്തൊക്കെ ചെയ്യാൻ പറ്റും എന്നാണ് വേടന്റെ ചോദ്യം. മലയാളികൾ ജാഗ്രതയോടെയിരിക്കണമെന്നും എല്ലാ പ്രശ്നങ്ങളും അതിജീവിച്ചവരാണ് നമ്മളെന്നും റാപ്പർ ഓർമിപ്പിച്ചു.
"ഇത്രയും വെറുപ്പോടു കൂടി ഒരു സിനിമ ചെയ്യാൻ പറ്റുമെന്നുണ്ടെങ്കിൽ, ഇത്രയും ദേഷ്യം നമ്മളോട് കാണിക്കാൻ പറ്റുമെന്നുണ്ടെങ്കിൽ ഭാവിയിൽ അവർക്ക് നമ്മളോട് എന്തൊക്കെ ചെയ്യാൻ പറ്റും. ശ്രദ്ധിച്ച് ജീവിക്കണം. ശരിയായ രാഷ്ട്രീയ വിദ്യാഭ്യാസം നേടണം. ഇവർ ആദ്യം അടിക്കാൻ പോകുന്നത് നമ്മളെയാണ്. എനിക്ക് പാട്ടു പാടി, കാശും വാങ്ങി ഇതൊന്നും പറയാതെ പോകാം. അപ്പോൾ എനിക്ക് കൂടുതൽ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാനും പറ്റും. പക്ഷേ, നിങ്ങളെല്ലാം എന്റെ സഹമനുഷ്യരാണെന്ന് എനിക്ക് കാണാൻ പറ്റുന്നത് കൊണ്ടാണ് ഇത് പറയുന്നത്. നിങ്ങൾക്ക് അത് കാണാൻ പറ്റുന്നത് കൊണ്ടാണ് ഞാനിവിടെ പെർഫോം ചെയ്യുന്നത്.
പ്രകൃതി നമ്മളെ ഒരുപാട് തവണ പരിശോധിച്ചപ്പോഴും നമ്മൾ ഒരുമിച്ചുനിന്നു. നമ്മൾ സമാധാനമായി ജീവിക്കാൻ ശ്രമിക്കുമ്പോൾ ഇവൻമാര് ചെയ്യുന്നത് കണ്ടോ? സിനിമ കാണുമ്പോഴും രാഷ്ട്രീയം കണ്ടുകൊള്ളണം നിങ്ങൾ. അവന്മാരുടെ ഭക്ഷണ രാഷ്ട്രീയം കൊണ്ടുവന്നേക്കുവാണ് കേരളത്തിൽ," എന്നായിരുന്നു വേടന്റെ വാക്കുകൾ.
അതേസമയം, 'കേരള സ്റ്റോറി 2' ട്രെയ്‌ലർ പുറത്തിറങ്ങിയതിന് പിന്നാലെ പ്രതിഷേധം ശക്തമാകുകയാണ്. സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമർപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് സിനിമയ്ക്ക് എതിരെ കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നോട്ടീസ് അയച്ചു. നിര്‍മാതാക്കളായ സണ്‍ഷൈന്‍ പിക്‌ചേഴ്‌സും മറുപടി നല്‍കണം. ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും കാരണമായ 'ദ കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗമാണ് ' ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട്'. 'യുഎ' സർട്ടിഫിക്കറ്റാണ് ചിത്രത്തിന് സെൻസർ ബോർഡ് അനുവദിച്ചിരിക്കുന്നത്. സാധാരണ ഇത്തരം സെൻസിറ്റീവ് ആയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾക്ക് 'എ' സർട്ടിഫിക്കറ്റാണ് അനുവദിക്കുന്നത്. എന്നിട്ടും മതവിദ്വേഷം പരത്തുന്നു എന്ന ആരോപണം നേരിടുന്ന ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ് അനുവദിച്ച സിബിഎഫ്‌സി നടപടിയെ പലരും വിമർശിക്കുന്നുണ്ട്.